തിരുവനന്തപുരം: റവന്യു രേഖകളിൽ നികുതി കെട്ടാത്ത (നികെ) വിഭാഗത്തിലെ ഭൂമിക്കു നികുതി നിർണയിച്ച് കരം അടയ്ക്കാനുള്ള സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്ക് അംഗീകാരം. ‘നികെ’ ഭൂമിയുടെ രജിസ്ട്രേഡ് കൈവശക്കാർക്കും അവരുടെ നിയമാനുസൃത പ്രതിനിധികൾക്കും നികുതി നിർണയിച്ച് അടയ്ക്കാൻ അനുവദിച്ച ഉത്തരവിന്റെ തുടർച്ചയായാണ് ഇപ്പോൾ വിശദമായ നടപടി ക്രമം രൂപവത്കരിച്ചത്.
ഇത്തരം ഭൂമിയെ ‘നികെ’ വിഭാഗത്തിൽനിന്ന് ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾക്ക് സർക്കാർ ഔദ്യോഗിക അംഗീകാരം നൽകിയെന്നു മന്ത്രി കെ. രാജൻ അറിയിച്ചു.
കേരള ലാൻഡ് ടാക്സ് ആക്ട് 1961 പ്രകാരം തഹസിൽദാർ മുതൽ ജില്ലാ കളക്ടർ വരെയുള്ളവരുടെ ചുമതലകൾ നിർണയിച്ചിട്ടുണ്ട്. ഇതനുസരിച്ച് നികുതി നിർണയ നടപടി തഹസിൽദാർ ആരംഭിക്കും.
അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം പ്രാഥമിക ഡിമാൻഡ് നോട്ടീസ് നൽകണം. തുടർന്ന് ഭൂമിയുടമയ്ക്ക് 15 മുതൽ 30 ദിവസത്തിനകം ആക്ഷേപം ഉന്നയിക്കാൻ അവസരമൊരുക്കും. വില്ലേജ് ഓഫീസറാണ് സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് അന്തിമ ഡിമാൻഡ് നോട്ടീസ് നൽകും.
പാറ, കാവ്, ക്ഷേത്രം, പള്ളി, ശ്മശാനം തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ഭൂമി പുരയിടമായി (ഡ്രൈ ലാൻഡ്) കണക്കാക്കി നികുതി നിർണയിക്കും. കുളം, ചിറ, തോട് തുടങ്ങിയവ നിലമായി (വെറ്റ് ലാൻഡ്) ബിടിആറിൽ രേഖപ്പെടുത്തും. തഹസിൽദാറുടെ അന്തിമ ഉത്തരവിനെതിരേ 30 ദിവസത്തിനകം ജില്ലാ കളക്ടർക്കു അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്. മലബാർ മേഖലയിൽ ഉൾപ്പെടെ ‘നികെ’ ഭൂമികളെക്കുറിച്ച് വർഷങ്ങളായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കും വ്യത്യസ്ത വ്യാഖ്യാനങ്ങൾക്കും ഇതോടെ വിരാമമാകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.