അഹമ്മദാബാദ്: മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ 97 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സമീപഭാവിയിൽ രാജ്യം മലേറിയ മുക്തമാകുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
“ആയുഷ്മാൻ ഭാരത്, മിഷൻ ഇന്ദ്രധനുഷ് പോലുള്ള ക്ഷേമപദ്ധതികൾക്കാണു നന്ദിപറയേണ്ടത്. മലേറിയ രോഗബാധിതരുടെ എണ്ണത്തിൽ നമ്മൾ 97 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിൽ മലേറിയയ പൂർണമായും തുടച്ചുനീക്കാനാകും”-അദ്ദേഹം പറഞ്ഞു.
ഡെങ്കി ബാധിതരുടെ മരണനിരക്ക് ഒരു ശതമാനത്തിലേക്ക് എത്തിക്കാനും രാജ്യത്തിനു കഴിഞ്ഞു. ദേശീയ മാതൃമരണ അനുപാതത്തിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തിയതായും അമിത് ഷാ പറഞ്ഞു.
2014 ൽ 37,000 കോടിരൂപയായിരുന്ന കേന്ദ്രത്തിന്റെ ആരോഗ്യ ബജറ്റ് ഇന്ന് മോദി ഭരണത്തിൽ 1.28 ലക്ഷംകോടിയിലെത്തി. പദ്ധതികൾ താഴെത്തട്ടിൽ നടപ്പാക്കിയാണ് ലക്ഷ്യത്തിലെത്തിയത്-ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഖിലേന്ത്യ മെഡിക്കൽ കോൺഫറൻസായ ഐഎംഎ നാറ്റ്കോൺ 2025 ൽ സംസാരിക്കവേ ആഭ്യന്തരമന്ത്രി പറഞ്ഞു.
ജനറിക് മരുന്നുകൾ കുറഞ്ഞവിലക്ക് ലഭ്യമാക്കി, ജിഎസ്ടി എടുത്ത് കളഞ്ഞ് ഒട്ടേറെ മരുന്നുകളുടെ വില താഴ്ത്തി, മെഡിക്കൽ കോളജുകളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വ്യാപ്തി വർധിപ്പിച്ചു. പ്രൈമറി ഹെൽത്ത് സെന്ററുകൾക്കും കമ്യുണിറ്റി ഹെൽത്ത് സെന്ററുകൾക്കുമായി എയിംസിന്റെ സഹായത്തോടെ ഉടൻ ടെലിമെഡിസിൻ സേവനം ഏർപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.