ന്യൂഡൽഹി: 2024-ൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബയ്ക്കെതിരെ കുറ്റം ചുമത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഡൽഹി സെഷൻസ് കോടതി ശരിവെച്ചു. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് നിരീക്ഷിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ദിഗ് വിനയ് സിംഗ്, അൽക്ക ലാംബ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളി.
2024 ജൂലൈ 29-ന് പാർലമെന്റിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. അന്ന് നിരോധനാജ്ഞ നിലവിലുണ്ടായിരുന്നിട്ടും അൽക്ക ലാംബയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസ്.
പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ മറികടന്നുവെന്നും, വനിതാ-പുരുഷ പോലീസ് ഉദ്യോഗസ്ഥരെ തള്ളുകയും മർദ്ദിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. അൽക്ക ലാംബ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോ തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 132 (പൊലീസിനെ ആക്രമിക്കൽ), 221 (ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ), 223(എ), 285 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും സ്വതന്ത്ര സാക്ഷികളില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും, കുറ്റം ചുമത്തുന്ന ഘട്ടത്തിൽ വിചാരണയുടെ ആവശ്യമില്ലെന്നും ലഭിച്ച തെളിവുകൾ മതിയെന്നും കോടതി നിരീക്ഷിച്ചു. ഈ ഉത്തരവോടെ, റോസ് അവന്യൂ കോടതിയിൽ അൽക്ക ലാംബയ്ക്കെതിരായ ക്രിമിനൽ വിചാരണ നടപടികൾ തുടരും.