ലോകത്തെ കീഴടക്കാന്‍ പുതിയ സൂപ്പര്‍ഫുഡ്..! ഭക്ഷണപ്രേമികള്‍ക്കിടയിലും ആരോഗ്യരംഗത്തും ഇപ്പോള്‍ ചര്‍ച്ചാവിഷയം ചൈനീസ് വിഭവങ്ങളിലെ ഒരു ചേരുവ മാത്രമല്ല, മറിച്ച് ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യമായ മുളയാണ്.
മുളങ്കൂമ്പുകള്‍ വെറുമൊരു നാടന്‍ വിഭവമല്ലെന്നും, ആഗോളതലത്തില്‍ തന്നെ വന്‍ സ്വീകാര്യത ലഭിക്കാന്‍ പോകുന്ന ഒരു - സൂപ്പര്‍ ഫുഡ് - ആണെന്നുമാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
യുകെ ആംഗ്ലിയ റസ്കിന് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മുളങ്കൂമ്പിന്റെ വിസ്മയിപ്പിക്കുന്ന ഗുണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിത്. മുളങ്കൂമ്പ് പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനം തെളിയിക്കുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ചൈനയിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുളങ്കൂമ്പ് പണ്ടുമുതലേ ഭക്ഷണത്തിന്റെ ഭാഗമാണ്. ഇതിന്റെ പോഷകഗുണങ്ങള്‍ നിരവധിയാണ്. പേശികളുടെ ആരോഗ്യത്തിന് അത്യാവശ്യമായ പ്രോട്ടീനാല്‍ സമ്പന്നമാണ് മുളങ്കൂമ്പുകള്‍.
ഇതിനു കൊഴുപ്പ് കുറവാണ്. അതായത്, തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ ആഹാരം. നാരുകളാല്‍ സമ്പന്നമായ ഇവ ദഹനം സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും മുളങ്കൂമ്പില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ എ, ബി6, ഇ എന്നിവയ്ക്കും പൊട്ടാസ്യം എന്നിവയ്ക്കും പുറമെ അമിനോ ആസിഡുകളുടെ കലവറ കൂടിയാണ് മുളങ്കൂമ്പുകള്‍. മുളങ്കൂമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കൂടാതെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇതിനു സാധിക്കും. ഇത് ഹൃദ്രോഗ സാധ്യതയെ വലിയ തോതില്‍ പ്രതിരോധിക്കുന്നു. ശരീരത്തിലെ വീക്കങ്ങള്‍ കുറയ്ക്കാനുള്ള കഴിവും ഇതിനുണ്ട്.
മുളങ്കൂമ്പിന് ആഗോളതലത്തില്‍ ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഭക്ഷണമായി മാറാന്‍ വലിയ സാധ്യതയുണ്ട്. എന്നാല്‍ അത് ശരിയായ രീതിയില്‍ പാകം ചെയ്യണമെന്ന് ഗവേഷകര്‍ പറയുന്നു. മുളങ്കൂമ്പ് കഴിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഗവേഷകര്‍ മുന്നറിയിപ്പായി നല്കുന്നു.
പച്ചമുളങ്കൂമ്പ് ഒരിക്കലും നേരിട്ട് കഴിക്കരുത്. പച്ച മുളങ്കൂമ്പില്‍ സയനൈഡിന്റെ അംശം അടങ്ങിയിട്ടുണ്ടാകാം. ഇത് തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍ പേടിക്കേണ്ടതില്ല, മുളങ്കൂമ്പ് കഷണങ്ങളാക്കി നന്നായി തിളപ്പിച്ച ശേഷം പാകം ചെയ്താല്‍ ഈ വിഷാംശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം.
ഭാവിയില്‍ പ്രമേഹത്തിനും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ക്കുമെതിരേ പോരാടാന്‍ മുളങ്കൂമ്പുകള്‍ നമ്മുടെ തീന്മേശകളിലെ പ്രധാന വിഭവമായി മാറുമെന്ന് ഉറപ്പാണ്.