കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ ജനവാസമേഖലയിൽ വീണ്ടും പുലിപ്പേടി. റോഡിൽ പുലിയെ കണ്ടെന്ന ലോറിത്തൊഴിലാളികളുടെ വെളിപ്പെടുത്തലോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. ഇതോടെ ഇന്നലെ പുലർച്ചെ തൊഴിലാളികൾ ആരും റബർ ടാപ്പിംഗിന് ഇറങ്ങിയില്ല.
തിങ്കളാഴ്ച രാത്രി ഒന്പതോടെ പൂക്കോട്ടുംപാടത്തുനിന്ന് മേലാറ്റൂർ വഴി ലോഡുമായി പോയ ലോറിത്തൊഴിലാളികളാണ് പുലിയെ കണ്ട കാര്യം മറ്റുള്ളവരെ അറിയിച്ചത്. മേലാറ്റൂർ റോഡിന്റെ ഇടതുവശത്ത് ഉയർന്ന ഭാഗത്തുനിന്നിറങ്ങി റോഡിന് കുറുകേ മറുവശത്തേക്ക് ഓടി മറഞ്ഞതായും പുലിക്ക് ഏതാണ്ട് ആറടിയോളം വലിപ്പമുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ.
ഇതോടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തംഗം വി. ഷബീറലിയുടെ നേതൃത്വത്തിൽ നാട്ടുകാർ പരിസരമാകെ തെരഞ്ഞെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാൽ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചപ്പോൾ കണ്ടത് കാട്ടുപൂച്ചയാകാമെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിച്ചതെന്നും ഭീതിയകറ്റാൻ ഉദ്യോഗസ്ഥർ കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങിപ്പോയെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇരിങ്ങാട്ടിരി മേഖലയിൽ തെരുവുനായ്കളുടെ എണ്ണത്തിലും കുറവുണ്ട്. രണ്ടു വർഷം മുന്പും പ്രദേശത്ത് പുലിയെ നാട്ടുകാർ നേരിട്ടു കണ്ടിരുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി, ഗ്രാമപഞ്ചായത്തംഗം വി. ഷബീറലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇരിങ്ങാട്ടിരിയിലെത്തി ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി.
വീടിനോട് ചേർന്ന കൃഷിയിടത്തിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ
എടക്കര: പോത്തുകൽ കുട്ടംകുളത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ. കൈയേറ്റക്കുന്നിലെ പടുത്തുകുളങ്ങര നിഷാദിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
ചാലിയാർ പുഴയോട് ചേർന്നാണ് നിഷാദ് താമസിക്കുന്നത്. രാത്രി വളർത്തുനായ നിർത്താതെ കുരച്ചിരുന്നു. ശാരീരിക പരിമിതികൾ ഉള്ളതിനാൽ നിഷാദ് രാത്രി പുറത്തിറങ്ങിയില്ല. രാവിലെ കൃഷിയിടത്തിലെത്തിയപ്പോഴാണ് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടത്.
തുടർന്ന് ഇയാൾ പോത്തുകൽ വനം സ്റ്റേഷനുമായി ബന്ധപ്പെടുകയും ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ പരിശോധിക്കുകയും ചെയ്തു. കാൽപ്പാടുകൾ പുലിയുടേതാണെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് നിരീക്ഷണം നടത്തുമെന്നും വനപാലകർ അറിയിച്ചു.