ഇന്ത്യൻ നിരത്തുകളിൽ എസ്യുവി വിപ്ലവത്തിന് തുടക്കമിട്ട റെനോ ഡസ്റ്റർ പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും എത്തിയിരിക്കുകയാണ്. മികച്ച ഫീച്ചറുകളും കരുത്തുറ്റ ഹൈബ്രിഡ് എൻജിനുമായി എത്തുന്ന പുതിയ ഡസ്റ്റർ വിപണിയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ പ്രതീക്ഷ. അതേസമയം തീപിടിക്കുന്നുവെന്ന പഴയ ചീത്തപ്പേര് പുതിയ ഡസ്റ്റർ മാറ്റുമോയെന്ന ആകാംക്ഷയിലാണ് വാഹന പ്രേമികൾ.
പഴയ ഡസ്റ്റർ അതിന്റെ കരുത്തുറ്റ നിർമാണ രീതിക്കും ഓഫ് റോഡ് പ്രകടനത്തിനും പ്രശസ്തമായിരുന്നെങ്കിലും ഇന്റീരിയർ ഫീച്ചറുകളുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും കാര്യത്തിൽ അല്പം പിന്നിലായിരുന്നു. എന്നാൽ പുതിയ മോഡൽ ആ കുറവുകളെല്ലാം പരിഹരിക്കുന്നുണ്ട്.
പഴയ മോഡലിലെ ഡീസൽ എൻജിന് പകരമായി ഹൈബ്രിഡ് എൻജിനുകളാണ് പുതിയ ഡസ്റ്ററിലുള്ളത്. ഡിസൈൻ പൂർണമായും മാറിയെങ്കിലും പഴയ ഡസ്റ്ററിന്റെ ആ "മസിൽ’ ലുക്ക് നിലനിർത്താൻ റെനോയ്ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പഴയ വാഹനത്തിലുണ്ടായിരുന്ന "സിംഗിൾ ഡിൻ’ ഓഡിയോ സിസ്റ്റത്തിന് പകരം അതിനൂതനമായ വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകളാണ് പുതിയ പതിപ്പിൽ.
► പുറംമോടി
ബോക്സി ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ മുൻവശത്ത് "വൈ’ ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലാന്പുകളും പുതിയ ഗ്രില്ലും ശ്രദ്ധേയമാണ്. പിന്നിൽ "സി’ ആകൃതിയിലുള്ള ടെയിൽ ലാന്പുകൾ ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്നു. പുതിയ റെനോ ലോഗോയോടുകൂടിയ ബ്ലാക്ക്ഡ് ഒൗട്ട് ഗ്രില്ല് വാഹനത്തിന് ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകുന്നു. സ്ക്വയർഡ് ഓഫ് വീൽ ആർച്ചുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, റൂഫ് റെയിലുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ചേർന്ന് വാഹനത്തിന്റെ എസ്യുവി സ്വഭാവം കൂടുതൽ ശക്തമാക്കുന്നുണ്ട്.
► അകംമോടി
പഴയ ഡസ്റ്ററിനെക്കുറിച്ച് ഏറ്റവും കൂടുതൽ വിമർശനം ഉയർന്നിരുന്നത് ഇന്റീരിയറിന്റെ ക്വാളിറ്റിയെയും ഫീച്ചർ കുറവിനെയുമായിരുന്നു. പുതിയ ഡസ്റ്ററിൽ റെനോ ആ ഭാഗം പൂർണമായും പരിഹരിച്ചിരിച്ചിട്ടുണ്ട്. കാബിനിൽ സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, ഡ്യുവൽ ടോണ് തീം, പ്രീമിയം ഫാബ്രിക് അല്ലെങ്കിൽ ലെതറെറ്റ് സീറ്റുകൾ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഡാഷ്ബോർഡിൽ 10.1 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ഇടംപിടിച്ചിരിക്കുന്നു. പനോരമിക് സണ്റൂഫ് ആണ് മറ്റൊരു വലിയ പ്രത്യേകത. പുതിയ മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നിലത്തെ യാത്രക്കാർക്ക് കൂടുതൽ ലെഗ്റൂവും ഹെഡ്റൂവും ലഭിക്കുന്ന തരത്തിലാണ് കാബിൻ ഡിസൈൻ ചെയ്തിരിക്കുന്നത്.
► കരുത്ത്
മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുന്നത്. സെഗ്മെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ എൻജിനുകളിൽ ഒന്നായ 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് പുതിയ ഡസ്റ്ററിൽ. 163 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമാണ് ഈ എൻജിൻ നൽകുന്നത്. ആറ് സ്പീഡ് മാനുവൽ, ഡിസിടി ഗിയർബോക്സ് ഓപ്ഷനുകൾ ഇതിൽ ലഭിക്കും.
നഗരയാത്രകളിൽ 80 ശതമാനവും ഇലക്ട്രിക് മോഡിൽ ഓടിക്കാൻ സാധിക്കുന്ന 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എൻജിൻ പതിപ്പും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്. 100 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ബേസ് വേരിയന്റുകളിൽ ലഭ്യമാകും. കൂടാതെ ഓഫ് റോഡ് പ്രേമികൾക്കായി 4x4 ഡ്രൈവ് സിസ്റ്റവും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
► ഫീച്ചറുകൾ
സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് റെനോ സ്വീകരിച്ചിരിക്കുന്നത്. ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, എബിഎസ്, ഇബിഡി എന്നിവയ്ക്ക് പുറമെ ലെവൽ-2 അഡാസ് സുരക്ഷാ ക്രമീകരണങ്ങളും ഇതിലുണ്ട്. ലെയിൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഗൂഗിൾ ബിൽറ്റ് ഇൻ ഒഎസ് ഉള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്മാർട്ട്ഫോണ് പോലെ തന്നെ എളുപ്പത്തിൽ ഉപയോഗിക്കാം.
ആധുനികമായ മാറ്റങ്ങളോടെ പുതിയ പതിപ്പ് എത്തുന്നതോടെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വന്പൻമാരുമായി നേരിട്ട് മത്സരിക്കാനാണ് റെനോ ലക്ഷ്യമിടുന്നത്. മാർച്ചിലായിരിക്കും റെനോ ഡസ്റ്ററിന്റെ ഒൗദ്യോഗിക വില പ്രഖ്യാപിക്കുക.