ആലപ്പുഴ: പുന്നപ്രയിലെ വീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ഇരവിപുരം വടക്കേവിള വില്ലേജിൽ അയത്തിൽ പുതുവിള വീട്ടിൽ നജുമുദ്ദീൻ (53) ആണ് അറസ്റ്റിലായത്. പുന്നപ്ര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 28ന് പുലർച്ചെ രണ്ടിനായിരുന്നു മോഷണം. അഞ്ചാം വാർഡിലെ വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ നജുമുദ്ദീൻ അലമാരയിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാമിന്റെ സ്വർണ മാലയും ഒരു ഗ്രാം സ്വർണത്തകിടും മോഷ്ടിക്കുകയായിരുന്നു.
സാങ്കേതിക വിവരങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. വടക്കാഞ്ചേരി, അന്തിക്കാട്, കോട്ടയം വെസ്റ്റ്, പഴയന്നൂർ, കരുനാഗപ്പള്ളി, ഇരവിപുരം, ശൂരനാട്, വീയപുരം, കുറത്തികാട്, കായംകുളം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുണ്ട്.
പുന്നപ്ര ഇൻസ്പെക്ടർ മഞ്ജുദാസ്, എസ്.ഐ. പി. രതീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസര്‍മാരായ മാഹീൻ, അബൂബക്കർ സിദ്ദീഖ്, ബിനുകുമാർ, രതീഷ്, ദബിൻഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.