ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറിയ ഒന്പത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്‍റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.
രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവർത്തകർ ജീപ്പ് തടഞ്ഞുവച്ചു.
വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്‍റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്‍റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കാലിലും ജീപ്പ് കയറി.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്‍റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ, ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.