പത്തനംതിട്ട: സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ സങ്കീർണതകളേറുന്നു. വോട്ടർപട്ടികയിലെ പുതിയ വോട്ടർമാരെയാണ് ഓരോ കാരണം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത്. ഫെബ്രുവരി 21നു പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർപട്ടികയിൽ പേരുൾപ്പെടുത്താൻ വേണ്ടിയുള്ള നടപടിക്രമങ്ങളാണ് നീളുന്നത്.
കഴിഞ്ഞ ഡിസംബർ 23ന് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന് ശേഷം 9,49,632 വോട്ടര്‍മാരുടെ പട്ടിക ജില്ലയിൽ പുറത്തിറക്കിയിരുന്നു. 10,47,976 വോട്ടര്‍മാരാണ് മുമ്പുണ്ടായിരുന്നത്. മരണം, കണ്ടെത്താന്‍ കഴിയാത്തത്, ഇരട്ടിപ്പ്, സ്ഥലംമാറ്റം എന്നീ കാരണത്താല്‍ 98,334 വോട്ടര്‍മാരെ ഒഴിവാക്കിയാണ് പട്ടിക പുറത്തുവന്നത്.
കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അവകാശവാദവും എതിര്‍പ്പും സമർപ്പിക്കാൻ അവസരം നൽകിയിരിക്കുകയാണ്. അന്നു മാപ്പിംഗ് നടത്താന്‍ സാധിക്കാത്ത 73,766 വോട്ടര്‍മാര്‍ക്കും ഹിയറിംഗ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനു പുറമേ 2002ലെ വോട്ടർപട്ടികയിൽ ഇല്ലാതിരിക്കുകയും പുതിയ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തവരെ തേടിയാണ് ഇപ്പോൾ നൂലാമാലകൾ ഉയരുന്നത്.
ഇക്കാലയളവിൽ 18 വയസ് തികഞ്ഞു പുതുതായി പട്ടികയിൽ ഇടംതേടിയവരെയെല്ലാം ബിഎൽഒമാർ തേടി ഇറങ്ങിയിരിക്കുകയാണ്. ഇവരുടേതായി സമർപ്പിക്കപ്പെട്ട രേഖകളിലെ സാധൂകരണം തേടിയാണ് ബിഎൽഒമാരുടെ നടപടി.
പുതിയ വോട്ടർമാരുടെ പേരും വിലാസവു തെളിയിക്കുന്നതിനൊപ്പം രക്ഷിതാക്കൾ ഉൾപ്പെടെ ഇവർ ബന്ധപ്പെട്ട ഫോമിൽ നൽകിയ പേരുകാരുടെ ആധാർ ഉൾപ്പെടെയുള്ള രേഖകളും തേടുന്നുണ്ട്. ഇത്തരം നടപടി ക്രമങ്ങളുടെ പേരിൽ പലയിടത്തും സങ്കീർണതകളേറുകയാണ്. 2002ലെ പട്ടികയിൽ ഉൾപ്പെടാതെ പോയവർ പുതിയ പട്ടികയിലുണ്ടെങ്കിലും വോട്ട് ഉറപ്പിച്ചു നിർത്താൻ നടപടിക്രമങ്ങൾ പാലിക്കണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ കുരുക്കായിരിക്കുന്നത്.
മിസ് മാച്ചിംഗ് പ്രശ്നം
വോട്ടർമാർ സമർപ്പിച്ചിട്ടുള്ള രേഖകളിലെ പൊരുത്തക്കേടുകളാണ് പ്രശ്നമാകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ രാപകൽ അധ്വാനിച്ച ബിഎൽഒമാരെ വീണ്ടും കുരുക്കിലാക്കുന്ന ഉത്തരവുകളാണ് പ്രശ്നമെന്ന് മറുവാദവുമുണ്ട്. വോട്ടർമാരെ നേരിൽ കണ്ട് മിസ്മാച്ചിങ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് നിർദേശം. എന്നാൽ സമയക്കുറവും ജോലിഭാരവും ചൂണ്ടിക്കാട്ടി ബിഎൽഒമാരിൽ ഭൂരിപക്ഷവും അതിനു തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഇക്കാരണത്താൽ ഇത്തരം വോട്ടർമാർ ഹിയറിംഗിനായി ഓഫീസുകൾ യറി ഇറങ്ങേണ്ട സഹചര്യമുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ളവരും അതിനു ശേഷം പട്ടികയിൽ ഉൾപ്പെടുവാൻ വീണ്ടും രേഖകളുമായി കയറിയിറങ്ങുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം: മാത്യു കുഴൽനാടൻ
പത്തനംതിട്ട: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ ദിവസങ്ങൾ കഴിയുംതോറും സങ്കീർണതകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതു പരിഹരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിസംഗത പുലർത്തുകയാണെന്നും കെപിസിസി വൈസ് പ്രസിഡന്റ് മാത്യു കുഴൽനാടൻ എംഎൽഎ.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്ഐആർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കോഓർഡിനേറ്റർമാർ, ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എന്നിവരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ളവരും അതിനു ശേഷം പട്ടികയിൽ ഉൾപ്പെടുവാൻ യോഗ്യരായവരുമായ എല്ലാവരേയും പട്ടികയിൽ ഉൾപ്പെടുത്തുവാൻ സുതാര്യമായ നടപടികൾ വേണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലുള്ള ബിഎൽഎമാരും ബൂത്ത് പ്രസിഡന്റുമാർ അടക്കമുള്ള ഭാരവാഹികളും നേതാക്കളും എസ്ഐആർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളത്തം വഹിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ പി മോഹൻരാജ്, കെ പി ശ്രീകുമാർ, എബി കുറിയാക്കോസ്, സെക്രട്ടറി റിങ്കു ചെറിയാൻ, ഡിസിസി ഭാരവാഹികളായ എ സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, ഏഴംകുളം അജു, കാട്ടൂർ അബ്ദുൾ സലാം, ഏഴംകുളം അജു, ജി രഘുനാഥ്, എസ് വി പ്രസന്നകുമാർ, ഷാം കുരുവിള, കോശി പി. സഖറിയ, ഡി എൻ തൃദീപ്, എലിസബത്ത് അബു എന്നിവർ പ്രസംഗിച്ചു.