ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി. സുൽത്താൻപുർ കോടതിയിലാണ് ഹാജരായത്. 2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകനായ വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.
കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തിലാണ് കേസ് കൊടുത്തത്. സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
കേസിൽ 2024 ഫെബ്രുവരിയിൽ രാഹുലിന് സുല്‍ത്താന്‍പുര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടക്കുന്ന കേസിൽ മൊഴി രേഖപ്പെടുത്താൻ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹാജരായത്.