ബെയ്റൂട്ട്: ദൃഢനിശ്ചയവും സംവാദസന്നദ്ധതയും അനുരഞ്ജനമനോഭാവവും മുറുകെപ്പിടിച്ചുകൊണ്ട് പൊതുനന്മയ്ക്കു വേണ്ടി പുനരർപ്പണം ചെയ്യാൻ രാഷ്ട്രീയനേതാക്കളെ ഉദ്ബോധിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
"സമാധാന സ്ഥാപകർ അനുഗൃഹീതർ’ എന്ന തന്റെ യാത്രയുടെ പ്രമേയം ഓർമിപ്പിച്ചുകൊണ്ട്, ജീവനെ സംരക്ഷിക്കാനും സമാധാനം നിലനിർത്താനും ദൃഢനിശ്ചയവും പ്രത്യാശയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ അനിശ്ചിതത്വവും സാന്പത്തികത്തകർച്ചയും പ്രാദേശിക അസ്ഥിരതയുംമൂലം പ്രശ്നകലുഷിതമായ ലബനന് ദിശാബോധം നല്കുന്നതായി യാത്രയുടെ ഒന്നാം ദിവസം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രാഷ്ട്രീയ നേതാക്കളോട് അദ്ദേഹം നല്കിയ ആഹ്വാനം.
ഞായറാഴ്ച വൈകുന്നേരംതന്നെ മാർപാപ്പ കർമലീത്ത സഹോദരിമാരുടെ മഠം സന്ദർശിക്കുകയും സന്യാസ ദൈവവിളിയുടെ മൂന്ന് അടിസ്ഥാനാശയങ്ങളായ എളിമ, പ്രാർഥന, പരിത്യാഗം എന്നിവയെപ്പറ്റി ഓർമിപ്പിക്കുകയും ചെയ്തു.
ലബനൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ലെയോ മാർപാപ്പ വിശുദ്ധ മാറോണിന്റെ അന്നായയിലെ ആശ്രമത്തിലെത്തി വിശുദ്ധ ഷാർബൽ മക്ലൂഫിന്റെ ശവകുടീരത്തിൽ പ്രാർഥിച്ചു. അതിരാവിലെ മുതൽ അനേകമാളുകൾ വഴിക്ക് ഇരുവശത്തും മാർപാപ്പയെ കാണാൻ കാത്തുനിന്നിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ വിശുദ്ധ ഷാർബലിന്റെ ശവകുടീരം സന്ദർശിച്ചു പ്രാർഥിക്കുന്നത്.
തുടർന്ന് ഹാരീസ പട്ടണത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തീർഥകേന്ദ്രത്തിലെത്തിയ മാർപാപ്പ, മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായ നേതാക്കളും ഉൾപ്പെട്ട സഭാനേതാക്കളുമായി സംവദിച്ചു. ആയുധങ്ങളുടെ ശബ്ദം ചുറ്റുപാടും മുഴങ്ങുന്പോഴും പ്രത്യാശ കൈവിടാതിരിക്കണമെന്ന് മാർപാപ്പ ഉപദേശിച്ചു.
അന്ധകാരവും അനിശ്ചിതത്വവും നിറയുന്പോൾപോലും വിശ്വാസസ്ഥിരതയുടെ മാതൃകയാണ് പരിശുദ്ധ മറിയമെന്ന് അനുസ്മരിച്ച മാർപാപ്പ, മറിയത്തെ മാതൃകയാക്കാൻ ആഹ്വാനം ചെയ്തു. പ്രധാനപ്പെട്ട മരിയൻ തീർഥാടനകേന്ദ്രം സന്ദർശിക്കുന്പോൾ പതിവുള്ളതുപോലെ അദ്ദേഹം മാതാവിന്റെ തിരുരൂപത്തിനു മുന്നിൽ സ്വർണത്തിൽ തീർത്ത ഒരു റോസാപ്പൂങ്കുല സമർപ്പിച്ചു. ലബനനിൽ സ്ഥാപിക്കുന്ന പുതിയ മാധ്യമകേന്ദ്രത്തിന്റെ മൂലക്കല്ല് മാർപാപ്പ ആശീർവദിക്കുകയും ചെയ്തു.
ലബനനിലെ വത്തിക്കാൻ നൂൺഷ്യേച്ചറിൽ വച്ച് പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കീസുമാരുമായി ലെയോ മാർപാപ്പ ചർച്ച നടത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, പൗരസ്ത്യ സഭാ കാര്യാലയ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറോത്തി എന്നിവരും മാർപാപ്പയോടൊത്തുണ്ടായിരുന്നു. തുടർന്ന് രാജ്യത്തെ ഓർത്തഡോക്സ് പാത്രിയർക്കീസുമാർ, ക്രൈസ്തവൈക്യത്തിനുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ് എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി.
ഉച്ചയ്ക്കുശേഷം ബെയ്റൂട്ടിലെ രക്തസാക്ഷികളുടെ ചത്വരത്തിൽവച്ചു നടന്ന എക്യുമെനിക്കൽ-മതാന്തര സമ്മേളനത്തിലും പാത്രിയർക്കൽ മൈതാനിയിൽവച്ചു നടന്ന യുവജന സമ്മേളനത്തിലും ലെയോ മാർപാപ്പ സംബന്ധിച്ചു.
ഇന്നു രാവിലെ ഹോളിക്രോസ് ആശുപത്രി സന്ദർശനത്തിനും ബെയ്റൂട്ട് തുറമുഖത്തിലെ പ്രാർഥനയ്ക്കും ശേഷം പത്തരയ്ക്ക് മാർപാപ്പ ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം റോമിലേക്കു പോകും.