ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുമായി ലിവര്‍പൂള്‍ എഫ്സി മുഖ്യപരിശീലകന്‍ അര്‍നെ സ്ലോട്ട് ചര്‍ച്ച നടത്തി. ലിവര്‍പൂളിന്റെ താരമായ സല, സ്ലോട്ടുമായുള്ള അകല്ച്ചയെത്തുടര്ന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാന് എതിരായ എവേ പോരാട്ടത്തിനുള്ള ടീമില്‍നിന്ന് പുറത്തായിരുന്നു.
മോശം ഫോമിലുള്ള സലയെ സ്ലോട്ട് ലിവര്‍പൂളിന്റെ ചില മത്സരങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. തന്നെ ബസിനടയില്‍ തള്ളിയെന്ന പരാമര്‍ശത്തോടെയാണ് ടീമില്‍നിന്നുള്ള ഒഴിവാക്കലിനോട് സല പ്രത്യക്ഷ പ്രതിഷേധം നടത്തിയത്.
സലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. സല ലിവര്‍പൂള്‍ വിടേണ്ട സാഹചര്യമില്ലെന്നാണ് സ്ലോട്ട് ആവര്‍ത്തിക്കുന്നത്. ഏതായാലും ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണിന് എതിരേ ലിവര്‍പൂള്‍ എങ്ങനെ ഇറങ്ങുമെന്നതിനെക്കുറിച്ച് സലയുമായി ചര്‍ച്ച നടത്തിയെന്ന് സ്ലോട്ട് അറിയിച്ചു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയാറായില്ല.
2017 മുതല്‍ സല ലിവര്പൂളിലുണ്ട്. ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമയില്നിന്നാണ് സല എത്തിയത്. ലിവര്‍പൂളിനായി 420 മത്സരങ്ങളില്‍നിന്ന് 250 ഗോള്‍ നേടിയിട്ടുണ്ട്.