തൊടുപുഴ: സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാന്പയിന്റെ ജില്ലാതല പ്രഖ്യാപനവും ഓർമത്തുരുത്തുകളുടെ ജില്ലാതല ഉദ്ഘാടനവും പള്ളിക്കുന്ന് ഗവ.എൽപി സ്കൂളിൽ നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ജില്ലാതല ഓർമത്തുരുത്തുകളുടെ ഉദ്ഘാടനവും കാന്പയിൻ പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ പദ്ധതി വിശദീകരിച്ചു. ഒരു തൈ നടാം കാന്പയിനിലൂടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 5,63,947 തൈകളാണ് നട്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ഓർമകളുടെ പച്ചത്തുരുത്തുകൾ നാടിന് സമർപ്പിച്ച് അധികാരമൊഴിയുകയെന്ന ലക്ഷ്യത്തോടെയാണ് ഓർമത്തുരുത്തുകൾ സ്ഥാപിക്കുന്നത്.
ഓരോ തദ്ദേശസ്ഥാപനവും അവരുടെ ഭരണസമിതിയുടെ പേരിൽ ഓർമത്തുരുത്ത് സ്ഥാപിച്ചാണ് ഇത് നടപ്പാക്കുന്നത്.ഹരിതകേരളം മിഷന്റെ പച്ചത്തുരുത്തുകളുടെ മാതൃകയിലാകും ഈ ഓർമത്തുരുത്തുകളും. ഒരു സെന്റ് ഭൂമിയിൽ കുറയാത്ത ഈ ഓർമത്തുരുത്തിൽ പ്രസിഡന്റും മറ്റ് അംഗങ്ങളും വൃക്ഷത്തൈകൾ നടും.
ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള തൈകൾ വാങ്ങി ഒത്തുചേർന്നാകും നടുക. ഭരണസമിതി അംഗങ്ങളുടെ പേര്, പച്ചത്തുരുത്തിലെ വൃക്ഷത്തൈകളുടെ വിശദാംശങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഓർമത്തുരുത്തിന് ഭരണസമിതിയുടെ പേരിൽ ബോർഡും സ്ഥാപിക്കണം.
ഹരിതകേരളം മിഷനാണ് ഇത്തരമൊരു വേറിട്ട ആശയം തദ്ദേശഭരണസ്ഥാപനങ്ങൾക്ക് മുന്നിൽവച്ചത്.
പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം സമഗ്ര വൃക്ഷവത്കരണവുമാണ് ഒരുതൈ നടാം കാന്പയിൻ ലക്ഷ്യമിടുന്നത്.