നമ്മുടെ നാട്ടിൽ മലിനീകരണം വ്യാപകമാണ് എന്നു മാത്രമല്ല, അതിന്റെ പാർശ്വഫലങ്ങൾ ദിനംപ്രതി വർധിച്ചുവരികയും ചെയ്യുന്നു. പല മേഖലകളിലും വായു, ജലം, മണ്ണ് തുടങ്ങിയവയുടെ മലിനീകരണങ്ങൾ മനുഷ്യന്റെ നിത്യജീവിതത്തെ ബാധിക്കുന്ന തരത്തിൽ വ്യാപകമായി. സ്വാർഥതാല്പര്യത്തിലധിഷ്ഠിതമായ, പരിസ്ഥിതിയെ കണക്കാക്കാതെയുള്ള വികസനം പലരുടെയും ജീവിതം വഴിമുട്ടിക്കുന്നു. പ്രകൃതി സജ്ജീകരിച്ച വിഭവങ്ങളിൽ പുനരുത്പാദിപ്പിക്കാനാകാത്ത വിഭവങ്ങളും കഴിയുന്ന വിഭവങ്ങളുമുണ്ട്.
കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, ധാതുക്കൾ, ലോഹ അയിരുകൾ, സ്വർണം, ഇരുമ്പ്, വെള്ളി, ചെമ്പ്, യുറേനിയം, മണ്ണ്, കല്ലുകൾ തുടങ്ങിവയൊക്കെ പുനരുത്പാദിപ്പിക്കാനാകാത്തവയാണ്. സൗരോർജം, കാറ്റ്, ജലം, ഭൂമിയിലെ ചൂട്, ജൈവവസ്തുക്കൾ ഇതെല്ലാം വീണ്ടും ഉണ്ടാകുന്നവയാണ്. പുനരുത്പാദിപ്പിക്കാനാകാത്തവയുടെ ഉപഭോഗം നിയന്ത്രിക്കേണ്ടതുണ്ട്. എല്ലാവർക്കുംവേണ്ടി എല്ലാകാലത്തേക്കുമുള്ളതാണ് ഈ വിഭവങ്ങൾ. പക്ഷേ ഇന്നു സംഭവിക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാത്ത ഉപയോഗവും തന്മൂലമുള്ള മലിനീകരണവുമാണ്. ഇതിനെ നേരിടുന്നതിനായി ധാരാളം നിയമങ്ങളുണ്ട്. എന്നാൽ, ചിലർ ഇതെല്ലാം അവഗണിക്കുന്നു. ഇതെല്ലാം കാണുമ്പോൾ പ്രകൃതി മനുഷ്യനോട് എന്തു ചോദിക്കും? പ്രകൃതിക്ക് മനുഷ്യരോട് നേരിട്ടു ചോദിക്കാൻ സംവിധാനങ്ങളൊന്നുമില്ല. എന്നാൽ, പരോക്ഷമായി ചോദ്യങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു.
പ്രകൃതിയുടെ ചോദ്യങ്ങൾ
എല്ലാവർക്കും എല്ലാ കാലത്തേക്കുമായി ഏർപ്പെടുത്തിയ പുനരുപയോഗിക്കാനാകാത്ത വിഭവങ്ങൾ യാതൊരു തത്വദീക്ഷയുമില്ലാതെ ഉപയോഗിക്കുന്നതു ശരിയോ തെറ്റോ? ഇതിന്റെ ഉപയോഗത്തിൽ സംയമനം പാലിക്കേണ്ടതല്ലേ?
നാട്ടിൽ ജലജന്യ രോഗങ്ങൾ വ്യാപകമാണ്. അമീബിക് മസ്തിഷ്ക ജ്വരം എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങി വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ കൂടിവരുന്നു. ജലസ്രോതസുകളുടെ സംരക്ഷണം പ്രാധാന്യമേറിയതാണ് എന്നതാണ് ഇതിലൂടെ ലഭിക്കുന്ന സന്ദേശം. ഇതിനുവേണ്ടി എന്തു നടപടിയാണ് സ്വീകരിച്ചത്? മലിനമായ കിണർ മൂലം നിങ്ങളുടെയും അയൽവാസിയുടെയും ജലസ്രോതസുകൾ മലിനമാകുന്നതു തടയാൻ എന്തെങ്കിലും ചെയ്തോ? കിണർ സംരക്ഷണത്തിൽ പാലിക്കേണ്ട തത്വങ്ങൾ അനുസരിച്ചോ? മഴവെള്ള സംഭരണം നടപ്പാക്കണമെന്ന് സർക്കാർ നിയമുണ്ടാക്കിയത് അതനുസരിച്ചോ? ഇല്ല എന്നു മാത്രമല്ല; പകരം വളഞ്ഞവഴിയിലൂടെ തദ്ദേശ സ്വയംഭരണ ഉദോഗസ്ഥരെ സ്വാധീനിച്ച് ഏതെങ്കിലും പഴയ ഒരു ടാങ്ക് വാടകക്കെടുത്തു കാണിച്ച് ആ നിയമത്തിൽനിന്നു തടിതപ്പി പുതിയ വീടിന്റെ പെർമിറ്റ് സംഘടിപ്പിച്ചില്ലേ? വിവേകബുദ്ധി ശരിക്കു പ്രവർത്തിച്ചിരുന്നെങ്കിൽ ആ നിയമം നിങ്ങളുടെതന്നെ നന്മയ്ക്കുവേണ്ടിയാണെന്നും അത് അനുസരിക്കാതിരുന്നതു ശരിയായില്ല എന്നും ബോധ്യപ്പെട്ടേനെ. മഴവെള്ള സംഭരണം ജലലഭ്യത വർധിപ്പിച്ച് മനുഷ്യജീവിതം കൂടുതൽ സുഗമമാക്കുമായിരുന്നു എന്നു മനസിലാക്കാത്തത് നിന്റെ കഴിവുകേടല്ലേ?
മാലിന്യസംസ്കരണം
വീടിനും പരിസരത്തിനുമായി കുറച്ചു സ്ഥലം മാത്രമാണു ലഭ്യമാകുന്നത് എന്നത് സത്യം. ജീവിക്കുമ്പോൾ ധാരാളം മാലിന്യങ്ങൾ ഉണ്ടാകും എന്നതും വസ്തുത. മാലിന്യങ്ങൾ ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ചു സംസ്കരിക്കേണ്ടതായിരുന്നില്ലേ? നിങ്ങളിൽ ചിലർ വീടിന്റെ പരിസരം പൂർണമായും ടൈൽ വിരിച്ചതിനുശേഷം ഉണ്ടാകുന്ന മലിനജലം റോഡിന്റെ പാർശ്വങ്ങളിൽ മഴവെള്ളം പോകാൻ നിർമിച്ച കാനയിലേക്ക് തുറന്നുവിടുന്നില്ലേ? ആ മലിനജലം ആഴം കുറഞ്ഞ പ്രദേശത്തു സംഭരിച്ച് അടുത്തുള്ള ജലസ്രോതസുകളെ മലിനമാക്കുന്നു. നിങ്ങളുടെ സ്ഥലത്തുതന്നെ ഒന്നോ രണ്ടോ അതിലധികമോ സോക് പിറ്റുകൾ നിർമിച്ച് മലിനജലം അതിലൂടെ സംസ്കരിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും.
പക്ഷേ, സോക് പിറ്റുകൾ യഥാവിധി നിർമിക്കണം. ആഴം കുറഞ്ഞ കുഴികൾ നിർമിച്ച് സിമന്റ് ഇഷ്ടികയിൽ വിടവിട്ട് ചുറ്റും കെട്ടി അതിനുള്ളിൽ കല്ല് നിറച്ചു മലിനജലം വിട്ടാൽ അത് ബാക്റ്റീരിയയുടെ പ്രവർത്തനങ്ങൾക്ക് വിധേയമായി ഭാഗിക ശുദ്ധീകരണം നേടി പാർശങ്ങളിലേക്കു വലിഞ്ഞു പോകുന്നു. ഇതു ഫലപ്രദമായ സംവിധാനമാണ്. ഒരുപക്ഷേ കൂടുതൽ മലിനജലമുള്ള സാഹചര്യമാണെങ്കിൽ നീളം കൂടിയ സോക് പിറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഇതിനു സോക് ട്രെഞ്ചുകൾ എന്നു പറയുന്നു. ഖരമാലിന്യങ്ങൾ ബയോഗ്യാസ്, ബയോബിൻ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് സംസ്കരിച്ചു വളമാക്കി കൃഷി ചെയ്താൽ അതെല്ലാവർക്കും നന്മയുണ്ടാകുന്ന കാര്യമാണെന്നു മനസിലാക്കിയിട്ടുണ്ടോ?
മാലിന്യ സംസ്കരണം പ്രയാസമുണ്ടാക്കുന്ന കാര്യമാകുമെന്ന് എനിക്കറിയാമായിരുന്നു. അതിനാലാണ് പ്രകൃതി അതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ഓക്സിജന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും വളരുന്ന എയറോബിക്, അനെയറോബിക് ബാക്ടീരിയകൾ, ഓക്സിജൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും വളരുന്ന ഫാക്കൽറ്റേറ്റിവ് ബാക്ടീരിയകൾ, സയനൈഡ് തിന്നാൻ വരെ കഴിവുള്ള ബാക്ടീരിയകൾ, മണ്ണിരകൾ തുടങ്ങി വലിയ ഒരു സംഘംതന്നെ മാലിന്യ സംസ്കരണത്തിനായുണ്ട്. അതിനാവശ്യമായ സംവിധാനങൾ ഉണ്ടാക്കുന്നത് മനുഷ്യന്റെ ബാധ്യതയായിരുന്നു. എന്നാൽ, അത് പലരും പല സാഹചര്യത്തിലും ചെയ്തില്ല.