കോട്ടയം: പ്രകൃതിദുരന്തങ്ങളില്‍ അകപ്പെടുന്നവരെ കണ്ടെത്താനുള്ള റോബോട്ട് മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ ഡെലിവറി റോബോട്ടുകള്‍ വരെ വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും സൃഷ്ടികളുമായി പാത്താമുട്ടം സെയിന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ സൃഷ്ടി എക്സിബിഷന്. ദുരന്തങ്ങളില്‍ മണ്ണിലും ജലാശയങ്ങളിലും ആഴങ്ങളില്‍ അകപ്പെട്ടുപോകുന്നവരെ കണ്ടെത്താനുള്ള റോബോര്ട്ടുമായെത്തിയ കൊല്ലം അമൃത സ്കൂള്‍ ഓഫ് എന്ജിനിയറിംഗിലെയും രോഗികള്‍ക്കുള്ള സ്വയംചലിക്കുന്ന വീല്‍ചെയര്‍ നിര്‍മിച്ച ആതിഥേയരായ സെയിന്റ് ഗിറ്റ്സിലെയും വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമായി.
റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന വീല്‍ചെയര്‍ രോഗികള്‍ക്കു വളരെ പ്രയോജനപ്പെടുന്നതാണ്. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള റോബോട്ടുകള്‍, സൈനികര്‍ക്കുള്ള ഡ്രോണുകള്‍, നൂനതരീതിയിലുള്ള ഭക്ഷണം തയാറാക്കല്‍, കുടിവെള്ള ശുചീകരണം എന്നിവയ്ക്കുള്ള യന്ത്രങ്ങളും പ്രദര്‍ശനത്തില്‍ വേറിട്ടതായി. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ഫുഡ്ടെക്നോളജി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, അനലറ്റിക്കല്‍, റോബോട്ടിക്സ്, ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്, ഹ്യൂമന്‍ സെന്ട്രിക്ഡിസൈന്, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റാറാക്റ്റിവ് പ്രൊഡക്ട് ഡിസൈന്‍ എന്നീ വിഭാഗങ്ങളിലായി വിവിധ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്.
ടെക്നോളജി വിദ്യാര്‍ഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് സെയിന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജില്‍ സൃഷ്ടി അഖിലേന്ത്യാ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം ഇന്നലെയും ഇന്നുമായി അരങ്ങേറുന്നത്.
കേരളത്തിനു പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യുവഎന്ജിനിയേഴ്സിന്റെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. 13 ബ്രാഞ്ചുകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഓരോ ബ്രാഞ്ചുകള്‍ക്കും 15,000 രൂപയും ഏറ്റവും മികച്ച ഇന്നവേഷന്‍ ഒരു ലക്ഷം രൂപയുടെ സമ്മാനവും നല്‍കും. സംസ്ഥാനസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, യുവസംരംഭകര്ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്കുന്ന കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ (കെഎസ്യുഎം) സഹകരണത്തോടെയാണ് പ്രദര്‍ശനവും മത്സരവും നടക്കുന്നത്.