മുംബൈ: കൊച്ചിൻ ഷിപ്യാർഡിന്റെ ഓഹരിവിലയിൽ ഇന്നലെ വൻ മുന്നേറ്റം. പ്രതിരോധ മന്ത്രാലയത്തിന്റെ വന്പിച്ച കരാറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ (L1 bidder) കന്പനിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് ഓഹരി വില ഉയർത്തിയത്.
ഇന്നലെ വ്യാപാരത്തിനിടെ ഷിപ്യാർഡിന്റെ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്ന് 1,574.50 രൂപയിലെത്തി. വ്യാപാരം പൂർത്തിയായപ്പോൾ ഓഹരിവില 3.82 ശതമാനം ഉയർന്ന് 1525.60 രൂപയിലെത്തി.
ഇന്ത്യൻ നാവികസേനയ്ക്കായി അഞ്ച് അത്യാധുനിക സർവേ വെസലുകൾ (Next-Generation Survey Vessels) നിർമിക്കുന്നതിനായുള്ളതാണ് ഈ കരാർ. ഏകദേശം 5,000 കോടി രൂപയുടെ നിർണായകമായ പ്രതിരോധ കരാർ കൊച്ചിൻ ഷിപ്യാർഡിന് വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കൊച്ചിൻ ഷിപ്യാർഡിനെ കുറഞ്ഞ തുക രേഖപ്പെടുത്തിയ കന്പനിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒൗദ്യോഗികമായി കരാർ ഒപ്പിടുന്നത് ആവശ്യമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷമാകും.
കഴിഞ്ഞ ഡിസംബർ പാദത്തിൽ കന്പനി റിപ്പോർട്ട് ചെയ്ത 1,350 കോടി രൂപയുടെ ആകെ വരുമാനത്തിന്റെ ഏകദേശം നാലിരട്ടിയാണ് ഈ പുതിയ കരാറിന്റെ മൂല്യം. എന്നാൽ, മൂന്നാം പാദത്തിലെ ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 18.3 ശതമാനം താഴ്ന്ന് 145 കോടി കോടി രൂപയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായ നഷ്ടത്തിനുശേഷമാണ് കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഇന്നലെ കുതിച്ചത്. ഫെബ്രുവരിയിൽ ഇതുവരെ കന്പനിയുടെ ഓഹരിവില ഏഴു ശതമാനമാണ് കുറഞ്ഞത്. ആറു മാസത്തിനിടെ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. കൊച്ചിൻ ഷിപ്യാർഡ് ഓഹരികളിലെ മുന്നേറ്റം മൊത്തത്തിലുള്ള പ്രതിരോധ ഓഹരികളിലും പ്രതിഫലിച്ചു. രണ്ടാഴ്ചയ്ക്കിടെയിലെ ഉയർന്ന നിരക്കായ 1.34 ശതമാനം നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
കേരളം ആസ്ഥാനമായ പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡ് കപ്പൽ നിർമാണത്തിലും അറ്റകുറ്റപ്പണികളിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.