മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയോടെ സിപിഎം നേതാക്കളുടെ സമനില തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കണമെന്നാണോ സജി ചെറിയാൻ പറയുന്നത്. പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ സിപിഎം മുസ്ലിം സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തുന്നത്.
ഹൈന്ദവ മെജോറിറ്റിയുള്ള എവിടെയെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടോ. സജി ചെറിയാന്റെ പരാമർശം ഒറ്റപ്പെട്ട സംഭവമല്ല. എ.കെ.ബാലനിലേക്കും സജി ചെറിയാനിലേക്കുമെക്കെ പാർട്ടി അധഃപതിച്ചു.
ലീഗിനെ പ്രകോപിപ്പിക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. അതിന് ലീഗ് നിന്ന് കൊടുക്കില്ല. വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗാണെന്നും പി.എം.എ.സലാം പറഞ്ഞു.