മുംബൈ: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ ബംഗ്ലാവിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി. സൗത്ത് മുംബൈയിലെ മറൈൻ ഡ്രൈവിലായിരുന്നു സംഭവം. യുഎസ് പൗരൻ ഉപേക്ഷിച്ച വസ്ത്രങ്ങളും ഷൂസുമായിരുന്നു ബാഗിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ ഒന്പതരയ്ക്കാണു മന്ത്രിബംഗ്ലാവിനു സമീപം ബാഗ് കണ്ടെത്തിയത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാർ വിവരം പോലീസിനെ അറിയിച്ചു. പോലീസും ബിഡിഡിഎസ് (ബോംബ് ഡിറ്റെക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് സംഘവും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ജോടി ഷൂസും വസ്ത്രങ്ങളും ഒരു കുറിപ്പുമാണ് ബാഗിലുണ്ടായിരുന്നത്.
സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു ബാഗ് ഉടമയെ കണ്ടെത്തിയത്. ഈ സമയം ബാഗ് ഉടമയായ അമേരിക്കക്കാരൻ ഗോവയിലെത്തിയിരുന്നു. മറൈൻ ഡ്രൈവ് മേഖലയിലെ ഹോട്ടലിൽ താമസിച്ചിരുന്ന യുഎസ് പൗരൻ ഇന്നലെ രാവിലെ ഗോവയ്ക്കു പോകും മുന്പ് മന്ത്രിബംഗ്ലാവിനു സമീപമുള്ള സെർവന്റ് ക്വാർട്ടേഴ്സിൽ ഉപേക്ഷിക്കുകയായിരുന്നു. ‘ഷൂസും വസ്ത്രങ്ങളും ആർക്കു വേണമെങ്കിലും എടുക്കാം’എന്ന കുറിപ്പും ബാഗിലുണ്ടായിരുന്നു.