വടക്കഞ്ചേരി: ടൗണിനടുത്ത് തിരുവറ റോഡിൽ പുളിപറമ്പിൽ കിടപ്പുരോഗിയായ വീട്ടമ്മയെ തെരുവുനായ കടിച്ചുവലിച്ച് ഗുരുതരമായ പരിക്കേറ്റു.
പുളിപറമ്പ് പെരിയപ്പുവിന്റെ ഭാര്യ വിശാലത്തിനാണ് (55) കടിയേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷംജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുമുന്നിൽ ഇറയത്തെ കട്ടിലിൽ കിടക്കുകയായിരുന്നു വിശാലം. ഓടിയെത്തിയ തെരുവുനായ ഇവരുടെ ഇടതുകൈയിൽ കടിച്ചുവലിക്കുകയായിരുന്നു.
മാംസം ഇളകി എല്ലുകൾ പുറത്തേക്കുതള്ളിയ നിലയിലായി. കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് നായയെ കല്ലെറിഞ്ഞുമാറ്റി വിശാലത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
നാട്ടിൽ ഭീതിപരത്തി ഓടിനടന്ന നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.