Out of Range
സമരക്കാർ ഇരച്ചുവരുന്നു, പോലീസ് ജീപ്പ് പാഞ്ഞുവരുന്നു, ചോദ്യപേപ്പർ പറന്നുവരുന്നു, അധ്യാപകർ വിറച്ചുവരുന്നു, പിള്ളേർ ചിരിച്ചുവരുന്നു... ഏതെങ്കിലും ആക്ഷൻ മൂവിയിലെ ക്ലൈമാക്സ് സീനാണെന്നു കരുതി ത്രില്ലടിക്കേണ്ട. ഇതു നാട്ടിൽ സീനുണ്ടാക്കുന്ന ഇൻസ്റ്റഗ്രാം കാലത്തെ പിള്ളേർക്കുവേണ്ടിയുള്ള സ്പെഷൽ പരീക്ഷയാണ്.
പൊരിവെയിൽ കൊള്ളേണ്ട, സമയത്തു ബസ് പിടിക്കാൻ പരക്കം പായേണ്ട, ഹാൾ ടിക്കറ്റ് എടുത്തോയെന്ന ടെൻഷൻ വേണ്ടേ വേണ്ട... ‘പ്രതി’ഭകളെത്തേടി പരീക്ഷാ സെന്റർ ഇങ്ങോട്ടുവരും, അതാണ് ഈ നാട്ടിലെ നടപ്പ്. എന്തായാലും ഇത്ര റിസ്ക് എടുത്തു പരീക്ഷയെഴുതുന്ന പ്രതിഭകൾക്കായി പ്രത്യേക ട്യൂഷനും കംബൈൻഡ് സ്റ്റഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം നമുക്കു ട്യൂഷൻ ക്ലാസിലേക്കു പോകാം.
ട്യൂഷൻ മാഷ്: എല്ലാവരും വന്നിട്ടുണ്ടല്ലോ അല്ലേ, പേനയും പെൻസിലുമൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?
പ്രതിഭ: പേനയും പേനാക്കത്തിയുമൊക്കെ പഴയ സെറ്റപ്പ് അല്ലേ സാറേ. നഞ്ചക്ക് ഉണ്ട്. ബെഞ്ചിനടിയിൽ വച്ചിട്ടുണ്ട്, മതിയോ? (ഇതും പറഞ്ഞ് ഒരു പ്രതിഭ ബെഞ്ചിനടിയിൽ പരതുന്നു).
ട്യൂഷൻ മാഷ്: വേണ്ട, ഇപ്പോ ഒന്നും പുറത്തേക്കെടുക്കേണ്ട. വരയ്ക്കാനോ കുറിക്കാനോ ഉണ്ടെങ്കിൽ പറയാം. അപ്പോളെടുത്താൽ മതി.
മറ്റൊരു പ്രതിഭ: വരയാൻ നഞ്ചക്ക് പറ്റില്ല സാറേ, വടിവാളാണു നല്ലത് അല്ലെങ്കിൽ പിന്നെ മലപ്പുറം കത്തി കിട്ടും.
ട്യൂഷൻ മാഷ്: പത്താം ക്ലാസ് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന കടന്പയാണ്. കളിയും ചിരിയുമൊക്കെ മാറ്റിവച്ചു നമ്മൾ സീരിയസ് ആകേണ്ട സമയം. ഇപ്പോൾ ആഞ്ഞുപിടിച്ചാൽ പിന്നെ വിഷമിക്കേണ്ടിവരില്ല.
പ്രധാന പ്രതിഭ: സാറിനങ്ങനെ പറയാം... ഞങ്ങൾ കഴിഞ്ഞ ദിവസം കളിയും ചിരിയും വിട്ട് അല്പം സീരിയസ് ആയെന്നു പറഞ്ഞ് എന്തൊരു പുകിലാണ് ഈ നാട്ടിൽ നടക്കുന്നത്. മാഷ് പറഞ്ഞതുപോലെ ആഞ്ഞുപിടിച്ചപ്പോൾ അത് ആർക്കും പിടിച്ചില്ല. ദേ ഇപ്പം പോലീസ് പിടിച്ചു പരീക്ഷ എഴുതിക്കുന്നു. ഇങ്ങനെയാണോ ഭാവിയുടെ വാഗ്ദാനമായ കുട്ടികളോടു പെരുമാറേണ്ടത്.
അല്പം മനുഷ്യത്വമൊക്കെ വേണ്ടേ... ഞങ്ങളും മനുഷ്യരല്ലേ... ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടിട്ട് എത്ര ദിവസമായെന്നറിയാമോ സാറിന്. നാട്ടിൽ പലരുടെയും അടുപ്പ് പുകയുന്നുണ്ടോയെന്ന് നോക്കാൻ നൂറു സംവിധാനങ്ങളുണ്ട്. എന്നാൽ, കുറെ ദിവസമായി ഞങ്ങളുടെ ചുണ്ടിലെന്തെങ്കിലും പുകയുന്നുണ്ടോയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? അതിനെന്തെങ്കിലും ഒരു വഴി ആരെങ്കിലും പറയുന്നുണ്ടോ!
ട്യൂഷൻ മാഷ്: സിലബസിലുള്ള കാര്യമാണ് പ്രധാനം. പത്താം ക്ലാസിന്റെ പടി കടക്കുക എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം.
പ്രതിഭ: സാറേ ഒരു സംശയമുണ്ട്. ക്രമസമാധാനം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ പത്തു മാർക്കോയുടെ ചോദ്യം വരുമെന്ന് ഇവൻ പറയുന്നു. ശരിയാണോ?
ട്യൂഷൻ മാഷ്: മാർക്കോ അല്ലെടാ മാർക്ക്.
പ്രതിഭ: സാറിനും മറ്റു പിള്ളേർക്കുമൊക്കെ മാർക്ക് ആയിരിക്കും. പക്ഷേ, ഞങ്ങൾക്ക് ഇതൊക്കെ മാർക്കോയാണ്.
ട്യൂഷൻ മാഷ്: മാർക്ക് ആയാലും മാർക്കോ ആയാലും ഉപന്യാസം ചോദിച്ചാൽ എഴുതണം. ചോദ്യപേപ്പറിൽ വരുന്നത് ക്രമസമാധാനമാണോ അക്രമസമാധാനമാണോയെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പിന്നെ, മുകുന്ദൻ ഉണ്ണിമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരോ വാചകം തീരുന്പോഴും കുത്തിടാൻ വിട്ടുപോകരുത്.
മുഖ്യപ്രതിഭ: പക്ഷേ, സാറേ കുത്തിയിട്ടാൽ പിന്നെ അവിടെ നിൽക്കരുത് വിട്ടുപോരണം എന്നാണല്ലോ ഞങ്ങൾ കേട്ടിട്ടുള്ളത്...
ട്യൂഷൻ മാഷ്: അതു കേട്ടതുകൊണ്ടാ ഇപ്പോൾ ഇവിടെ കുത്തിയിരിക്കേണ്ടി വന്നത്. പിന്നൊരു കാര്യം, ഇത്തവണ ചരിത്രപുസ്തകത്തിൽനിന്നുള്ള ക്വട്ടേഷനുകൾ ചോദിക്കാനുള്ള സാധ്യതയുണ്ട്. അതു നന്നായി നോക്കിയിട്ടു വേണം പോകാൻ.
കുഞ്ഞുപ്രതിഭ: ക്വട്ടേഷൻ ആണെങ്കിൽ ദേ ഇവന്റെ അച്ഛനോടു പറഞ്ഞാൽ മതി മാഷേ. ഇവന്റെ അച്ഛൻ ക്വട്ടേഷനാ. ഫോട്ടോയൊക്കെയുണ്ട്. പണിക്കു പോകുമ്പോൾ കൂടെ വരികയും ചെയ്യും.
ഇതു കേട്ട് തലയിൽ കൈവച്ച് ട്യൂഷൻ മാഷ് മുകളിലേക്കു നോക്കുന്പോൾ ഒരു അശരീരി: “കേരളത്തിന്റെ ഓരോ സ്പന്ദനവും പൂജപ്പുരയിലാണ്. വിത്തൗട്ട് പൂജപ്പുര, കേരളം വെറുമൊരു വട്ടപ്പൂജ്യം! - മാർക്കോ മാഷ്!
മിസ്ഡ് കോൾ
മൂന്നാം ഇടതുഭരണം ഉറപ്പെന്ന് എം.വി. ഗോവിന്ദൻ.
- വാർത്ത
കെ റെയിൽ അപ്പവും ഉറപ്പ്!
Out of Range
ഫോൺ റിംഗ് ചെയ്യുന്നു.
“ഹലോ പാതാളമല്ലേ? ആരാണ് ഫോൺ എടുത്തിരിക്കുന്നത്?”
“അതെ പാതാളമാണ്. ഇതു മാവേലിയുടെ മന്ത്രിയാണ്. എന്താണു കാര്യം...?”
ഫോൺ വച്ച ശേഷം മന്ത്രി: “പ്രഭോ, ഭൂമിയിൽനിന്ന് ഒരു പെൺകുട്ടി വിളിച്ചിരുന്നു.”
“പെൺകുട്ടിയോ എന്നെയോ? പേര് വല്ലതും പറഞ്ഞോ?”
“ഒരു മോണിക്ക ആണെന്നാണു പറഞ്ഞത്.”
“എടോ അതു വല്ല പെൺകുട്ടിയുമല്ല. കേരളത്തിലേക്ക് ഇത്തവണയുള്ള നമ്മുടെ യാത്ര അറേഞ്ച് ചെയ്യുന്ന ട്രാവൽ ഏജൻസിയാ. അവരെന്താ പറഞ്ഞത്?’”
“തിരുമേനി ഇത്തവണ നേരത്തേ ഇറങ്ങണമെന്നു പറയാനാ അവർ വിളിച്ചത്.”
“നേരത്തെയോ? നോം സാധാരണ അത്തദിനത്തിലാണല്ലോ കേരളത്തിലേക്കു യാത്ര തിരിക്കാറ്.”
“അത്തദിനത്തിൽ പുറപ്പെടാനിരുന്നാൽ ഈ ഒാണം പോയിട്ട് അടുത്ത ഒാണത്തിനു പോലും അങ്ങ് എത്തില്ലെന്നാ പറയുന്നത്.”
“അതെന്താണ് അങ്ങനെയൊരു പുതുമ.”
“ഇത്തവണ ദേശീയപാതയിലൂടെയാണ് നമ്മുടെ റൂട്ട് മാപ്പ്. തിരുമേനി പത്രത്തിൽ കണ്ടില്ലേ. അവിടെ മണിക്കൂറുകൾ ബ്ലോക്കും കുരുക്കുമാണ്. ഒരുറക്കം കഴിഞ്ഞാലേ ഒരു ജംഗ്ഷൻ കടക്കാൻ പറ്റുകയുള്ളത്രേ.”
“ എന്നാൽ, താനൊരു കാര്യം ചെയ്യ്. നമ്മൾ ടൂർ പോകുന്പോൾ എടുക്കാറുള്ള ആ ടെന്റ് കൂടി എടുത്തോ. വണ്ടിയിൽ കുത്തിയിരുന്ന് ഉറങ്ങാൻ വയ്യ. ബ്ലോക്കിലെങ്ങാനും പെട്ടാൽ സൈഡിൽ എവിടെങ്കിലും ടെന്റടിച്ചു കിടക്കാം. ബ്ലോക്കു മാറുന്പോൾ എഴുന്നേറ്റു പോയാൽ മതിയല്ലോ.”
“അതു കലക്കൻ ഐഡിയ. ലോഡ്ജും ഹോട്ടലും തപ്പി നടക്കേണ്ടല്ലോ. പിന്നെ തിരുമേനി, അങ്ങ് കേരളത്തിലേക്കു പോകുന്പോൾ എനിക്കു കുറച്ചുദിവസം ലീവ് കിട്ടിയാൽ കൊള്ളാമായിരുന്നു.”
“താനെന്താണീ പറയുന്നത്. തനിക്ക് ലീവോ? എടോ ചെയ്യുന്ന ജോലിയോട് ഉത്തരവാദിത്വ ടൂറിസം വേണം. നമ്മൾ ഒന്നിച്ചല്ലേ ഇതുവരെ പോയിട്ടുള്ളത്. ഇത്തവണ തനിക്കെന്താ ഒരു മനംമാറ്റം?”
“അതു തിരുമേനി, വാർത്തകളൊക്കെ വായിച്ചപ്പോൾ ഒരു പേടി. നാട്ടിൽ കാലു കുത്തിയാൽ അപ്പോൾ പട്ടി കടിക്കുമെന്നാണു കേട്ടത്. ജയിലിലെ നടയടി എന്നതുപോലെ നടകടി തന്നിട്ടാണ് കേരളത്തിലേക്കു കയറ്റുന്നതത്രേ. പട്ടി വന്നാൽ ഒാടിക്കാൻ തിരുമേനിയുടെ കൈയിൽ കൊടയും വടിയുമൊക്കെയുണ്ട്. ഞാനെന്തു ചെയ്യും?”
“ശെടാ, ജനങ്ങളോടു വരാമെന്നു പണ്ടു വാക്കു കൊടുത്തതല്ലേ. അന്ന് ഇതുപോലെ പട്ടിയും പന്നിയുമൊന്നും നാട്ടിൽ ഇല്ലായിരുന്നല്ലോ. ഇനിയിപ്പോൾ എന്തു ചെയ്യും?”
“എന്തു ചെയ്യാൻ, തിരുമേനിയും ഒന്നു സൂക്ഷിക്കുന്നതു നല്ലതാ. ഈ താറു പാച്ചിയതുപോലെയുള്ള വേഷമൊക്കെ ഇട്ടു ചെന്നാൽ പട്ടിക്കു ബുഫെ കിട്ടിയതുപോലെയായിരിക്കും.”
“പട്ടി കടിച്ചാൽ കുത്തിവയ്പ് എടുക്കേണ്ടിവരില്ലേ?”- മാവേലിക്ക് ആശങ്ക.
“അതു കടിയുടെ ഗതിപോലെയിരിക്കും. കടിച്ചതിനു ശേഷം ബോഡിയിൽ വല്ലതും ബാക്കിയുണ്ടെങ്കിൽ കുത്തിവയ്ക്കാം. അല്ലെങ്കിൽ എല്ലും പല്ലും കുഴിയെടുത്തു മൂടാം.”
“എങ്കിൽ ഇത്തവണ വേഷമൊന്നു മാറ്റിപ്പിടിച്ചാലോ? കട്ടിയുള്ള ജീൻസ് ആയാലോ? പട്ടി കടിച്ചാലും അത്രയങ്ങോട്ട് എൽക്കില്ലല്ലോ. അല്ല, മന്ത്രീ എനിക്കൊരു സംശയം. ഈ രാഷ്ട്രീയക്കാർ മുണ്ടും ചുറ്റിയല്ലേ കേരളത്തിലൂടെ തേരാപാരാ നടക്കുന്നത്. എന്നിട്ട് അവരെയൊന്നും അങ്ങനെ പട്ടി കടിച്ചതായി കേൾക്കുന്നില്ലല്ലോ?”
“പിന്നേ, കരിങ്കല്ലിൽ കടിച്ച് പല്ലുകളയാൻ പട്ടിക്കു ഭ്രാന്തല്ലേ. തിരുമേനി, രാഷ്ട്രീയക്കാരൻ ആകാനുള്ള പ്രധാന യോഗ്യതകളിലൊന്ന് അപാര തൊലിക്കട്ടിയാണ്. കടിച്ചാൽ ഏൽക്കില്ലെന്നു പട്ടിക്കുപോലും അറിയാം.”
“എന്തായാലും പട്ടി കടിയേറ്റവരുടെ പട്ടികയിൽ മാവേലിയുടെ പേരു വരുന്നത് മലയാളിക്കു നാണക്കേടല്ലേ മന്ത്രീ. അവരെന്തെങ്കിലും പരിഹാരം കാണുമായിരിക്കും.”
“അവരെന്തു ചെയ്യാൻ... കടി കിട്ടിയാലും ഇല്ലെങ്കിലും അവർ പട്ടികയിൽനിന്നു പേരങ്ങു വെട്ടും. അതാണല്ലോ ഇപ്പോൾ ട്രെൻഡ്.”
“ഏതു പട്ടികയുടെ കാര്യമാ താനീ പറയുന്നത്?”
“അതാണ് തിരുമേനി വോട്ടർപട്ടിക. നാട്ടുകാരെ പട്ടിയാണ് കടിക്കുന്നതെങ്കിൽ രാഷ്ട്രീയക്കാരെ പട്ടികയല്ലേ കടിച്ചുകൊണ്ടിരിക്കുന്നത്. പട്ടിക്ക് എബിസി ആണെങ്കിൽ ചില വോട്ടർമാർക്ക് എബിസിഡി ആണത്രേ.”
“ഞാനും കേട്ടു. ഒരിടത്തു കൂട്ടത്തോടെ വെട്ടുന്നു, മറ്റൊരിടത്തു കൂട്ടത്തോടെ കയറ്റുന്നു. പട്ടിക്കു വന്ധ്യംകരണം, പട്ടികയ്ക്ക് അന്തംകരണം. ശരിക്കും പേയിളകിയിരിക്കുന്നത് പട്ടിക്കാണോ പട്ടികയ്ക്കാണോ? അതോ രണ്ടിനുമാണോ?”
മിസ്ഡ് കോൾ
ടെലികോം കന്പനികൾ മൊബൈൽ ഫോൺ നിരക്കുകൾ വീണ്ടും കൂട്ടുന്നു.
- വാർത്ത
യുവനേതാക്കളെ കുത്തുപാളയെടുപ്പിക്കുമോ?
Out of Range
രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.
ആൾ ജെൻ സി ആണെങ്കിലും രാഷ്ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”
“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”
“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന് പുത്തരിയാണോ?”
“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”
“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്റെയൊക്കെ വാതില്ക്കല് എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്...”
“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”
“ജനമൈത്രിയെന്നാല് ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”
“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”
“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”
“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”
“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”
“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര് അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്റെ മൂഡ് പോലിരിക്കും.”
“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”
“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന് പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”
ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”
മിസ്ഡ് കോൾ
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.
- വാർത്ത.
ബഹുത് അച്ഛാ വിനയം!
Out of Range
എന്റെ പൊന്നേ, എന്റെ തങ്കമേ എന്നൊക്കെ സ്വർണത്തെ നോക്കി തലയിൽ കൈവച്ചു നാട്ടുകാർ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുന്ന സമയം. പൊന്നമ്മയെന്നും തങ്കമ്മയെന്നും സ്വർണമ്മയെന്നുമൊക്കെ പേരു വീണവർ തല കുറച്ചുകൂടി ഉയർത്തിപ്പിടിച്ചു നടക്കുന്ന കാലം. മുകളിലേക്കു പോയ സ്വർണവില ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിക്കുകയാണോയെന്നാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം. ഇലോൺ മസ്കിന്റെ ആകാശവണ്ടിക്കു പോലും പിടികൊടുക്കാതെയുള്ള പോക്ക്. “പൊന്നിൽ കുളിച്ചുനിന്നു ചന്ദ്രികാവസന്തം...” എന്ന പാട്ട് വൈകാതെ ചന്ദ്രനിൽ കേൾക്കുമോ എന്നതേ അറിയാനുള്ളൂ.
അടിമുടി പൊന്നിൽ പൊതിഞ്ഞ് കല്യാണപ്പന്തലുകളിൽ വിലസിയ സീനിയറത്തികൾ ഇപ്പോഴത്തെ ജെൻസികളെ നോക്കി ചുണ്ടുകോട്ടി ചിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാം. അല്ലെങ്കിലും ജെൻസികൾക്കു സ്വർണമരത്തിൽ കയറുന്നതിനേക്കാൾ പ്രിയം ഡയമണ്ടിന്റെ മണ്ടയിൽ തോണ്ടിക്കൊണ്ട് ഇരിക്കുന്നതാണത്രേ. ഇങ്ങനെ തൊട്ടാൽ പൊള്ളുന്ന സ്വർണക്കഥകൾ പറഞ്ഞു നാട്ടുകാർ ത്രില്ലടിച്ചിരിക്കുന്നതിനിടയിലാണ് ശബരിമലയിൽനിന്ന് ഒരു സ്വർണക്കഥ പൊട്ടിവീണിരിക്കുന്നത്. ദ്വാരപാലക വിഗ്രഹത്തെ പൊതിഞ്ഞ സ്വർണപ്പാളിയുടെ ചരിത്രമാണ് അടിമുടി പാളിയിരിക്കുന്നത്. കോടതികൂടി ഇടപെട്ടതോടെ പാളിയെ പൂളിയ പുള്ളികൾക്ക് പള്ളയിൽ ഒരു ആന്തൽ തുടങ്ങിയിട്ടുണ്ടാവണം.
ഇവിടെ ഭാരം കുറയ്ക്കാൻ മനുഷ്യൻ നടന്നും ഒാടിയും പട്ടിണി കിടന്നും കഷ്ടപ്പെടുന്നതിനിടയിലാണ് ചെന്നൈ വരെ പോയിട്ടു വന്ന സ്വർണപ്പാളി ഒറ്റയടിക്ക് നാലു കിലോ കുറച്ചത്. അങ്ങോട്ടു പോയപ്പോൾ 42 കിലോ ഉണ്ടായിരുന്ന സ്വർണപ്പാളി തിരിച്ചെത്തിയപ്പോൾ 38 കിലോ!
കൊടുത്തുവിട്ട സ്വർണം നാലു കിലോ കുറഞ്ഞിട്ടും ദേവസ്വം മുതലാളിമാർക്കൊന്നും ഒരു കുലുക്കവുമുണ്ടായില്ല എന്നതാണ് അതിശയകരം. അതോ അറിയാത്തതുപോലെ കണ്ണടച്ചു കിടന്നേക്കാം എന്നു കരുതിയതാണോ? പാളി മാത്രമല്ല, സ്വർണപീഠവും കാണാനില്ലെന്നാണ് സ്പോൺസർ ചെയ്ത ഭക്തന്റെ ഒടുവിലത്തെ ആരോപണം. ചിലർക്ക് മിനുക്കും അറ്റകുറ്റപ്പണിയുമൊക്കെ നറുക്കെടുപ്പിനു മുന്നേ അടിക്കുന്ന ബംപർ പോലെയാണോയെന്നൊരു സംശയം ഇല്ലാതില്ല. സ്വർണപ്പാളി മങ്ങിയെന്നും പറഞ്ഞ് വീണ്ടും പൊളിച്ചെടുത്ത് ചെന്നൈക്കു വിടുന്ന കാര്യം കോടതിയും നാട്ടുകാരും ഒക്കെ അറിഞ്ഞുവന്നപ്പോഴേക്ക് അവിടെ ഉരയ്ക്കലും ഉരുക്കലും കഴിഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെ ഉരുളൽ മാത്രമാണ് പിന്നെ ദൃശ്യമായത്.
പെട്രോൾ ആയിരുന്നെങ്കിൽ ആവിയായി പോയതാണെന്നു കരുതാമായിരുന്നെന്നും എന്നാൽ, സ്വർണം പോയത് എങ്ങനെയെന്നു കണ്ടെത്തണമെന്നും ഹൈക്കോടതി. സ്വർണം ആവിയായതാണോ ഏതെങ്കിലും മായാവിയുടെ നാവിലായതാണോ എന്നതാണ് സംശയം. ഇനി ചെന്നൈയിലെ കനത്ത ചൂടിലെങ്ങാനും ഉണങ്ങിപ്പോയതാകുമോ? തലച്ചോറു തിന്നുന്ന അമീബയെപ്പോലെ സ്വർണച്ചോറ് കഴിക്കുന്ന ഏതോ അമീബ ദേവസ്വം ബോർഡിന്റെ മൂക്കിൽ കയറിയിട്ടുണ്ടെന്നു തോന്നുന്നു. എങ്കിൽ കാര്യമായ ക്ലോറിനേഷൻ വേണ്ടിവരും. അന്വേഷണം കഴിയുമ്പോൾ ചെന്നൈയിൽ പോയ സ്വർണപ്പാളി ഡയറ്റിംഗിൽ ആയിരുന്നെന്നും അങ്ങനെ നാലു കിലോ കുറച്ചതാണെന്നും ഭക്തർ വിശ്വസിക്കേണ്ടി വരുമോയെന്തോ?
മിസ്ഡ് കോൾ
ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
- വാർത്ത
ചോരില്ലാ കളർ!