നിലന്പൂർ: ഷൊർണൂരിലെത്തി ഓട്ടം അവസാനിപ്പിച്ച് തിരിച്ചുപോകുന്ന വേണാട് എക്സ്പ്രസ് സർവീസ് നിലന്പൂർ വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. സർവീസ് നിലന്പൂർ വരെയാക്കിയാൽ നൂറുക്കണക്കിന് യാത്രക്കാക്ക് ഏറെ സഹായകരമാകും.
റെയിൽവേക്ക് അധികബാധ്യതയില്ലാതെ തന്നെ ട്രെയിൻ സർവീസ് ഷൊർണൂരിൽനിന്ന് നിലന്പൂർ വരെ നീട്ടാമെന്നാണ് പി.വി. അബ്ദുൾ വഹാബ് എംപിയുടെയും ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെയും നിലന്പൂർ-മൈസൂരു റെയിൽവേ കർമസമിതി ഭാരവാഹികളുടെയും നിലപാട്. എന്നാൽ സാങ്കേതിക തടസങ്ങളാൽ തീരുമാനം നീളുകയാണ്.
നിലവിൽ വേണാട് എക്സ്പ്രസ് 12.30ന് ഷൊർണൂരിലെത്തി 2.35ന് മടങ്ങും. ഷൊർണൂരിലെത്തി സർവീസ് തുടർന്നാൽ 1.50ന് നിലന്പൂരിലെത്തും. രാവിലെ 11.30ന് നിലന്പൂരിൽ എത്തുന്ന കോട്ടയം എക്സ്പ്രസ് 1.10ന് വേണാട് എക്സ്പ്രസായി സർവീസ് ക്രമീകരിച്ചാൽ 2.35ന് തന്നെ ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാം.
1.10ന് നിലന്പൂരിലെത്തുന്ന വേണാട് എക്സ്പ്രസ് 3.15ന് കോട്ടയം എക്സ്പ്രസായി ഓടിയാൽ മതിയെന്നാണ് നിർദേശം. നിലന്പൂർ, വാണിയന്പലം, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ 22 കോച്ചുകളെ ഉൾക്കൊള്ളാൻ പാകത്തിൽ വികസിപ്പിച്ചാൽ വേണാട് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക് നിലന്പൂർ വരെ സർവീസ് നടത്താം.