കോട്ടയം: എംസി റോഡിൽ കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നീണ്ടൂർ സ്വദേശികളായ ദമ്പതികളും, ഇവരുടെ സുഹൃത്തിന്റെ മകനും. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നീണ്ടൂർ ഓണംതുരുത്ത് കുറുപ്പംപറമ്പിൽ ചിത്രകാരനായ കെ. കെ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിന്റെ മകൻ അർജിത്ത് എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
അർജിത്തിന്റെ മാതാപിതാക്കളായ കൊല്ലം സ്വദേശി പ്ലാത്താനം സൂരജ്, ഭാര്യ രാഖി, മരിച്ച സുരേഷിന്റെ മകൻ ഗോകുൽ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയവരാണ് കാറിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്തേക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസിലാണ് മാരുതി കാർ ഇടിച്ചത്.
മോനിപ്പള്ളി ഉദയഗിരി ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് സമീപം ഇന്ന് രാവിലെ 11:30 യോടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.