അഞ്ചല്‍ : കുളത്തൂപ്പുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള ചെറുകര ആര്‍ജിഎം എല്‍പി സ്കൂളില്‍ (ട്രൈബല്‍ എല്‍പി സ്കൂള്‍) വന്‍ കവര്‍ച്ച. സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ സ്ഥാപിച്ചിരുന്ന ആംബ്ലിഫയര്‍, മിക്സര്‍ യൂണിറ്റ്, സ്പീക്കറുകള്‍ എന്നിവയാണ് മോഷണം പോയത്. കഴിഞ്ഞ വെള്ളിയാഴ്ചവരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം സ്കൂള്‍ അധികൃതര്‍ സ്കൂളില്‍ എത്തിയപ്പോഴാണ് കവര്‍ച്ച വിവരം പുറത്തറിയുന്നത്.
ക്ലാസിന്റെ മുന്‍വശത്തെ ഗ്രില്ലും പൂട്ടും തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ കുളത്തൂപ്പുഴ പോലീസ് പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു.
അതേസമയം മോഷ്ടാക്കളെ വേഗത്തില്‍ പിടികൂടാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നു പിടിഎ പ്രസിഡന്റ് മനോജ് ആവശ്യപ്പെട്ടു. മുമ്പും സമാനമായി കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലന്നും അടിയന്തിരമായ ഇടപെടീല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നും മാനോജ് ആവശ്യപ്പെട്ടു.
എന്നാല്‍ പലതവണ കവര്‍ച്ച നടന്ന സ്കൂളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുകയോ സുരക്ഷ വര്‍ധിപ്പിക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. രണ്ടു ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ക്ലാസ് മുറിയുടെ മുന്‍ഭാഗത്ത് ആകെ ഉണ്ടായിരുന്നത് കട്ടികുറഞ്ഞ ഒരു ഗ്രില്‍ മാത്രമാണ്.
ശക്തിയായി ഒന്നു പിടിച്ചാല്‍ ഒപ്പം പോരുന്ന ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തിട്ടുള്ളത്. സിസിടിവി ഉള്‍പ്പടെ സ്ഥാപിച്ചു സ്കൂളില്‍ കുട്ടികളുടെയും വിലപിടിപ്പുള്ള സാധനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പഞ്ചായത്ത് പോലീസ് അധികൃതര്‍ തയാറാകണം എന്നു പൊതുപ്രവര്‍ത്തകനായ ജി. അരുണ്‍ ആവശ്യപ്പെട്ടു. ഓയില്‍പാം ഇന്ത്യ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അടുത്തിടെ വാങ്ങിയ നല്കിയ സാധനങ്ങളാണ് ഇപ്പോള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.