ലാഹോർ: അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാൻ കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും മന്ത്രിയുമായ മൊഹ്സിൻ നഖ്വി. പാക്കിസ്ഥാൻ പങ്കെടുക്കുന്ന കാര്യം പ്രധാനമന്ത്രിയും സർക്കാരും തീരുമാനിക്കുമെന്നും മൊഹ്സിൻ വ്യക്തമാക്കി.
"ബംഗ്ലാദേശിനെ ഐസിസി മാറ്റിയിരിക്കുകയാണ്. ഞങ്ങളും പങ്കെടുക്കുന്ന കാര്യം ഉറപ്പില്ല. ഞങ്ങളുടെ പ്രധാനമന്ത്രി രാജ്യത്തിന് പുറത്താണ്. അദ്ദേഹം തിരിച്ചെത്തിയിട്ട് മാത്രമെ ഈക്കാര്യത്തിൽ ഇന്തിമ തീരുമാനം എടുക്കുകയുള്ളു. ചിലപ്പോൾ ഞങ്ങളും ലോകകപ്പിനുണ്ടാവില്ല.'-പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞു.
"ബംഗ്ലാദേശ് ക്രിക്കറ്റ് ലോകത്തെ പ്രബല ശക്തിയാണ്. അവരോട് ഐസിസി നീതി കാട്ടിയില്ല. അവരോടുള്ള സമീപനം ഒട്ടും നല്ലതായിരുന്നില്ല. അവരെ അപമാനിച്ചു. അവരുടെ ന്യായമായ ആവശ്യത്തെ ഒട്ടും ആലോചിക്കാതെ തള്ളി. അത് ശരിയായില്ല.'- മൊഹ്സിൻ നഖ്വി കുറ്റപ്പെടുത്തി.
ബംഗ്ലാദേശിനൊപ്പം പാക്കിസ്ഥാൻ എന്നും ഉണ്ടാകുമെന്നും നഖ്വി പറഞ്ഞു. ബംഗ്ലാദേശ് ലോകകപ്പിൽ പങ്കെടുക്കില്ലെന്നും അവർക്ക് പകരം സ്കോട്ലൻഡ് ആയിരിക്കും പങ്കെടുക്കുകയെന്നും ഐസിസി ഇന്ന് അറിയിച്ചിരുന്നു. തങ്ങളുടെ മത്സരവേദികൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയതിനെ തുടർന്നാണ് അവർ ലോകകപ്പിനില്ലെന്ന് തീരുമാനിച്ചത്.
ഇന്ത്യയിലും ശ്രീലങ്കയിലും ആയാണ് ലോകകപ്പിലെ മത്സരങ്ങൾ നടക്കുക. പാക്കിസ്ഥാൻ പങ്കെടുക്കുന്ന മത്സരങ്ങൾ ശ്രീലങ്കയിലായിരിക്കും നടക്കുക.