National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.
മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് ഗ്രാമ വികസന മന്ത്രി ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി.
പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബില്ല് ലോക്സഭയിൽ പരിഗണിക്കുന്നു.
രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും. വികസിത ഭാരതത്തിനുള്ള ബില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമവികസനം രാമന്റെ ആഗ്രഹമമെന്നും ബിജെപി പറഞ്ഞു. അതേ സമയം കേന്ദ്രം തൊഴിലാളി വിരുദ്ധരെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ബില്ലിൽ എതിർപ്പുമായി തൃണമൂലും എസ്പിയും ഡിഎംകെയും രംഗത്തെത്തി. അധികാര കേന്ദ്രീകരണ ബില്ലെന്നാണ് പാർട്ടികളുടെ വിമർശനം. അതേസമയം കഴിഞ്ഞ ദിവസം ബില്ലിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലിമെന്റിന് പുറത്ത് പ്രതിഷേധം നടന്നിരുന്നു.
Kerala
ന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റ് ലോക്സഭയിലെ ശൂന്യവേളയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. കന്യാസ്ത്രീകളുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് എംപിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിന്റെ സമ്മര്‍ദ്ദത്തില്‍ അറസ്റ്റ് ചെയ്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കാന്‍സര്‍രോഗികള്‍ക്ക് വേണ്ടി അടക്കം നിര്‍ണായകമായ പ്രവര്‍ത്തങ്ങള്‍ നടത്തുന്നവരാണ് അവര്‍. സിബിസിഐ ആസ്ഥാനത്ത് പോയി ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് പറഞ്ഞവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് ക്രിസ്ത്യാനികളുടെ മാത്രം കാര്യമല്ല, ദേശീയതലത്തില്‍ തന്നെ അപലപിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് ഛത്തീസ്ഗഡില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ സുരക്ഷാവീഴ്ചയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കാഷ്മീര്‍ ശാന്തമാണെന്ന് പ്രചരിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഓപ്പറേഷന് സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ശേഷം ഭീകരര്‍ രക്ഷപെട്ടു. സ്ഥലത്ത് ഈ സമയം ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പോലുമില്ലായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യങ്ങള്‍ പോലും അവിടെയുണ്ടായിരുന്നില്ല.
ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉത്തരവാദിത്വം ഇല്ലേ?.
പൗരസുരക്ഷ പിന്നെ ആരുടെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക ചോദിച്ചു. വിജയങ്ങളുടെ കാര്യത്തില്‍ മാത്രം അവകാശവാദമുന്നയിച്ചാല്‍ പോരെന്നും പ്രിയങ്ക വിമര്‍ശിച്ചു.
National
ന്യൂഡൽഹി: ഓപ്പറേഷന് സിന്ദൂര്‍ സംബന്ധിച്ച ലോക്സഭയിലെ ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിന് കൈയടിച്ച് കോൺഗ്രസ് എംപി തരൂർ. ഓപ്പറേഷന് മഹാദേവിലൂടെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ വധിച്ചെന്ന് അമിത് ഷാ സഭയിൽ പറഞ്ഞു.
പഹല്‍ഗാം ആക്രമണം നടത്തിയ സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് പേരെയാണ് തിങ്കളാഴ്ച വധിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി. അമിത് ഷായുടെ പ്രസംഗത്തെ ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. ഇതിനിടെയാണ് തരൂരും കൈയടികളോടെ മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തത്.
അതേസമയം ഓപ്പറേഷന് സിന്ദൂറില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ താന്‍ സംസാരിക്കില്ലെന്ന് ശശി തരൂര്‍ നേരത്തേ നിലപാടെടുത്തിരുന്നു.സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെയാണ് ചർച്ചയിൽ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാർട്ടി നിലപാട് തേടിയത്.
Kerala
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.ചോദ്യോത്തരവേളയ്ക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യണോ എന്ന കാര്യം ആലോചിക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തു.
എന്നാല്‍ ചോദ്യോത്തരവേളയ്ക്കിടെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ ചെയറിന് അടുത്തെത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇതോടെ സഭ ഉച്ച വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
അതേസമയം ഓപ്പറേഷന് സിന്ദൂര്‍ 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞു. ഭീകര കേന്ദ്രങ്ങൾ മിനിറ്റുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും മോദി കൂട്ടിച്ചേർത്തു.