തിരുവല്ല: ചിൽഡ്രൻസ് പാർക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവായ സ്വകാര്യ വ്യക്തിക്ക് നൽകിയ കരാർ അഴിമതിയാണെന്നും ഈ കരാർ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. നടുത്തളത്തിൽ ഇറങ്ങിയ കൗൺസിലർമാർ ചെയർപേഴ്സണെ ഉപരോധിച്ചു.
കരാർ റദ്ദുചെയ്യണമെന്ന സെക്രട്ടറിയുടെ റിപ്പോർട്ട് നിലനിൽക്കെ കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് കൗൺസിലർമാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. പ്രതിമാസം 2000 രൂപയ്ക്ക് 30 വർഷത്തേക്കാണ് കരാർ നൽകിയിരിക്കുന്നത്.
ഇന്നലെ കൂടിയ നഗരസഭ കൗൺസിലിൽ തിരുവല്ല മുനിസിപ്പൽ പാർക്ക് വിഷയം അജണ്ടയിൽ എടുക്കാത്തതിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു കൊണ്ടായിരുന്നു തുടക്കം. മുൻ നിശ്ചയിച്ച പ്രകാരം അടുത്ത കൗൺസിൽ യോഗത്തിൽ ചിൽഡ്രൻസ് പാർക്ക് വിഷയം ചർച്ച ചെയ്യാം എന്ന തീരുമാനത്തിന് വിരുദ്ധമായി അധ്യക്ഷ പ്രവർത്തിച്ചപ്പോൾ ഇടതുപക്ഷ കൗൺസിലർമാർ പ്രതിഷേധിക്കുകയായിരുന്നു.
ചിൽഡ്രൻസ് പാർക്ക് കരാർ പ്രകാരം പാർക്കിനുള്ളിൽ യാതൊരു നിർമാണപ്രവർത്തനങ്ങളും നടത്താൻ പാടില്ല, കീഴ് വാടകയ്ക്ക് കൊടുക്കാൻ പാടില്ല എന്ന് കരാറിൽ പറഞ്ഞിട്ടുണ്ടെങ്കിലും ആ കരാറിന് വിരുദ്ധമായി അവിടെ നിർമാണപ്രവർത്തനം നടത്തിയെന്ന് കണ്ടെത്തുകയും അത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കൗൺസിൽ 29 നമ്പർ അജണ്ടയായി പാർക്ക് വിഷയം ചേർത്തെങ്കിലും 24 നമ്പർ അജണ്ട ആയപ്പോൾ ഏകപക്ഷീയമായി ഭരണപക്ഷം കൗൺസിൽ നിർത്തി ചെയർപേഴ്സൺ ഇറങ്ങിപ്പോകുകയായിരുന്നെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.
അന്ന് ഇടതു കൗൺസിലർമാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഈ ക്രമത്തിൽ തന്നെ അജണ്ട അടുത്ത കൗൺസിൽ ചർച്ച ചെയ്യാം എന്നായിരുന്നു. എന്നാൽ തിങ്കളാഴ്ച കൂടിയ കൗൺസിലിൽ വിഷയം അജണ്ടയിൽ നിന്ന് ഒഴിവാക്കി ബാക്കി വിഷയങ്ങൾ ചർച്ചയ്ക്കെടുത്തപ്പോഴാണ് പ്രതിഷേധം ഉണ്ടായത്.
കൗൺസിലിൽ ബഹളവും മുദ്രാവാക്യം വിളികളുമായി പ്രതിഷേധവും ഉയർന്നതോടെ യോഗം നിർത്തിവച്ചു. കൗൺസിലർമാരായ ജെനു മാത്യു, ആർ.മനു, എം.സി.അനീഷ് കുമാർ, പ്രദീപ് മാമൻ മാത്യു ,സതീശ് വിജയൻ, സുരേഷ് കുമാർ, ആശാ സജീവ്, അജ്ഞു ബേബി, മീനു ജോബി, രമ്യാ സന്തോഷ്, ദിനു ഫിലിപ്പ്, താജുദ്ദീൻ, ദേവിക യശോധരൻ എന്നിവരാണ് പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.