ന്യൂഡല്‍ഹി: പഠനം പൂര്‍ത്തിയാക്കിയ ശേഷം ബോണ്ടിന്റെ പേരില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്ന സ്ഥാപനങ്ങൾക്കുമേൽ കര്‍ശനനടപടിയുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്.
നഴ്സിംഗ് സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും സ്ഥാപനത്തിനു കീഴിലുള്ള ആശുപത്രികളില്‍ ബോണ്ടിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധിത ബോണ്ട് ആവശ്യപ്പെടുന്നതും അതിനായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുന്നതും അധാര്‍മിക നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ട സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കും സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍മാര്‍ക്കും നഴ്സിംഗ് സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും നല്‍കിയതായി മന്ത്രാലയം കഴിഞ്ഞമാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
സുപ്രീംകോടതി നിര്‍ദേശത്തത്തുടര്‍ന്ന് മിക്ക സ്ഥാപനങ്ങളും നിര്‍ബന്ധിത ബോണ്ട് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ബോണ്ട് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടപടി ശക്തമാക്കിയത്.