ന്യൂഡൽഹി: അടുത്തയാഴ്ച യാഥാർഥ്യമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ചരിത്രം കുറിക്കും. ലോകത്ത് ഇന്നേവരെയുള്ള വ്യാപാര ഇടപാടുകളുടെ മാതാവ് (മദർ ഓഫ് ഓൾ ഡീൽസ്) എന്നാണു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്‍ ഡെർ ലെയ്ൻ കരാറിനെ ഡാവോസിലെ ലോക സാന്പത്തിക ഫോറത്തിൽ വിശേഷിപ്പിച്ചത്.
ഡൽഹിയിൽ തിങ്കളാഴ്ച നടക്കുന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുലയുമാണ് മുഖ്യാതിഥികൾ. തിങ്കളും ചൊവ്വയുമായി ഡൽഹിയിൽ നടക്കുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ(ഇയു) ഉച്ചകോടിയിൽ സ്വതന്ത്ര വ്യാപാരക്കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള സുരക്ഷ, പ്രതിരോധ പങ്കാളിത്ത കരാർ മുതൽ യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ ജോലികൾക്കുള്ള ചട്ടക്കൂട് വരെയുള്ളവ ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും. യൂറോപ്യൻ യൂണിയനിലെ ചെറിയ സൈനികസംഘം റിപ്പബ്ലിക് ദിന പരേഡിൽ പങ്കാളികളുമാകും.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സന്പദ്വ്യവസ്ഥയെ ഏറ്റവും വികസിതമായ 27 രാജ്യങ്ങളുടെ വ്യാപാര ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നാഴികക്കല്ലാകും കരാർ. 2007 മുതൽ രണ്ടു പതിറ്റാണ്ടോളമായി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഇന്ത്യ- ഇയു കരാർ യാഥാർഥ്യമാകുന്നത്. 2013ൽ സ്തംഭിച്ചതിനുശേഷം 2022 ജൂണിലാണ് ചർച്ചകൾ പുനരാരംഭിച്ചത്.
ലോക ജിഡിപിയുടെ 25%
ലോക ജിഡിപിയുടെ 25 ശതമാനവും 200 കോടി ആളുകളുടെ സംയോജിത വിപണിയുമാകും ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാർ. ഇന്ത്യയും 27 വികസിതരാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനും തമ്മിൽ നിലവിൽ ശക്തമായ വാണിജ്യബന്ധമുണ്ട്. കഴിഞ്ഞ സാന്പത്തികവർഷത്തിൽ 135 ബില്യണ്‍ ഡോളർ മൂല്യമുള്ളതാണ് ഉഭയകക്ഷി വ്യാപാരം. 2026ൽ ഇയു രാജ്യങ്ങളുടെ മൊത്തം ജിഡിപി 22.52 ട്രില്യണ്‍ ഡോളറാണ്. ആഗോള സന്പദ്വ്യവസ്ഥയുടെ ആറിലൊന്നാണിത്.
വ്യാപാരക്കരാർ പങ്കാളിത്തം പരസ്പര പൂരകമാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ.