മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലെ ഹീത്രുവിലേക്ക് കണക്ഷൻ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. ബംഗളൂരു വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത്.
എയർ ഇന്ത്യയാണ് ബംഗളൂരു - ഹീത്രു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു രാവിലെ 10.15നു പുറപ്പെട്ട് 11.25ന് ബംഗളൂരുവിലെത്തും. 2.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 7.30ന് ലണ്ടൻ ഹീത്രുവിലെത്തും.
തിരികെ 9.05ന് ഹീത്രുവിൽനിന്നു പുറപ്പെട്ട് 12.20ന് ബംഗളൂരുവിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം പിറ്റേന്നു രാവിലെ 8.35ന് പുറപ്പെട്ട് 9.40ന് കണ്ണൂരിൽ എത്തിച്ചേരും. ഫെബ്രുവരി ആറുമുതൽ ഡൽഹി വഴിയാണ് ഇൻഡിഗോയുടെ ഹീത്രു സർവീസ്.
തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ് നടത്തുക. രാവിലെ 6.05ന് പുറപ്പെട്ട് 8.55ന് ഡൽഹിയിലെത്തും. ഡൽഹി - ഹീത്രു വൈഡ് ബോഡി വിമാനം 11.55ന് ഡൽഹിയിൽ നിന്നു പുറപ്പെട്ട് 5.10ന് ഹീത്രുവിലെത്തും.
തിരികെ 7.10ന് ഹീത്രുവിൽ നിന്നു പുറപ്പെട്ട് 10.10ന് ഡൽഹിയിലെത്തും. 9.45ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് അർധരാത്രി 12.45ന് കണ്ണൂരിലെത്തും. വടക്കൻ കേരളത്തിൽനിന്നും മറ്റുമുള്ള യാത്രക്കാർക്ക് ഈ സർവീസ് ആശ്വാസമാകും.
ഈ മേഖലയിൽ അതിവേഗ കണക്ഷൻ വിമാന സർവീസുകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ, വർധിച്ച ബാഗേജ് ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലണ്ടനിലേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി എൻആർഐകൾ, ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.