തിരുവനന്തപുരം: കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ പ്രതിയായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന കേസിലും പ്രതി ചേർത്തു.
രണ്ടാം കേസിൽ പത്മകുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ദ്വാരപാലക ശില്പ പാളികളിലെ സ്വർണം ചെന്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതോടെ ശബരിമല സ്വർണക്കൊള്ളയിലെ രണ്ടു കേസിലും പത്മകുമാർ പ്രതിയായി. പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടാനുള്ള റിപ്പോർട്ടിനൊപ്പമാണ് രണ്ടാം കേസിലും പ്രതിയാക്കിയ റിപ്പോർട്ട് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.
2019ലാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ പാളികൾ പോറ്റിക്കു കൈമാറി അതിലെ സ്വർണം കവർന്നത്. ദേവസ്വം ബോർഡ് മിനിറ്റ്സിൽ ചെന്പ് എന്നെഴുതിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും ബോർഡിലെ മറ്റ് രണ്ട് അംഗങ്ങളെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാറിന്റെ ജാമ്യഹർജിയിൽ പറയുന്നു. ജാമ്യഹർജി എട്ടിനു കോടതി പരിഗണിക്കും.