കോട്ടയം: കൊടും ക്രിമിനല്‍ പള്‍സര്‍ സുനിക്കെതിരേ ഏറ്റുമാനൂര്‍ കോടതിയിലും കേസ്. 2014 മേയ് 19നു പാലായിലെ വിവിധ ജ്വല്ലറികളില്‍ ആഭരണങ്ങള്‍ നല്‍കിയതിന്റെ പണവുമായി കെഎസ്ആര്‍ടിസി ബസില്‍ കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന മുംബൈ സ്വദേശിയായ യുവാവിനെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ആക്രമിച്ച് ഏഴു ലക്ഷം രൂപയാണു കവര്‍ന്നത്.
പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനിലെന്ന എന്ന പള്‍സര്‍ സുനിയായിരുന്നു പ്രധാന പ്രതി. പാലായില്‍നിന്നും ബൈക്കില്‍ ബസിനു പിന്നാലെ പോയ സുനിലും സംഘവും കിടങ്ങൂരിലെത്തിയപ്പോള് ബസില്‍ കയറി മഹാരാഷ്ട്രക്കാരനായ യുവാവിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണം തട്ടിയെടുക്കുകായിരുന്നു.
കിടങ്ങൂര്‍ കവര്‍ച്ചാ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ സുനി ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാകാതെ വന്നതോടെ കോടതി ഇയാള്‍ക്കെതിരേ വാറന്റും പുറപ്പെടുവിച്ചിരുന്നു.
അപ്പോഴെല്ലാം സിനിമാ സെറ്റുകളില്‍ പ്രമുഖരുടെ ഡ്രൈവറായി സുനി വിലസുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായശേഷം പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. അതിനാല്‍ കിടങ്ങൂരിലെ സ്വര്‍ണാപഹരണ കേസില്‍ ഏറ്റുമാനൂരിലെ വിചാരണ നടന്നിട്ടില്ല.