Kerala
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,175 രൂപയിലും പവന് 89,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവില ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും.
ഒക്ടോബർ 17നും 21നും രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിലെ സർവകാല ഉയരം. ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
National
ഗുരുഗ്രാം: കുടുംബത്തിന്റെ സഹായത്തോടെ വിവാഹത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമില്‍ നിന്നാണ് കാജല്‍ എന്ന യുവതിയെ രാജസ്ഥാന് പോലീസ് അറസ്റ്റ് ചെയ്തത്. പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നതിനായി നിരവധി യുവാക്കളെയാണ് യുവതി വിവാഹം കഴിച്ചത്.
കാജല്‍ ഒരു വര്‍ഷമായി ഗുരുഗ്രാമിലെ സരസ്വതി എന്‍ക്ലേവില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു.
കാജലിന് തമന്ന എന്ന സഹോദരികൂടിയുണ്ട്. ഇവരുടെ പിതാവ് ഭഗത് സിംഗ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി ഇരുവര്‍ക്കുമായി വിവാഹം ആലോചിക്കും. ഇത്തരത്തില്‍ 2024 മേയില്‍ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആണ്മക്കള്ക്ക് ഇയാള്‍ തന്റെ പെണ്മക്കളെ വിവാഹം ആലോചിച്ചു. 11 ലക്ഷം രൂപയാണ് വിവാഹ ആവശ്യങ്ങള്‍ക്കായി താരാചന്ദില്‍ നിന്ന് വാങ്ങിയത്.
മേയ് 21ന് ആഘോഷത്തോടെ വിവാഹം നടന്നു. കാജലിന്റെയും തമന്നയുടെയും മാതാവ് സരോജ്, സഹോദരന് സുരാജ് എന്നിവരും വിവാഹത്തിനുണ്ടായിരുന്നു. വിവാഹത്തിന് ശേഷം രണ്ട് ദിവസം ഭഗത് സിംഗിന്റെ കുടുംബം താരാചന്ദിനൊപ്പം താമസിച്ചു. മൂന്നാം ദിവസം മുങ്ങി.
ആഭരണങ്ങള്‍, പണം, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ചുകൊണ്ടായിരുന്നു മുങ്ങിയത്. തുടര്‍ന്ന് താരാചന്ദ് പോലീസില്‍ പരാതി നല്കി. സിക്കാര്‍ ജില്ലയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഡിസംബര്‍ 18 ന് ഗോവർധനില്‍ നിന്ന് ഭഗത് സിംഗിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുടുംബം വിവാഹ റാക്കറ്റ് നടത്തിയിരുന്നതായി വെളിപ്പെട്ടു. പിന്നീട് തമന്നയെയും സൂരജിനെയും പോലീസ് അറസ്റ്റ് ചെയ്തു. അപ്പോഴേക്കും കാജല്‍ രക്ഷപ്പെട്ടിരുന്നു. ജയ്പൂരിലും മഥുരയിലും കുറച്ചു കാലം ചെലവഴിച്ച അവര്‍ പിന്നീട് ഗുരുഗ്രാമിലേക്ക് മാറി. ഇവിടെ നിന്നാണ് കാജലിനെ പിടികൂടിയത്.
National
മുംബൈ: സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധദന്പതികൾക്കു സൗജന്യമായി സ്വർണ നെക്ലേസ് നൽകി ജ്വല്ലറിയുടമയുടെ കരുതൽ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്‍പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ (ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്.
ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയിൽസ് മാൻ നെക്ലേസിന്റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദന്പതികൾ തെരഞ്ഞെടുക്കുകയും ചെയ്തു. എത്ര രൂപ കൈവശമുണ്ടെന്നു സെയിൽസ് മാൻ ചോദിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 1120 രൂപ വൃദ്ധൻ എടുത്തുകാട്ടി. ഇതേയുള്ളോയെന്നു ചിരിച്ചുകൊണ്ടു ചോദിച്ചപ്പോൾ വൃദ്ധൻ പോയി തന്റെ ബാഗിൽനിന്ന് കുറേ നാണയങ്ങൾ കൊണ്ടുവന്നു. ഇതെല്ലാം സിസിടിവിയിലൂടെ ജ്വല്ലറി ഉടമ വീക്ഷിക്കുന്നുണ്ടായിരുന്നു.
വൃദ്ധദന്പതികളുടെ കരുതലിലും ഊഷ്മള ബന്ധത്തിലും ആകൃഷ്ടനായ അദ്ദേഹം ഇവർക്കരികിൽ എത്തുകയും പ്രതീകാത്മകമായി കേവലം 20 രൂപ മാത്രം വാങ്ങി സ്വർണം നൽകി വൃദ്ധദന്പതികളെ പറഞ്ഞയയ്ക്കുകയുമായിരുന്നു. ആദ്യമൊന്ന് അന്പരന്ന ദന്പതികൾ ജ്വല്ലറിയുടമയുടെ കരുണയിൽ ഒരുവേള കണ്ണീർ വാർക്കുകയും ചെയ്തു. വൃദ്ധദന്പതികളുടെ പരസ്പരമുള്ള കരുതലും സ്നേഹവും തന്നെ ആകർഷിച്ചെന്നും ജീവിതസായന്തനത്തിലും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണു അവർ മുന്നോട്ടുപോകുന്നതെന്നും ജ്വല്ലറിയുടമ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു. മൂത്ത മകൻ നേരത്തേ മരിച്ചു. ഇളയമകൻ മദ്യപാനിയാണ്. ദന്പതികൾ തനിച്ചാണു താമസം. എങ്കിലും ഉള്ളതുകൊണ്ട് സംതൃപ്തരായി സന്തോഷകരമായ ദാന്പത്യജീവിതമാണ് ഇരുവരും നയിക്കുന്നതെന്നും ജ്വല്ലറിയുടമ പറഞ്ഞു. വൃദ്ധദന്പതികൾ ജ്വല്ലറിയിലേക്ക് എത്തുന്നതും സ്വർണമാല തെരഞ്ഞെടുക്കുന്നതും കൈവശമുണ്ടായിരുന്ന പണം നൽകുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.