തൃശൂർ: ദശാബ്ദത്തിനുശേഷം പൂരനഗരിയിലേക്കു തിരിച്ചെത്തിയ പ്രഫഷണൽ ഫുട്ബോൾ ആവേശത്തിനു സോക്കർ മാന്ത്രികരുടെ വിജയതാളം. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂരിലെ ആദ്യ ഹോം മത്സരത്തിൽ മാജിക് എഫ്സി 2-1നു മലപ്പുറം എഫ്സിയെ തോൽപ്പിച്ചു. ഇതോടെ തൃശൂർ 13 പോയിന്റുമായി ലീഗ് ടേബിളിന്റെ ഒന്നാംസ്ഥാനത്തേക്കു കുതിച്ചു.
മത്സരം തുടങ്ങി നാലാം മിനിറ്റിൽ ബിബിൻ അജയന്റെ ക്രോസിൽ ഇവാൻ മാർക്കോവിച്ചിന്റെ ഗോളിലൂടെ മാജിക് എഫ്സി മുന്നിലെത്തി. രണ്ടുമിനിറ്റിനകം മലപ്പുറം എഫ്സിയുടെ ജോണ് കെന്നഡി മികച്ചൊരു ലോംഗ് ഷോട്ടിലൂടെ ടീമിനായി സമനിലഗോൾ നേടി. 27-ാം മിനിറ്റിൽ, തൃശൂർ മാജിക് എഫ്സിക്കുവേണ്ടി എസ്.കെ. ഫായിസ് രണ്ടാംഗോൾ കുറിച്ചു. ഇത്തവണയും ബിബിൻ അജയന്റെ ക്രോസിലാണ് ഗോൾ വന്നത്.
മലപ്പുറത്തിന്റെ ആക്രമണത്തോടെയാണ് രണ്ടാംപകുതി ആരംഭിച്ചത്. ബിബിൻ അജയന്റെയും അലൻ ജോണിന്റെയും തേജസ് കൃഷ്ണയുടെയും പ്രതിരോധവും ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ ഒന്നാന്തരം സേവുകളും മലപ്പുറത്തെ സമനില ഗോളിൽനിന്നും അകറ്റി.