ഉന്നതവിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കുമായി ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികൾ രാജ്യം വിടുന്നതോടെ, ഇന്ത്യയിൽ ‘ബ്രെയിൻ ഡ്രെയിൻ’ എന്ന് വിളിക്കപ്പെടുന്ന വിദ്യാഭ്യാസപരമായ കുടിയേറ്റം ആശങ്കാജനകമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി പരിഷ്കാരങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ, ഈ പ്രവണത രാജ്യത്തിന്റെ അക്കാദമിക് നവീനത ആവശ്യമായ മേഖലകളെ സാരമായി ദുർബലപ്പെടുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മൂന്ന് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റത്തിൽ വലിയ വർധനയുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ ഏകദേശം 13.2 ലക്ഷം വിദ്യാർഥികളും 2024ൽ 13.3 ലക്ഷം പേരും 2025ൽ 13.8 ലക്ഷം പേരുമാണ് വിദേശത്ത് പഠനം നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള ആകെ വിദ്യാർഥി കുടിയേറ്റത്തിന്റെ ഏകദേശം 11 ശതമാനവും കേരളത്തിൽനിന്നാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
ഇന്ത്യൻ വിദ്യാർഥികളിൽ ഏകദേശം 40 ശതമാനവും ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നത് അമേരിക്കയെയും കാനഡയെയും ആണ്. തൊട്ടുപിന്നാലെ യുകെ, ഓസ്ട്രേലിയ, ജർമനി എന്നീ രാജ്യങ്ങളാണ്. വിദ്യാഭ്യാസം, പ്രത്യേകിച്ച് എൻജിനിയറിംഗ്, നഴ്സിംഗ് തുടങ്ങിയ പ്രഫഷണൽ കോഴ്സുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായതിനാൽ സമീപകാലത്ത് ജർമനി ഒരു പ്രിയപ്പെട്ട പഠനകേന്ദ്രമായി മാറിയിട്ടുണ്ട്. കോവിഡിനുശേഷം ചില ജർമൻ പബ്ലിക് യൂണിവേഴ്സിറ്റികൾ സെമസ്റ്റർ ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്ന പല രാജ്യങ്ങളെയും അപേക്ഷിച്ച് അവിടെ പഠനച്ചെലവ് ഇപ്പോഴും വളരെ കുറവാണ്.
ഉയർന്ന ചെലവും അനിശ്ചിതമായ ഫലങ്ങളും
വിദേശത്തേക്കു കുടിയേറുന്ന ഇന്ത്യൻ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. വസ്തുവകകളും പുരയിടവും പണയപ്പെടുത്തി 30 മുതൽ 50 ലക്ഷം രൂപ വരെയുള്ള വലിയ ബാങ്ക് വായ്പകൾ എടുത്താണ് പലരും പഠനത്തിന് പണം കണ്ടെത്തുന്നത്. ചില വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച ജോലിയും ലഭിക്കുന്നുണ്ടെങ്കിലും മറ്റു പലരും രണ്ടാംനിരയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് എത്തുന്നത്. അവിടെ ശരിയായ തൊഴിൽ നൈപുണ്യം ലഭിക്കാതെ വരികയും പാർട്ട് ടൈം ജോലികളിലോ അവിദഗ്ധ ജോലികളിലോ ഏർപ്പെടേണ്ടി വരികയും ചെയ്യുന്നു. ഒടുവിൽ വലിയ കടബാധ്യതയോടും പരിമിതമായ തൊഴിൽസാധ്യതകളോടുംകൂടി ഇവർക്ക് ഇന്ത്യയിലേക്കുതന്നെ മടങ്ങേണ്ടി വരുന്നു.
അതേസമയം, ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും സീറ്റുകൾ ഒഴിയുന്നതിനും പ്രതിഭാശാലികളായ വിദ്യാർഥികളുടെ പ്രവേശനം കുറയുന്നതിനും നാം സാക്ഷ്യംവഹിക്കുന്നു. ഇത് പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണങ്ങൾ എന്നിവയിലൂന്നിയുള്ള വിഷയങ്ങളിൽ അക്കാദമിക് ഗുണനിലവാരം ക്രമേണ കുറയാൻ കാരണമാകുന്നു. അന്തിമമായി, ഇത് രാജ്യത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ദോഷകരമായി ബാധിക്കുന്നു.
അന്താരാഷ്ട്രവത്കരണം: ഒരു സുസ്ഥിര പരിഹാരം
സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും അക്കാദമികവും സാമ്പത്തികവുമായ ആവശ്യകതകൾ മുൻനിർത്തി, ’ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണം’ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒരു മാർഗമാണ്. ഇത് ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം വർധിപ്പിക്കുകയും സമൂഹത്തിന് അർഥവത്തായ സംഭാവനകൾ നൽകുകയും ചെയ്യും. ബഹുമുഖമായ ഫലങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്: ‘ആഗോളതലത്തിൽ സജ്ജരായ’ ബിരുദധാരികളെ വാർത്തെടുക്കുക, വിവിധ പഠനശാഖകളിലെ അത്യാധുനിക മേഖലകളിൽ നൂതനമായ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുക, അറിവിന്റെ ഉത്പാദനം വേഗത്തിലാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുക എന്നിവയാണവ.
അമേരിക്കൻ കൗൺസിൽ ഓൺ എഡ്യുക്കേഷൻ (എസിഇ), ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്്രവത്കരണത്തിന് സമഗ്രമായ ഒരു നിർവചനം നൽകുന്നുണ്ട്. കോളജുകളെയും സർവകലാശാലകളെയും ആഗോളതലത്തിൽ കൂടുതൽ സജീവമാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ബന്ധിപ്പിക്കുന്നതിനുമായി നയങ്ങൾ, പരിപാടികൾ, പദ്ധതികൾ, വ്യക്തികൾ എന്നിവയെ സംയോജിപ്പിക്കുന്ന ഒരു തന്ത്രപരമായ പ്രവർത്തന ചട്ടക്കൂടായാണ് ഇതിനെ നിർവചിച്ചിരിക്കുന്നത്.
സുസ്ഥിരവും നീതിയുക്തവുമായ ആഗോള ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, എസിഇ മാതൃക ഒരു സ്ഥാപനപരമായ വളർച്ചാ മനോഭാവത്തെ സ്വീകരിക്കുന്നു. അന്താരാഷ്ട്രവൽക്കരണത്തെ മാറ്റമില്ലാത്ത ഒന്നായല്ല, മറിച്ച് നിരന്തരമായ ഒരു പ്രക്രിയയായാണ് ഇത് കാണുന്നത്. ഒരു കോളജിലോ സർവകലാശാലയിലോ ഉള്ള എല്ലാ ഘടകങ്ങളും -വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ- പഠിതാക്കളാണെന്നും സ്ഥാപനത്തിന്റെ സാംസ്കാരികമായ പരിവർത്തനത്തിൽ അവർക്ക് പ്രധാന പങ്കുണ്ടെന്നും ഇത് തിരിച്ചറിയുന്നു. അതായത്, ഫലപ്രദമായ അന്താരാഷ്ട്രവത്കരണം ഏതാനും ഒറ്റപ്പെട്ട ഓഫീസുകളിലോ ചില പ്രത്യേക പഠനവിഷയങ്ങളിലോ കുറച്ചു വിദ്യാർഥികളിലോ മാത്രമായി ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല; മറിച്ച് സ്ഥാപനത്തിന്റെ എല്ലാ ഘടകങ്ങളും ഇതിലൂടെ പരിവർത്തനപ്പെടേണ്ടതുണ്ട്.
അന്താരാഷ്ട്രവത്കരണത്തിന്റെ പ്രധാന തൂണുകൾ
കോളജുകളിലും സർവകലാശാലകളിലും ഫലപ്രദമായ അന്താരാഷ്ട്രവത്കരണം നടപ്പിലാക്കുന്നതിനായി, എസിഇ മാതൃക മൂന്ന് പ്രധാന കാഴ്ചപ്പാടുകളും ആറ് ശ്രദ്ധാകേന്ദ്രങ്ങളും ഊന്നിപ്പറയുന്നു.
വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ: വംശീയവും സാമ്പത്തികവും സാമൂഹികവുമായ നീതി പ്രോത്സാഹിപ്പിക്കുന്നതിൽ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള ഉത്തരവാദിത്വത്തെ ഇത് എടുത്തുകാണിക്കുന്നു.
ചടുലതയും പരിവർത്തനവും: ആഗോളതലത്തിലും സാങ്കേതികമായും സാമൂഹികമായും ഉണ്ടാകുന്ന വിനാശകരമായ മാറ്റങ്ങൾക്ക് അനുസൃതമായി സ്വന്തം ഘടനയിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്താനുള്ള ഒരു സ്ഥാപനത്തിന്റെ സന്നദ്ധതയെയും ശേഷിയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കൽ: അന്താരാഷ്ട്രവത്കരണ ലക്ഷ്യങ്ങൾ, പുരോഗതി, ഫലങ്ങൾ എന്നിവ വ്യവസ്ഥാപിതമായ സ്വയം പഠനത്തിലൂടെയും അളക്കാവുന്ന സൂചകങ്ങളിലൂടെയും ഉറപ്പുവരുത്തുന്നു. തുടർച്ചയായ വിലയിരുത്തലിലൂടെ ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ, ഫലപ്രദമായ അന്താരാഷ്ട്രവത്കരണത്തിന്അത്യാവശ്യമായ ആറ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങളെ എസിഇ മാതൃക തിരിച്ചറിയുന്നു:
എ) സ്ഥാപനപരമായ തന്ത്രപ്രധാന ആസൂത്രണം : അന്താരാഷ്ട്രവത്കരണ ലക്ഷ്യങ്ങളെ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള തന്ത്രപ്രധാനമായ പ്രവർത്തന ചട്ടക്കൂടുമായി സംയോജിപ്പിക്കുക.
ബി) നേതൃത്വവും ഭരണവും: അന്താരാഷ്ട്രവത്കരണത്തിന് ആവശ്യമായ ഭരണപരമായ സംവിധാനങ്ങളുടെയും റിപ്പോർട്ടിംഗ് ഘടനകളുടെയും പിന്തുണയോടെ ഉന്നത നേതൃത്വത്തിന്റെ സജീവമായ ഇടപെടൽ ഉറപ്പാക്കുക.
സി) പാഠ്യപദ്ധതിയും അനുബന്ധ പ്രവർത്തനങ്ങളും: പശ്ചാത്തലം, ലക്ഷ്യങ്ങൾ, കഴിവുകൾ അല്ലെങ്കിൽ സ്ഥാപനത്തിന്റെ തരം എന്നിവ കണക്കിലെടുക്കാതെ എല്ലാ വിദ്യാർഥികൾക്കും അറിവ് പകർന്നുനൽകുന്ന പ്രധാന മാർഗമായി പാഠ്യപദ്ധതി വർത്തിക്കുന്നു.
ഡി) സ്ഥിരം അധ്യാപകജീവനക്കാരുടെ പിന്തുണ: അന്താരാഷ്ട്ര സംരംഭങ്ങൾക്കായി സുസ്ഥിരമായ മനുഷ്യവിഭവശേഷിയും സ്ഥാപനപരമായ ശേഷിയും ഉറപ്പാക്കുക.
ഇ) അധ്യാപകവിദ്യാർഥി വിനിമയം: അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ അന്താരാഷ്ട്ര എക്സ്പോഷർ നൽകുന്നതിനായി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കുക.
എഫ്) പങ്കാളിത്തങ്ങളും ശൃംഖലകളും: പ്രാദേശികമോ അന്താരാഷ്ട്രമോ ആയ ആഭ്യന്തര-ബാഹ്യ സഹകരണങ്ങൾ. ഇവ കേവലം ഇടപാടുകൾ എന്നതിലുപരി നവീനതയ്ക്കും അറിവിന്റെ ഉത്പാദനത്തിനും ആഗോള വെല്ലുവിളികൾക്കെതിരേയുള്ള കൂട്ടായ പ്രവർത്തനങ്ങൾക്കുമുള്ള വേദികളായി വികസിപ്പിക്കുക.
(തുടരും)
(കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ ഗ്ലോബൽഅക്കാദമിക്സ് ഡയറക്ടറാണ് ലേഖകന്)