ബംഗളൂരു: വിജയ് ഹസാരെ ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. കലാശപ്പോരിൽ സൗരാഷ്ട്രയെ 38 റൺസിന് തകർത്താണ് അവർ കിരീടം ചൂടിയത്. വിദര്‍ഭയുടെ ആദ്യ കിരീടമാണിത്. സ്കോർ: വിദർഭ 317/8. സൗരാഷ്ട്ര 279/10 (48.5). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിദർഭ എട്ടുവിക്കറ്റ് നഷ്ടത്തിൽ 317 റൺസ്നേടി.
318 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 48.5 ഓവറിൽ 279 റൺസിന് എല്ലാവരും പുറത്തായി. 88 റൺസ് നേടിയ പ്രേരാക് മങ്കാദാണ് അവരുടെ ടോപ് സ്കോറർ. ചിരാഗ് ജാനി (64) അർധസെഞ്ചുറി നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
നാല് വിക്കറ്റ് നേടിയ യഷ് താക്കൂറാണ് സൗരാഷ്ട്രയുടെ നടുവൊടിച്ചത്. മൂന്ന് വിക്കറ്റുമായി നാച്ചിക്കെറ്റ് ബൂറ്റെയും തിളങ്ങി. അഥർവ തൈഡെയുടെ (128) സെഞ്ചുറിയും യഷ് റാത്തോഡിന്റെ (54) അർധസെഞ്ചുറിയുമാണ് വിദർഭയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
സൗരാഷ്ട്രയ്ക്കായി അൻഗുർ പൻവർ നാലും ചേതൻ സക്കാരിയായും ചിരാഗ് ജാനിയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. അഥർവ തൈഡെയെ കളിയിലെ താരമായും അമൻ മൊഖാഡെയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.