കോഴിക്കോട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉണ്ടായേക്കാവുന്ന ഉപമുഖ്യമന്ത്രി പദവിയെ സംബന്ധിച്ച ചർച്ചകളെ കുറിച്ച് പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ലീഗ് കുറെ തവണ ഭരണപക്ഷത്തെ രണ്ടാം പാർട്ടിയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷം പ്രചരിപ്പിക്കുന്നതാണെന്നും തങ്ങൾക്ക് അങ്ങനെ ഒരു വേവലാതിയും ഇല്ലെന്നും അങ്ങനെ ഒരാവശ്യം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യമൊക്കെ അതത് പാർട്ടികളാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ലീഗിന് കുറിച്ചുള്ള കാര്യങ്ങളൊക്കെ പാണക്കാട് തങ്ങൾ ഉചിതമായ സമയത്ത് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
"കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടമാണ് നടത്തിയത്. യുഡിഎഫ് ആകെ തന്നെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ആവർത്തിക്കും.'-കുഞ്ഞാലിക്കുട്ടി.