കേരളം അടുത്ത അഞ്ചു വർഷം ആരു ഭരിക്കും? പുത്തനാണ്ടിൽ രാഷ്ട്രീയ ബോധമുള്ള ഓരോ മലയാളിയും ചോദിക്കുന്ന ചോദ്യമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ച വികാരം നിശ്ചയമായും കേരളത്തിന്റെ ഇപ്പോഴത്തെ മനസാണ്.
ജനമനസിൽ യുഡിഎഫാണ് മുന്നിൽ. ഈ ജനവിധിയിലെ വോട്ടിന്റെ കണക്കനുസരിച്ച് 79 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിനും 59 മണ്ഡലങ്ങളിൽ ഇടതുമുന്നണിക്കും രണ്ട് മണ്ഡലങ്ങളിൽ ബിജെപിക്കും ഭൂരിപക്ഷമുണ്ട്. യുഡിഎഫ് 505 ഗ്രാമപഞ്ചായത്തുകളും 79 ബ്ലോക്ക് പഞ്ചായത്തുകളും 54 മുനിസിപ്പാലിറ്റികളും ഏഴ് ജില്ലാ പഞ്ചായത്തുകളും നാലു കോർപറേഷനുകളും നേടി. അവർക്ക് 2020നേക്കാൾ 184 ഗ്രാമപഞ്ചായത്തും 41 ബ്ലോക്ക് പഞ്ചായത്തും നാലു ജില്ലാ പഞ്ചായത്തും 13 മുനിസിപ്പാലിറ്റിയും മൂന്നു കോർപറേഷനും കൂടുതൽ ലഭിച്ചു.
ഇടതുമുന്നണി ഇല്ലാതായില്ല. അവർക്ക് 340 ഗ്രാമപഞ്ചായത്തും 63 ബ്ലോക്ക് പഞ്ചായത്തും ഏഴു ജില്ലാ പഞ്ചായത്തും 28 മുനിസിപ്പാലിറ്റിയും ഒരു കോർപറേഷനും ലഭിച്ചു. 2020ൽ ഉണ്ടായിരുന്നവയിൽ 174 ഗ്രാമപഞ്ചായത്തും 45 ബ്ലോക്ക് പഞ്ചായത്തും നാലു ജില്ലാ പഞ്ചായത്തും 15 മുനിസിപ്പാലിറ്റിയും നാലു കോർപറേഷനും നഷ്ടപ്പെട്ടു.
ബിജെപി മുന്നണിക്ക് 26 പഞ്ചായത്തും രണ്ടു മുനിസിപ്പാലിറ്റിയും ഒരു കോർപറേഷനും ലഭിച്ചു. ഏഴു ഗ്രാമപഞ്ചായത്തും ഒരു കോർപറേഷനും കൂടുതൽ കിട്ടി.
മാനസാന്തരത്തിനുള്ള വിളി
ഇടതും വലതും മുന്നണികൾക്ക് മാനസാന്തരത്തിനുള്ള വിളിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ കാണാവുന്നതാണ്. ഒരേ ലക്ഷ്യത്തോടെ കഷ്ടപ്പെട്ടാൽ യുഡിഎഫിന് 2026ൽ കേരളം പിടിക്കാനാകും എന്ന് ഈ ഫലം സൂചിപ്പിക്കുന്നു. പിണറായി അനായാസം മൂന്നാം ഊഴത്തിൽ എത്തില്ലെന്നും വ്യക്തം. എന്നാൽ പിണറായിയുടെ മൂന്നാം ഊഴത്തിന് ഒരു സാധ്യതപോലും ഇല്ലാതായെന്ന് തെരഞ്ഞെടുപ്പു ഫലം പറയുന്നുമില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടായില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആദ്യം അവകാശപ്പെട്ടത് കടന്നകൈയായി. എന്നാൽ ഇടതുമുന്നണി ചേർന്നപ്പോൾ മുഖ്യമന്ത്രി എടുത്ത സമീപനം വ്യത്യസ്തമായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി കൂടി തെരഞ്ഞെടുപ്പു ഫലം വിലയിരുത്തിയ ശേഷം വിശദമായി സംസാരിക്കാം എന്ന് അദ്ദേഹം ഘടകകക്ഷി നേതാക്കളെ അറിയിച്ചു. അവിടെ ഭരണവിരുദ്ധ വികാരവും ശബരിമലയിലെ സ്വർണക്കൊള്ളയും പതനത്തിന് കാരണമായി എന്ന് വിലയിരുത്തപ്പെട്ടു.
പലപ്പോഴും പത്രക്കാരെ കാണാനും സംസാരിക്കാനും വിമുഖത കാട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പു പ്രചാരണകാലത്തുതന്നെ മനസു മാറ്റി. സന്തോഷത്തോടെ പത്രസമ്മേളനങ്ങൾ നടത്തി തനിക്കു മാനസാന്തരം വരുന്നു എന്ന് സൂചന നല്‍കിയത് ഈ തിരിച്ചടി മുന്നിൽ കണ്ടായിരിക്കുമോ? ഏതായാലും മുഖ്യമന്ത്രി പത്രക്കാരെ കാണാനുള്ള സ്വയം പ്രഖ്യാപിത വിലക്ക് നീക്കിയത് നല്ല മാനസാന്തരമാണ്. മൂന്നാം ഊഴത്തിന് സാധ്യത കൂട്ടുന്ന ഘടകമാണ്.
പത്രസമ്മേളനങ്ങളെ അദ്ദേഹം രാഷ്ട്രീയമായി ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് നടത്തിയ പ്രതികരണങ്ങൾതന്നെ അടയാളം. സോണിയാ ഗാന്ധിയും പോറ്റിയും അടൂർ പ്രകാശും ഒന്നിച്ചുനിൽക്കുന്ന ഫോട്ടോ എങ്ങനെ ഉണ്ടായി എന്ന അദ്ദേഹത്തിന്റെ ചോദ്യം കുറിക്കുകൊള്ളുന്നതാണ്.
മുസ്ലിം മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുപോലും കോണ്‍ഗ്രസിന്റെ പരന്പരാഗത വോട്ടു ബാങ്കുകളിൽ വലിയ ചോർച്ച ഉണ്ടാക്കിയില്ലെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. അല്ലെങ്കിൽ ഈ രാഷ്ട്രീയ ബന്ധത്തിന്റെ അപകടം ശരിക്കും ജനങ്ങളെ ബോധ്യപ്പെടുത്താൻ എതിരാളികൾക്കായില്ല എന്നെങ്കിലും മനസിലാക്കേണ്ടി വരും.
പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളോടും നേതാക്കളുടെ ധാർഷ്ട്യം കലർന്ന പെരുമാറ്റത്തോടും സാധാരണ ജനങ്ങൾക്കുള്ള അമർഷത്തെ പ്രതിരോധിക്കാൻ ഈ ആപത്കരമായ ബന്ധത്തെപോലും ജനം അവഗണിച്ചു എന്നും വായിക്കാം. അധികാരത്തിൽ, സഖാക്കളുടെ ധാർഷ്ട്യം കലർന്ന പെരുമാറ്റം പാർട്ടിക്കാരോടും ഉണ്ടായിരുന്നു എന്നതിന് തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനെക്കുറിച്ച് അവരുടെ സഖാവുതന്നെ കുറിച്ച വരികൾ സാക്ഷി. ഉന്നത പദവികളിലുള്ള സഖാക്കളോട് അമിത വിനയവും താഴെയുള്ള സഖാക്കളോടു വല്ലാത്ത ധാർഷ്ട്യവും ആയിരുന്നു മുൻ മേയർക്ക് എന്നാണ് കുറിപ്പ്. ഉയർന്ന പദവികളിൽ ഉള്ളവരോട് കാണിക്കുന്ന വിനയം ആത്മാർഥമല്ലെന്നുകൂടി ഇതിന് അർഥമുണ്ട്.
കേരളത്തിൽ പിണറായിക്ക് ബദലാകാൻ ബിജെപിക്ക് ആവില്ലെന്ന് കരുതുന്നവർ മൂന്നാം പിണറായി സർക്കാർ എന്ന ദുരന്തം ഒഴിവാക്കാൻ ബദലാകാൻ സാധിക്കുന്നവർക്ക് വോട്ടു ചെയ്തു. ഈ യഥാർഥ്യത്തിന്റെ സാക്ഷ്യമാണ് തിരുവനന്തപുരം കോർപറേഷൻ. അവിടെ ബിജെപിക്ക് ബദൽ ഭരണം സാധിക്കുമെന്ന് മനസിലാക്കിയ ജനം അവർക്ക് ഭരണം കൊടുത്തു.
ഐക്യമാണ് വിഷയം
തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിരീക്ഷണം ഏറെ ശുഭോദർക്കമാണ്. ജനാധിപത്യമുന്നണിക്ക് വൻ വിജയം കിട്ടിയപ്പോഴും അദ്ദേഹം പറയുന്നത് നിയമസഭയ്ക്കു വേണ്ടി ഇനിയും വിയർപ്പൊഴുക്കാനുണ്ടെന്നാണ്. ജനാധിപത്യമുന്നണി ശക്തമാണ്. എങ്കിലും കൂടുതൽ ശക്തമാക്കണം. ബഹുജന അടിത്തറ കൂടുതൽ വികസിപ്പിക്കണം. ഈ നിർദേശം മുസ്ലിം ലീഗും മുന്നോട്ടുവച്ചു.
പുതിയ കക്ഷികളെ കൊണ്ടുവരുന്നതിനേക്കാൾ ഇരുമുന്നണിയും ചിന്തിക്കേണ്ട ഒന്നാമത്തെ കാര്യം നിലവിലുള്ള മുന്നണികളിലെ കക്ഷികൾ മുകൾ മുതൽ അടിവരെ ഒരു മുന്നണിയായി പരസ്പരം ബലപ്പെടുത്തി പ്രവർത്തിക്കാൻ സാധിച്ചോ എന്നതും സാധിക്കുന്നുവോ എന്നതുമാണ്. നേതൃതലത്തിൽ ഉണ്ടാക്കുന്ന ഐക്യവും ധാരണയും താഴെ തലത്തിലുള്ള പ്രവർത്തകർ തമ്മിൽ ഉണ്ടാകുന്നുണ്ടോ എന്നതാണ്.
1995 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ നോക്കിയാൽ ജനാധിപത്യ മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിലെയും മുന്നണിയിലെയും അനൈക്യമാണ് അവരെ തോൽപിച്ചത് എന്ന് വ്യക്തമല്ലേ? അതു പരിഹരിക്കാതെ അമരക്കാരനെ മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതെല്ലാം വിഫലമാകും. 1996ൽ കരുണാകരനുമായുള്ള വഴക്കുകൾ, കരുണാകരന്റെ രാജി, ആന്റണിയുടെ വരവ്, ചാരക്കേസ് എല്ലാം വന്നപ്പോൾ ജനാധിപത്യമുന്നണി തോറ്റു.
കോണ്‍ഗ്രസിലെ അനൈക്യവും മുന്നണിയിലെ വഴക്കും ആയിരുന്നു യഥാർഥ വില്ലൻ. അന്ന് ലീഗും മാണിയും കോട്ടകൾ കാത്തു. 2006ൽ കരുണാകരനും മുരളിയും കലാപം ഉണ്ടാക്കി, ഉണ്ണിത്താനെ കോണ്‍ഗ്രസ് യോഗത്തിൽ വസ്ത്രാക്ഷേപം നടത്തി, കരുണാകരൻ പുതിയ പാർട്ടി ഉണ്ടാക്കി ഇടതുമുന്നണിയിൽ ചേരാൻ നോക്കി, നടന്നില്ല, തിരിച്ചുവന്നു- തോറ്റു. 2015ൽ ബാർ കോഴയും സോളാറും മറയാക്കി ജനാധിപത്യമുന്നണി സെൽഫ് ഗോളുകൾ തുരുതുരെ വീഴ്ത്തി.
മാണിയുടെ ചോരയ്ക്കുവേണ്ടി അന്ന് ഇടതുമുന്നണിക്കാരേക്കാൾ അണിയറയിൽ കരുക്കൾ നീക്കിയത് ജനാധിപത്യമുന്നണിക്കാരല്ലേ? ഉമ്മൻ ചാണ്ടിക്ക് കോണ്‍ഗ്രസുകാർ ഉണ്ടാക്കിയ കുരിശുകൾ എത്രയായിരുന്നു? മന്ത്രിമാരെ അഴിമതിക്കാർ എന്നു വിളിച്ചത് കെപിസിസി അധ്യക്ഷനായിരുന്നില്ലേ? 2021ൽ മാണിയെ മുന്നണിക്കു പുറത്താക്കി, തോറ്റു. ഇടതുമുന്നണിയിലെ ഐക്യവും ജനാധിപത്യമുന്നണിയിലെ അനൈക്യവുമാണ് അവരെ തോൽപിച്ചത്.
അടിത്തറ വികസിപ്പിക്കാനാവുമോ?
നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽകണ്ട് ജനാധിപത്യമുന്നണിയുടെ അടിത്തറ വികസിപ്പിക്കണമെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ആവശ്യപ്പെട്ടത് യാഥാർഥ്യബോധമുള്ള നിലപാടാണ്. ദൗർബല്യമായി കരുതുന്നവരും ഉണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെയോ ലോക്സഭാ തെരഞ്ഞെടുപ്പിലെയോ വിജയം നിയമസഭയിൽ ആവർത്തിക്കും എന്ന് ഉറപ്പില്ല. കേരള കോണ്‍ഗ്രസ്-എമ്മിനെ ഇടത്തുനിന്നു ചാടിക്കാനായാൽ ജനാധിപത്യമുന്നണിയെ കൂടുതൽ ശക്തമാക്കാം എന്ന് മാത്രമല്ല, ഇടതുമുന്നണിയെ കൂടുതൽ ദുർബലമാക്കാം എന്നതും അതിന്റെ നേട്ടമാണ്.
1975ലും 1981ലും കോണ്‍ഗ്രസ് കളിച്ച കളിയാണിത്. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുവിരുദ്ധ വികാരത്തെ നേരിട്ട് 250ഓളം വാർഡുകൾ നേടിയ കേരള കോണ്‍ഗ്രസ്-എം ശക്തമാണെന്ന് ജനാധിപത്യമുന്നണിയിലെ നേതാക്കൾക്കറിയാം.