ഇസ്നിക്(തുർക്കി): ക്രിസ്ത്യൻ പാരന്പര്യത്തിന്റെ ഈറ്റില്ലമായിരുന്ന വടക്കൻ തുർക്കിയിലെ ബർസ പ്രവിശ്യയിൽപ്പെട്ട ഇസ്നികിൽ (പഴയ നിഖ്യാ) എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കുചേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇസ്നിക് തടാക തീ രത്തെ അതിപുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം സജ്ജമാക്കിയ പ്ലാറ്റ്ഫോമിലായിരുന്നു ചരിത്രപരമായ പ്രാർഥന.
സഭാചരിത്രത്തിലെ നിർണായകമായ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം പ്രമാണിച്ചു സംഘടിപ്പിച്ച പ്രാർഥനയിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ഉൾപ്പെടെ വിവിധ ക്രിസ്ത്യൻ സഭകളിൽനിന്നുള്ള 20 പ്രമുഖർ മാർപാപ്പയ്ക്കൊപ്പം പങ്കെടുത്തു.
നൈസിയൻ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം ഒരുമിച്ചു ചൊല്ലിയാണ് പ്രാർഥന അവസാനിച്ചത്. നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം പ്രമാണിച്ചു നിഖ്യാ സന്ദർശിച്ചു പ്രാർഥിക്കുകയെന്ന ഫ്രാൻസിസ് മാർപാപ്പയുടെ തീവ്രമായ ആഗ്രഹം പിൻഗാമിയായ ലെയോ മാർപാപ്പയിലൂടെ നിറവേറപ്പെട്ടു. ഇസ്താംബൂളിൽനിന്ന് അര മണിക്കൂർ നീണ്ട ഹെലികോപ്റ്റർ യാത്രയ്ക്കൊടുവിലാണ് മാർപാപ്പയും സംഘവും ഇസ്നിക്കിലെത്തിയത്. പ്രാർഥനയ്ക്കുശേഷം ഇസ്താംബൂളിലേക്കു മടങ്ങി.
ഇന്നലെ രാവിലെ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ അവർക്കൊപ്പം പ്രാർഥനയിലും പങ്കെടുത്തു. തുടർന്ന് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിന്റെ നഴ്സിംഗ് ഹോം സന്ദർശിച്ച് സന്യാസിനിമാരുമായി കൂടിക്കാഴ്ച നടത്തി.
ഇന്നു രാവിലെ ഇസ്താംബൂളിലെ ബ്ലൂ മോസ്ക് എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിക്കുന്ന മാർപാപ്പ തുടർന്ന് മോർ എഫ്രേം സിറിയക് ഓർത്തഡോക്സ് പള്ളിയിൽ പ്രദേശത്തെ ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിന്റെ ആസ്ഥാന ദേവാലയമായ സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് പാത്രിയാർ ക്കീസിന്റെ വസതിയിൽ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച.
സംയുക്ത പ്രഖ്യാപനത്തിൽ ഇരുവരും ഒപ്പിടും. ഇസ്താംബൂളിലെ ഫോ ക്സ്വാഗെൻ അരീനയിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ഇന്നത്തെ സന്ദർശന പരിപാടികൾ സമാപിക്കും. വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാൾദിനമായ നാളെ രാവിലെ അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിലും സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിലും പ്രാർഥനയിൽ പങ്കെടുക്കുന്ന മാർപാപ്പ ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലേക്കു പോകും.