കഴിഞ്ഞ നവംബർ ഒന്നിന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ ഷെയർ ചെയ്തു. പനവേലിലെ തന്റെ ഫാം ഹൗസിൽ കൗബോയ് ലുക്കിൽ ഒരു കുതിരയ്ക്കു സമീപം നിൽക്കുന്ന ചിത്രം.
അതിനു താഴെ ഗായകൻ മാൻ പാനുവിനെ പേരെടുത്തുപറഞ്ഞ് അദ്ദേഹത്തിന്റെ പാട്ടിനെക്കുറിച്ച് സൽമാൻ എഴുതി- "ഒരുപാടു കാലത്തിനുശേഷം ഒരു അതിശയകരമായ പാട്ട്.. അഭിനന്ദനങ്ങൾ! ഇത് എന്റെ സിനിമയിലെ പാട്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു...'
"നൗ ഐ ആം ഡണ്‍!' എന്നായിരുന്നു ഗായകന്റെ ഹൃദയപൂർവമുള്ള മറുപടി. ഐ ആം ഡണ്‍ എന്നാണ് ആ പാട്ടിന്റെ പേരും.
ആരാണ് മാൻ പാനു?
ഉത്തരാഖണ്ഡിൽ 2000 ജൂലൈ അഞ്ചിനാണ് മാൻ പാനു എന്ന ഗായകന്റെ ജനനം. കുമയൂണ്‍ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. ഇരുപത്തിരണ്ടാം വയസിൽ ഹൈടെക് പ്രോഓഡിയോ ഇന്ത്യ എന്ന കന്പനിയിൽ മാർക്കറ്റിംഗ് ഇന്റേണ്‍ ആയി പ്രവർത്തിച്ചുതുടങ്ങി. തുടർന്ന് ഏതാണ്ടു മൂന്നുകൊല്ലം മുംബൈയിലെ ഫർ സ്റ്റുഡിയോയിൽ അസിസ്റ്റന്റ് മ്യൂസിക് പ്രൊഡ്യൂസറായിരുന്നു.
പിന്നീട് സംഗീതനിർമാണ സ്ഥാപനമായ സോയീയിൽ ഗായകനും ഗാനരചയിതാവുമായി. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള എട്ടുമാസക്കാലമാണ് അവിടെയുണ്ടായിരുന്നത്. സെപ്റ്റംബറിൽ അയാൾ ഒരു പാട്ടുണ്ടാക്കി. വാർണർ മ്യൂസിക് ഇന്ത്യയുടെ ഐ-പോപ്സ്റ്റാർ വോള്യം 1ൽ ഉൾപ്പെട്ട ആ ഗാനം ചെവികളിൽനിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകി. ഇതേ ഗാനത്തെയാണ് സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ വാഴ്ത്തിയത്. പിന്നെയത് ദശലക്ഷങ്ങളുടെ പ്രിയഗാനമായി.
ലാളിത്യം, വൈകാരികമായ ആഴം, പാനുവിന്റെ സുന്ദരശബ്ദം- ഇത്രയും കാരണങ്ങളാണ് പാട്ടു പറന്നതിനു പിന്നിൽ. വന്പൻ ആരാധകവൃന്ദമാണ് മാൻ പാനുവിന് ഇപ്പോൾ ഉള്ളത്. ഐ-പോപ്സ്റ്റാർ റിയാലിറ്റി ഷോയിൽ ആദിത്യ രിഖാരി നയിക്കുന്ന ടീമിലെ മത്സരാർഥിയാണ് പാനു.
ഹാർട്ട്ബ്രേക്ക് ആൻതം
വിരഹഗാനങ്ങൾക്ക് എല്ലാ ഭാഷകളിലും എല്ലാ കാലത്തും ആരാധകരുണ്ട്. വ്രണിതഹൃദയങ്ങൾ ദുഃഖഗാനങ്ങൾ കേട്ടാണ് ആശ്വസിക്കാറെന്ന് പഠനങ്ങൾപോലും വന്നു. പാനുവിന്റെ പാട്ട് ഒരു ഇമോഷണൽ ബ്രേക്കിംഗ് ഫ്രീ കഥയാണ് പറയുന്നത്. വിരഹത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിന്നെ ഞാൻ ഓർമിക്കാറില്ല, നീ പോയതിൽ എനിക്കു വിഷമവുമില്ല എന്നാണ് വരികളുടെ തുടക്കം. നിന്നെയിപ്പോൾ കാത്തിരിക്കാറില്ലെന്നും മനസിൽ ഒരു ചോദ്യവും ബാക്കിയില്ലെന്നും ഹൃദയം തകർത്തയാളോട് ഗായകൻ പറയുന്നു. ഐ-പോപ്സ്റ്റാർ പ്ലാറ്റ്ഫോമിൽ പുഞ്ചിരിക്കുന്ന മുഖത്തോടെ മാൻ പാടുന്നതു കാണുന്പോൾ പ്രണയപരാജയമൊക്കെ ഇത്രവലിയ സംഭവമാണോ എന്നു തോന്നും. ജീവിതാനുഭവങ്ങളെയാണ് താൻ വരികളും ഈണങ്ങളുമാക്കുന്നതെന്ന് അയാൾ പറയുന്നു.
തന്റെ പഴയഗാനങ്ങളിൽനിന്ന് തീർത്തും വിഭിന്നമായി ഈ പാട്ടിനെ ഒരുക്കാൻ പാനുവിനു കഴിഞ്ഞിട്ടുണ്ട്. മിനിമലിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്നതാണ് ഓർക്കസ്ട്രേഷൻ. ഹൃദയമിടിപ്പിനെ ഓർമിപ്പിക്കുന്ന ബീറ്റുകൾ. ഒരുപക്ഷേ ഒറ്റയ്ക്കിരുന്നു വീണ്ടും കേൾക്കാൻ തോന്നിപ്പിക്കും അത്.
പാട്ടുകേട്ട് ഒരാൾ എഴുതിയ കമന്റ് ഇങ്ങനെ: "വെറുതെ കരഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം ഇങ്ങനെ പറയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിപ്പിക്കുന്നു, ഓരോ വരികളും...' പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ടിക് ടോക് വീഡിയോകളും മറുപടി പതിപ്പുകളും ഫീമെയിൽ വേർഷനുകളും നിറയുകയാണ് സോഷ്യൽ മീഡിയയിൽ.
ഏക് ദിൻ കാ രാജാ
പെട്ടെന്ന് എവിടെനിന്നോ വന്ന് ഒറ്റ പാട്ടുകൊണ്ട് വൈറലാവുകയും പിന്നീട് എവിടെയും കാണാതാവുകയും ചെയ്ത ഒട്ടേറെ ഗായകരുണ്ട്. ഓ, ഇങ്ങനെയൊരു ഹിറ്റ് പാട്ടുണ്ടായിരുന്നല്ലോ എന്ന് ഓർമിച്ചാലും അതിനുപിന്നിൽ ആരായിരുന്നുവെന്ന് അറിയാത്തവിധം.
എന്നാൽ ഐ ആം ഡണ്‍ കേട്ടിടത്തോളം മാൻ പാനു മറവിയിലേക്കു മായാൻ സാധ്യത കുറവാണ്. ഒരുദിവസത്തേക്കു മാത്രമുള്ള രാജാവല്ല, പാട്ടിന്റെ രാജകുമാരനാണ് അയാളെന്നു ചുരുക്കം.