കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.