Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Innocence

ക്രിസ്മസ്... ശൈശവത്തിന്‍റെ നിഷ്കളങ്കതയിൽ ജീവിക്കാനുള്ള ആഹ്വാനം

ക്രി​സ്മ​സ് മ​നോ​ഹ​ര​മാ​യ ഓ​ർ​മ​യും സു​ദി​ന​വു​മാ​ണ്. യേ​ശു​​വി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് നാം ​ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ത്ര​യും ആ​ഘോ​ഷി​ക്കാ​ൻ അ​ർ​ഹ​മാ​യ, ആ​ക​ർ​ഷ​ക​മാ​യ മ​റ്റേ​തു ദി​ന​മാ​ണു​ള്ള​ത്? യേ​ശു ദൈ​വ​ത്തി​ന്‍റെ പു​ത്ര​നാ​ണ്. ദൈ​വം ന​മു​ക്കു ന​ൽ​കി​യ മ​ഹ​ത്താ​യ സ​മ്മാ​ന​വും സ​ന്ദേ​ശ​വു​മാ​ണ് യേ​ശു. എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ പ​റ​യു​ന്ന​ത്? ആ ​സ​മ്മാ​നം നി​ത്യ​ജീ​വി​ത​മാ​ണ്. ലൗ​കി​ക​ജീ​വി​ക​ളാ​യ ന​മു​ക്കു നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ട്.

ജീ​വി​തം ദുഃ​ഖ​മ​യ​മാ​ണെ​ന്ന് പ​ഴ​യ നി​യ​മ​ത്തി​ൽ സ​ഭാ​പ്ര​സം​ഗ​ക​ൻ പ​റ​യു​ന്നു​ണ്ട്. യേ​ശു മ​നു​ഷ്യ​ന്‍റെ സ​ങ്ക​ട​ങ്ങ​ൾ​ക്ക് അ​നി​ർ​വ​ച​നീ​യ​മാ​യ പ്ര​ഭാ​വ​ത്തോ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി ആ ​വാ​ക്കു​ക​ളെ കാ​ണാം.

ജീ​വി​ത​ത്തി​ന് അ​ർ​ഥ​മി​ല്ലെ​ങ്കി​ലും അ​ർ​ഥം ന​ൽ​കാ​ൻ ശേ​ഷി​യു​ള്ള ഒ​രാ​ൾ പി​റ​ക്കു​മെ​ന്ന ആ​ശ​യം സ​ഭാ​പ്ര​സം​ഗ​ക​ന്‍റെ വാ​ക്കു​ക​ളു​ടെ അ​ടി​യി​ൽ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കും. നി​ത്യ​മാ​യ ശോ​ക​ത്തെ​യും രോ​ഗ​പീ​ഡ​യെ​യും അ​തി​ജീ​വി​ക്കാ​ൻ മ​നു​ഷ്യ​ന് ഒ​രാ​ശ​യം ആ​വ​ശ്യ​മാ​യി​രു​ന്നു; പ്രാ​പ​ഞ്ചി​ക​മാ​യ ആ​വ​ശ്യ​മാ​യി​രു​ന്നു. അ​തി​ന്‍റെ നി​വൃ​ത്തി​ക്കു​വേ​ണ്ടി​യാ​ണ് യേ​ശു​ പി​റ​ക്കു​ന്ന​ത്. ഇ​തു വി​ശ്വാ​സ​ത്തി​ന് അ​ർ​ഥ​മു​ണ്ടാ​ക്കു​ക​യാ​ണ്.

ക​ണ്ടി​ട്ടും കേ​ട്ടി​ട്ടു​മി​ല്ലാ​ത്ത ഒ​രു ശ​ക്തി​യെ വി​ശ്വ​സി​ക്കു​ന്ന​തു​പോ​ലെ​യ​ല്ലി​ത്. ജീ​വി​ത​ത്തി​ലെ വേ​ദ​ന​യി​ലൂ​ടെ നാം ​സ​ഞ്ച​രി​ച്ച് അ​നു​ഭ​വി​ക്കു​ന്ന നി​ത്യ​ത​യാ​ണ് യേ​ശു. അ​വി​ട​ന്ന് ന​മ്മു​ടെ ശ​രീ​ര​ത്തി​ലു​ണ്ട്. നാം ​അ​ത് അ​റി​യു​ക​യേ വേ​ണ്ടൂ. ഓ​രോ നി​മി​ഷ​വും യേ​ശു ന​മ്മ​ളി​ൽ ജ​നി​ക്കു​ന്നു. അ​താ​ണ് പ്ര​തീ​ക്ഷ​യാ​യും പു​ഞ്ചി​രി​യാ​യും അ​നു​ക​മ്പ​യാ​യും മ​റ്റു​ള്ള​വ​ർ​ക്കു​ള്ള പ്രാ​ർ​ഥ​ന​യാ​യും സേ​വ​ന​മാ​യും വി​ട​രു​ന്ന​ത്. അ​ത് വ്യ​ക്തി അ​നു​ഭ​വി​ക്കു​ന്ന​താ​ണ്.

എ​ത്ര ക​ള്ള​നാ​യാ​ലും ച​തി​യ​നാ​യാ​ലും ഒ​രു മ​നു​ഷ്യ​വ്യ​ക്തി​ക്ക് യേ​ശു​വി​നെ കൂ​ടാ​തെ ജീ​വി​ക്കാ​നൊ​ക്കു​ക​യി​ല്ല. കാ​ര​ണം അ​വ​നി​ൽ നൈ​മി​ഷി​ക​മാ​യ സ്നേ​ഹ​മോ മ​ത​മോ സ്നി​ഗ്ധ​മാ​യ ഓ​ർ​മ​യോ ഒ​രു മി​ന്ന​ൽ​പോ​ലെ വ​ന്നു ക​ട​ന്നു​പോ​കു​ന്നു​ണ്ട്. അ​ത് അ​വ​നി​ലെ യേ​ശു​വി​ന്‍റെ പ്ര​സ​ന്ന​ത​യാ​ണ്. അ​ത് ഈ ​ഭൂ​മി​യി​ലെ സ​ങ്ക​ട​ങ്ങ​ളി​ൽ, കോ​പ​ങ്ങ​ളി​ൽ അ​വ​ൻ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്നു.


വാ​ൻ​ഗോ​ഗി​ന്‍റെ "ന​ക്ഷ​ത്രാ​ങ്കി​ത​മാ​യ രാ​ത്രി' (starry night) എ​ന്ന ചി​ത്ര​ത്തി​ൽ യേ​ശു​വി​ന്‍റെ ഭാ​വ​മാ​ണു​ള്ള​ത്. ഭൂ​മി​യി​ലെ ജീ​വി​ത​ത്തി​ൽ വ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യും ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​നു​വേ​ണ്ടി സ​ക​ല വാ​തി​ലു​ക​ളി​ലും മു​ട്ടു​ക​യും തെ​ണ്ടി​ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ഈ ​ലോ​ക​ത്ത് ധാ​രാ​ള​മു​ണ്ട്. അ​വ​ർ​ക്കു​വേ​ണ്ടി ത്ര​സി​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളെ​യാ​ണ് വാ​ൻ​ഗോ​ഗ് വ​ര​ച്ചു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ ​ന​ക്ഷ​ത്ര​ങ്ങ​ൾ എ​ന്താ​ണു ചെ​യ്യു​ന്ന​ത്? അ​വ അ​ക്ഷ​മ​രാ​ണ്.

ഭൂ​മി​യി​ലെ പ​തി​ത​ർ​ക്കു വെ​ളി​ച്ച​മെ​ത്തി​ക്കാ​ൻ ഉ​റ​ക്ക​മൊ​ഴി​യു​ക​യാ​ണ്, പ​രി​ഭ്ര​മി​ക്കു​ക​യാ​ണ്. സ​ഹാ​യി​ക്കാ​നു​ള്ള ത്വ​ര നി​മി​ത്തം ഭൂ​ത​ബാ​ധി​ത​രെ​പോ​ലെ ഉ​ഴ​റു​ക​യാ​ണ്. ഭൂ​മി​യി​ലെ മ​നു​ഷ്യ​ർ നൂ​റു​കൂ​ട്ടം പ്ര​തി​സ​ന്ധി​ക​ളി​ൽ ത​നി​ച്ച​ല്ല; യേ​ശു​വി​ന്‍റെ നോ​ട്ട​മു​ണ്ട് എ​ന്നാ​ണ് ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്.

നി​ത്യ​ജീ​വി​തം ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ക​യാ​ണ്. പ്ര​പ​ഞ്ച​ത്തി​ന്‍റെ നി​ത്യ​ത​യി​ലേ​ക്കു ന​ശ്വ​ര​രാ​യ നാം ​എ​ങ്ങ​നെ പ്ര​വേ​ശി​ക്കും? ന​മു​ക്കു പാ​പം ചെ​യ്യാ​തെ ജീ​വി​ക്കാ​നൊ​ക്കു​ക​യി​ല്ല. ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​വ​ൻ വേ​റൊ​രു മ​നു​ഷ്യ​ന്‍റെ ധ​ന​ത്തി​ൽ​നി​ന്ന് ഒ​രു പ​ങ്ക് അ​പ​ഹ​രി​ക്കാ​തി​രി​ക്കു​ന്നി​ല്ല. ദാ​നം ചെ​യ്യു​ന്ന​വ​ൻ താ​ൻ വ​ലി​യ​വ​നാ​ണെ​ന്നു വി​ചാ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് തി​ന്മ​യാ​ണ്.

ഇ​ത​ര​ജീ​വി​ക​ളെ ഹിം​സി​ക്കാ​തെ മ​നു​ഷ്യ​ർ​ക്കു ജീ​വി​ക്കാ​നൊ​ക്കു​ക​യി​ല്ല. തെ​റ്റു ചെ​യ്തു​കൊ​ണ്ടു​ത​ന്നെ മ​നു​ഷ്യ​ൻ സ​ഞ്ച​രി​ക്കു​ക​യാ​ണ്. കൃ​ത്രി​മ​ബു​ദ്ധി​യു​ടെ ഈ ​കാ​ല​ത്തും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഒ​രു രാ​ജ്യ​വും സു​ര​ക്ഷി​ത​മ​ല്ല എ​ന്ന ചി​ന്ത പ​ട​രു​ന്നു. അ​തു​കൊ​ണ്ട് പാ​പം ഒ​രു നി​ല​വാ​ര​പ്പെ​ട​ലാ​ണ്. അ​ത് എ​ല്ലാ​വ​രു​ടെ​യും ത​ല​യ്ക്കു മു​ക​ളി​ൽ ഒ​രു വാ​ളാ​യി തൂ​ങ്ങി​നി​ൽ​ക്കു​ന്നു. പാ​പി​യാ​കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​തു നീ​ണ്ടു​നി​ൽ​ക്കു​ന്നി​ല്ല.

പാ​പം ചെ​യ്യു​ന്നു​ണ്ടെ​ന്നു നാം ​തി​രി​ച്ച​റി​ഞ്ഞാ​ൽ ഒ​രു വ​ഴി തെ​ളി​യും. അ​താ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. യേ​ശു ആ ​പാ​പ​ത്തെ ന​മ്മ​ളി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ന്നു. ദൈ​വ​ത്തി​ന്‍റെ പ്ര​സ​ക്തി​യും സ്ഥാ​ന​വും നാം ​ഉ​ൾ​ക്കൊ​ള്ളു​ക​യാ​ണെ​ങ്കി​ൽ ന​മ്മ​ളി​ൽ മ​റ്റു​ള്ള​വ​രോ​ടു​ള്ള സ്നേ​ഹ​വും ദ​യ​യും ഉ​ണ്ടാ​കും.

ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തെ നാം ​ശ​രീ​ര​ത്തി​ലും മ​ന​സി​ലും ഉ​ൾ​ക്കൊ​ള്ളു​ന്ന​തോ​ടെ ന​മ്മ​ളി​ൽ യേ​ശു​വി​ന്‍റെ ജീ​വി​തം ആ​രം​ഭി​ക്കു​ക​യാ​ണ്. നാം ​അ​നീ​തി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ക​യോ സ​ത്യം പ​റ​യാ​തി​രി​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ യേ​ശു​വി​നെ കു​രി​ശി​ൽ ത​റ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ക​സ​ൻ​ദ്സാ​ക്കീ​സി​ന്‍റെ "ക്രൈ​സ്റ്റ് റീ​ക്രൂ​സി​ഫൈ​ഡ്' എ​ന്ന നോ​വ​ലി​ൽ യേ​ശു ന​മ്മു​ടെ മ​ജ്ജ​യി​ൽ കു​രി​ശി​ലേ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നെ​ഴു​തി​യ​ത്. ഈ ​പ്ര​തി​സ​ന്ധി ഓ​ർ​മി​പ്പി​ക്കാ​നാ​ണ് പാ​പ​ത്തി​ന്‍റെ ശ​മ്പ​ളം മ​ര​ണ​മാ​ണെ​ന്ന് ബൈ​ബി​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ദൈ​വ​ത്തി​ന്‍റെ സ​മ്മാ​ന​മോ? അ​ത് നി​ത്യ​മാ​യ ജീ​വ​നാ​ണ്.

ന​മു​ക്ക് ല​ഭി​ക്കാ​വു​ന്ന ക്ഷേ​മം അ​ല്ലെ​ങ്കി​ൽ മോ​ക്ഷം ന​മ്മ​ളി​ലേ​ക്കു വ​രു​ന്ന​ത് ത​ട​യാ​തി​രി​ക്കൂ എ​ന്നാ​ണ് ക്രി​സ്മ​സ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. അ​ത് മ​ന​സി​ന്‍റെ അ​ടി​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രേ​ണ്ട ഒ​രു പ്ര​തി​ജ്ഞ​പോ​ലെ​യാ​ണ്. കു​ഞ്ഞു​ങ്ങ​ളെ​യും ഗ​ർ​ഭി​ണി​ക​ളെ​യും അ​മ്മ​മാ​രെ​യും സം​ര​ക്ഷി​ക്ക​ണം. കു​ഞ്ഞു​ങ്ങ​ളെ യേ​ശു​​വി​നു വ​ള​രെ ഇ​ഷ്‌​ട​മാ​യി​രു​ന്നു.

കു​ഞ്ഞു​ങ്ങ​ൾ മ​നു​ഷ്യ​രാ​ശി​യു​ടെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സ്വ​ഭാ​വ​വും ഗു​ണ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. അ​വ​ർ​ക്ക് പ​ക​യോ ദ്വേ​ഷ​മോ ഇ​ല്ല. അ​വ​ർ ആ​രെ​യും വി​ധി​ക്കു​ന്നി​ല്ല. അ​വ​ർ മ​നു​ഷ്യ​രാ​ശി​ക്ക് ഒ​രു മാ​ർ​ഗ​ദീ​പ​മാ​യി മു​ന്നി​ൽ ന​ട​ക്കു​ക​യാ​ണ്. ക്രി​സ്മ​സ് ന​മ്മോ​ട് ഈ ​ലോ​ക​ത്തി​ന്‍റെ ശൈ​ശ​വ​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കു​ന്നു. പാ​പ​ങ്ങ​ളി​ൽ​നി​ന്നും ദ്രോ​ഹ​ങ്ങ​ളി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി ശൈ​ശ​വ​കാ​ല​ത്തി​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യെ അ​റി​യാ​നു​ള്ള ഒ​രു വി​ളി​യാ​ണ​ത്.

യേ​ശു​വി​ന്‍റെ ജ​ന​നം ല​ളി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. കാ​ലി​ത്തൊ​ഴു​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ മ​ക​നു പി​റ​ക്കാ​മെ​ന്ന​ത് ന​മ്മെ ഏ​റ്റ​വും വി​നീ​ത​രും ദാ​സ​ന്മാ​രും ദ​യാ​ലു​ക്ക​ളു​മാ​കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​നി​ൽ മ​ഹ​ത്താ​യ സ​മാ​ധാ​നം അ​ന്ത​ർ​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ത് എ​പ്പോ​ഴാ​ണ് ഉ​ത്ഥാ​നം ചെ​യ്യു​ന്ന​ത്? അ​ന്യ​രോ​ട് ദ​യ തോ​ന്നു​ന്ന നി​മി​ഷം ന​മ്മെ വ്യ​ക്തി​പ​ര​മാ​യ സ​ങ്കു​ചി​ത​ത്വ​ങ്ങ​ളി​ൽ നി​ന്നു​യ​ർ​ത്തു​ക​യാ​ണ്. ഉ​ത്ഥാ​ന​വും ന​മ്മ​ളി​ലാ​ണ്.

പാ​പ​ത്തി​ൽ​നി​ന്ന് മോ​ച​നം വേ​ണ​മെ​ങ്കി​ൽ മി​ത​ത്വ​ത്തെ​യും എ​ളി​മ​യെ​യും അം​ഗീ​ക​രി​ക്ക​ണം. ആ​ഗ്ര​ഹ​ങ്ങ​ളെ വി​ഷ​മ​യ​മാ​ക്ക​രു​ത്.നി​ന്നെ​പ്പോ​ലെ നി​ന്‍റെ അ​യ​ൽ​ക്കാ​ര​നെ​യും സ്നേ​ഹി​ക്കു​ക എ​ന്ന് പ​റ​ഞ്ഞ​തി​ലൂ​ടെ ലോ​ക​ത്ത് എ​വി​ടെ​യു​മു​ള്ള​വ​ർ ന​മ്മു​ടെ അ​യ​ൽ​ക്കാ​രാ​ണെ​ന്ന മ​ഹ​ത്താ​യ ആ​ശ​യ​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള​യാ​ള​ല്ല വി​വ​ക്ഷ; സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ഏ​തൊ​രാ​ളും ന​മ്മു​ടെ അ​യ​ൽ​ക്കാ​രാ​ണ്. അ​വ​രെ അ​റി​യു​മ്പോ​ൾ നാം ​ന​മ്മ​ളി​ലു​ള്ള യേ​ശു​വി​നെ സ്പ​ർ​ശി​ക്കു​ക​യാ​ണ്. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളോ​ടു​മു​ള്ള ദ​യ​യാ​ണ് യേ​ശു ന​മു​ക്ക് ന​ൽ​കി​യ മ​നു​ഷ്യ​ത്വം. ക്രി​സ്മ​സ് ന​മ്മ​ളി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത് ഈ ​മ​നു​ഷ്യ​ത്വ​ത്തി​നു മ​ര​ണ​മി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും വ​ർ​ഗീ​യ​ക​ലാ​പ​ത്തി​ന്‍റെ​യും ഈ ​കാ​ല​ത്ത് നാം ​യേ​ശു​വി​ന്‍റെ മ​നു​ഷ്യ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള പാ​ഠം ശ്ര​ദ്ധ​യോ​ടെ പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​തി​ല​ടി​യു​റ​ച്ചു നി​ൽ​ക്കേ​ണ്ട​തു​ണ്ട്.

വെ​റു​പ്പ് യേ​ശു​വി​നെ​തി​രാ​ണ്. വി​ദ്വേ​ഷ​ത്തി​ൽ യേ​ശു​വി​ല്ല. സ്നേ​ഹ​ത്തി​ലാ​ണ് യേ​ശു​വു​ള്ള​ത്. ഹെ​റോ​ദേ​സ് രാ​ജാ​വി​നെ പേ​ടി​ച്ച് യേ​ശു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് നാ​ടു​വി​ടേ​ണ്ടി വ​ന്നു. ഇ​ത് എ​ന്താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്? അ​ഗ​തി​ക​ളെ സ​ഹാ​യി​ക്ക​ണം. “എ​നി​ക്ക് വി​ശ​ന്നു, നി​ങ്ങ​ൾ എ​നി​ക്ക് ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണം ത​ന്നു” എ​ന്ന വാ​ക്യം നി​രാ​ലം​ബ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​ശ​യ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഏ​റ്റ​വും തി​ര​സ്കൃ​ത​രാ​യ​വ​രോ​ട് കൃ​പ​കാ​ണി​ക്കു​മ്പോ​ൾ യേ​ശു​വി​നെ സ്പ​ർ​ശി​ക്കു​ക​യാ​ണെ​ന്ന​റി​യു​ക. ക്രി​സ്മ​സ് ദി​നം ശോ​ഭ​ന​മാ​യ ഭാ​വി വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ്. ക്ഷ​മി​ക്കാ​നും സ​ഹി​ക്കാ​നു​മു​ള്ള മ​ന​സ് ന​ഷ്‌​ട​പ്പെ​ടു​ത്ത​രു​ത്. എ​ല്ലാം വ്യ​വ​ഹാ​ര​ത്തി​ലൂ​ടെ​യും കോ​ട​തി​യി​ലൂ​ടെ​യും മാ​ത്രം പ​രി​ഹ​രി​ക്കാ​മെ​ന്ന ചി​ന്ത യേ​ശു​വി​നെ​തി​രാ​ണ്. മ​നു​ഷ്യ​ൻ മ​നു​ഷ്യ​നോ​ളം വ​ള​രു​ന്നി​ല്ല എ​ന്ന ദുഃ​ഖ​മാ​ണ​തി​ലു​ള്ള​ത്. അ​തു​കൊ​ണ്ട് ക്രി​സ്മ​സ് ന​മ്മെ മ​ന​ഷ്യ​രാ​ക്കാ​നു​ള്ള​താ​ണ്. മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ന് അ​ർ​ഥ​മു​ണ്ടെ​ന്ന ഉ​റ​പ്പാ​ണ​ത്.

Latest News

Up