ഇന്ത്യൻ സിനിമയ്ക്ക് ഓസ്കർ തിളക്കം സമ്മാനിച്ച സംഗീത സംവിധായകൻ എം.എം. കീരവാണി മറ്റൊരു ചരിത്രനേട്ടത്തിൽ. റിപ്പബ്ലിക് ദിന പരേഡിന് സംഗീതം ഒരുക്കാനുള്ള അപൂർവ ബഹുമതി കീരവാണിയെ തേടിയെത്തിയിരിക്കുകയാണ്. വന്ദേമാതരം എന്ന അനശ്വര ഗാനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കീരവാണിയെത്തേടി അവസരമെത്തിയത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ ഒരുങ്ങുന്ന വന്ദേമാതരം എന്ന ഗാനത്തിനു സംഗീതം നൽകുന്നത് താനാണെന്ന വിവരം കീരവാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നുള്ള 2,500 കലാകാരന്മാരാണ് കീരവാണിയുടെ സംഗീതവിരുന്നിൽ അണിനിരക്കുന്നത്.
ജനുവരി 26-ലെ റിപ്പബ്ലിക് ദിന പരേഡിൽ വന്ദേമാതരം എന്ന ഐതിഹാസിക ഗാനത്തിന് സംഗീതം നൽകാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടനും അഭിമാനിതനുമാണെന്നും രാജ്യത്തിന്റെ ആത്മാവിനെ ആഘോഷിക്കാൻ നമുക്ക് ഒന്നിക്കാമെന്നും കീരവാണി എക്സിൽ കുറിച്ചു.
77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി കർത്തവ്യപഥിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ എന്നിവരാണ് ഇത്തവണത്തെ മുഖ്യാതിഥികൾ.
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കീരവാണി, ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു... എന്ന ഗാനത്തിലൂടെയാണ് ഓസ്കർ വേദിയിൽ ഇന്ത്യയുടെ യശസുയർത്തിയത്. ഇപ്പോൾ രാജ്യത്തിന്റെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് അദ്ദേഹം സംഗീതം പകരുന്നു എന്നതു ചലച്ചിത്രമേഖലയ്ക്കും ആവേശമാണു പകരുന്നത്.