National
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. രാജ്യത്തെ നടുക്കിയ സംഭവമാണെന്ന് പരാമർശിച്ചാണ് കോടതി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക.
സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ടിവികെ ഹര്‍ജി നൽകിയത്.
സെപ്റ്റംബർ 27 നാണ് കരൂരിൽ തമിഴക വെട്രി കഴകം സ്ഥപകനും നടനുമായ വിജയ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.
National
ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്ന് സുപ്രീംകോടതി.
നാലുമാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് വിചാരണക്കോടതിക്ക് നിർദേശം നൽകിയത്.
കേസിലെ മറ്റൊരു പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പിന്നാലെ ഹർജി പരിഗണിച്ച കോടതി അന്തിമവാദങ്ങൾ പൂർത്തിയാക്കി വിധി പറയണമെന്ന് നിർദേശം നൽകുകയായിരുന്നു. 2008ല്‍ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പരകളിൽ 31ാം പ്രതിയാണ് മഅദനി. കേസിലെ 28ാം പ്രതിയാണ് താജുദ്ദീൻ.
കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന മഅദനി നിലവിൽ ജാമ്യത്തിലാണ്. രോഗിയായ അദ്ദേഹം സുപ്രീംകോടതി നൽകിയ ജാമ്യവ്യവസ്ഥയിൽ കേരളത്തിൽ ചികിത്സയിലാണ്.
Kerala
ന്യൂഡൽഹി: ആലപ്പുഴ ഷാൻ കൊലക്കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകി സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം നൽകിയിരുന്നു.
എന്നാൽ ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്താണ് നാലുപ്രതികളും സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം ഫയല്‍ ചെയ്തത്.
സാക്ഷികളുടെ സുരക്ഷഉറപ്പാക്കണം എന്ന കർശന നിർദേശം സംസ്ഥാന പോലീസിന് നൽകിക്കൊണ്ടാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന് ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു.
ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴയിലും പാലക്കാടും ആണ് കേരളത്തത്തില്‍ അവസാനമായി വര്‍ഗീയ കൊലപാതകകങ്ങള്‍ നടന്നതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ഫയല്‍ ചെയ്ത സത്യവാഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Leader Page
എരിതീയിൽ ക്രൈസ്തവർ -3
ക്രൈസ്തവർക്കെതിരേയുള്ള പീഡനങ്ങൾ ഇന്ത്യയിലൊട്ടാകെയുള്ളതാണെങ്കിലും ചില പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഉത്തർപ്രദേശും ഛത്തീസ്ഗഡും ക്രിസ്ത്യൻവിരുദ്ധ സംഭവങ്ങളിൽ മുൻനിരയിൽ നിൽക്കുന്നു. 2023ൽ, യുപിയിൽ മാത്രം 301 എണ്ണം റിപ്പോർട്ട് ചെയ്തു. മതപരിവർത്തന വിരുദ്ധ നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെയും സജീവമായ ഹിന്ദുത്വ ജാഗ്രതാ സാന്നിധ്യത്തിന്റെയും പ്രതിഫലനമാണിത്. ഗണ്യമായ ആദിവാസി ക്രിസ്ത്യൻ ജനസംഖ്യയുള്ള ഛത്തീസ്ഗഡിൽ ഡസൻ കണക്കിന് ആക്രമണങ്ങളും നടന്നു. ഇതിൽ മുഴുവൻ ക്രൈസ്തവ ഗ്രാമങ്ങളും സാമൂഹിക ബഹിഷ്കരണവും അക്രമവും നേരിടുന്ന സംഭവങ്ങളും ഉൾപ്പെടുന്നു.
ഛത്തീസ്ഗഡിൽ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു പ്രശ്നം ക്രിസ്ത്യാനികൾക്ക് പൊതുശ്മശാനങ്ങളിൽ സംസ്കാരത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്നതാണ്. ചില ഗ്രാമങ്ങളിൽ, ക്രിസ്ത്യാനികൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തില്ലെങ്കിൽ പൊതുകിണറുകളിൽനിന്ന് വെള്ളം എടുക്കുന്നതിനോ മറ്റ് പൊതുവസ്തുക്കൾ ഉപയോഗിക്കുന്നതിനോ വിലക്കുണ്ട്. ക്രിസ്ത്യൻ ശവകുടീരങ്ങൾ അശുദ്ധമാക്കുമെന്ന പരസ്യമായ ഭീഷണി അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രവണതയാണ്. കുഴിച്ചെടുക്കുകയോ നിർബന്ധിച്ച് ദഹിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
സുപ്രീം കോടതി ഇടപെടലുകൾ
ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും മറ്റുള്ളവരും സമർപ്പിച്ച ഹർജികളിൽ, 2022 സെപ്റ്റംബറിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകാൻ എട്ടു സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ഉത്തരവിട്ടു. ഹർജിയിൽ 2021ൽ 500ലധികം സംഭവങ്ങളും 2022ൽ പ്രതിമാസം ശരാശരി 45-50 അക്രമങ്ങളും ഉണ്ടാകുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഇടപെടൽ ആരോപണങ്ങൾ ഗൗരവമായി എടുത്തുകൊണ്ടായിരുന്നു. സംസ്ഥാനങ്ങൾക്ക് വിവരങ്ങൾ സമർപ്പിക്കാൻ രണ്ട് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചത്.
ക്രിസ്ത്യൻ സമൂഹത്തിലെ പലരും ഇതിനെ ഉത്തരവാദിത്വത്തിലേക്കുള്ള ഒരു ചുവടുവയ്പായി സ്വാഗതം ചെയ്തു. എന്നിരുന്നാലും, വിഷയം പുരോഗമിച്ചപ്പോൾ, കേന്ദ്രസർക്കാരിന്റെ നിലപാട് പൂർണമായ നിഷേധമായിരുന്നു. 2023 ഏപ്രിലിൽ, സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, പീഡന റിപ്പോർട്ടുകൾ തെറ്റും അതിശയോക്തിയുമാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചു. ഇന്ത്യയിൽ ക്രൈസ്തർക്കെതിരേ വർഗീയ അക്രമമില്ലെന്നുപോലും അവകാശപ്പെട്ടു. കെട്ടിച്ചമച്ച വിവരണങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി സർക്കാർ ഹർജിക്കാരെ കുറ്റപ്പെടുത്തി. ഈ പ്രതികരണം ക്രിസ്ത്യൻ പ്രവർത്തകരിലും അവകാശ സംരക്ഷകരിലും നിരാശയുണ്ടാക്കി. എന്നിരുന്നാലും, സുപ്രീംകോടതി കേസ് തീർപ്പാക്കിയില്ല; 2023-24 വരെ വാദം കേൾക്കൽ തുടർന്നു. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ കോടതികൾ സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
നിലവിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തിന്റെ സാധുത ചോദ്യംചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിട്ടുണ്ട്. മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ പ്രതികരണവും തേടി. സംസ്ഥാനങ്ങൾ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിയമനങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടസിറ്റിസണ് ഫോർ ജസ്റ്റീസ് ആൻഡ് പീസ്’ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണു നടപടി.
നിയമങ്ങൾ പാസാക്കിയ സംസ്ഥാനങ്ങൾ നാലാഴ്ചയ്ക്കകം മറുപടി നൽകണം. ആറാഴ്ചയ്ക്കുശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. നിലവിൽ ഇന്ത്യയിൽ 11 സംസ്ഥാനങ്ങൾ മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് സഭാ സംവിധനങ്ങൾക്ക് തങ്ങളുടെ ആകുലതകൾ സുപ്രീംകോടതിയെ ബോധിപ്പിക്കാനാകണം.
ക്രൈസ്തവർ രാഷ്ട്രീയമായി തീർത്തും നിർണായകമല്ലാത്ത സംസ്ഥാനങ്ങളിലാണ് പീഡനങ്ങൾ കൂടുതൽ. പൊതുവേദികളിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ബിജെപിയുടെ ഉന്നത നേതൃത്വം വളരെ അപൂർവമായി മാത്രമേ പരാമർശിക്കാറുള്ളൂ. പകരം, ബിജെപി നേതാക്കൾ പലപ്പോഴും നിർബന്ധിത മതപരിവർത്തനമെന്ന ആരോപണം മുറുകെപ്പിടിക്കുന്നു. ഉദാഹരണത്തിന്, ഛത്തീസ്ഗഡിലെ പുതിയ ബിജെപി മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, ക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും നൽകുന്നതിന്റെ മറവിൽ ആളുകളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് പരസ്യമായി ആരോപിച്ചു.
കൂടാതെ ക്രൈസ്തവർ നൽകുന്ന പരാതികളിൽ അന്വേഷണമോ കേസെടുക്കൽ പോലുമോ ഇല്ല. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ജയിലിലടയ്ക്കപ്പെട്ട സംഭവത്തിൽ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല. പോലീസ് തന്നെ ഭീഷണിയിൽ പങ്കെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
മതസ്വാതന്ത്ര്യം
ഇന്ത്യയുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 25 എല്ലാ പൗരന്മാർക്കും സ്വതന്ത്രമായി അവരുടെ മതം പ്രഖ്യാപിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നു. എന്നാൽ, ഇന്ത്യയിലെ ക്രൈസ്തവരെ സംബന്ധിച്ച് ഈ അവകാശം പൊള്ളയായിരിക്കുന്നു. വിശ്വാസത്തിന്റെ പ്രചാരണം അല്ലെങ്കിൽ വിശ്വാസം പങ്കിടൽ, അപകടകരമായ പ്രവർത്തനമായി മാറിയിരിക്കുന്നു. മറ്റുള്ളവരുമായി പ്രാർഥിക്കുന്നതോ വിശുദ്ധ ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നതോപോലും മതപരിവർത്തന ആരോപണങ്ങൾക്ക് കാരണമായേക്കാം. ഇന്ത്യൻ ജനാധിപത്യം മതേതരത്വം, എല്ലാ മതങ്ങളുടെയും തുല്യ ബഹുമാനം, സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മോദി സർക്കാരിന്റെ കീഴിലുള്ള പ്രവണതകൾ ഭൂരിപക്ഷവാദത്തിലേക്കുള്ള ഒരു മാറ്റം കാണിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് തങ്ങള്‍ രണ്ടാം തരം പൗരന്മാരായി കൂടുതലായി അനുഭവപ്പെടുന്നു.
ഈ വിഷയങ്ങളിൽ ജുഡീഷറിയുടെ സമീപകാല ഇടപെടൽ ജനാധിപത്യ പരിഹാരത്തിനുള്ള പ്രതീക്ഷ നൽകുന്നുണ്ട്. ഇപ്പോൾ സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്ന നടപടികൾ വേഗത്തിലാക്കുകയും നീതിയുക്തമായ തീരുമാനമുണ്ടാകുകയും ചെയ്യുമെന്നാണ് ക്രൈസ്തവരുടെ പ്രതീക്ഷ. നിർബന്ധിത മതപരിവർത്തനവിരുദ്ധ നിയമങ്ങളുടെ ഏറ്റവും ക്രൂരമായ വശങ്ങൾ റദ്ദാക്കുകയും വർഗീയ അക്രമത്തിനെതിരേ കർശന നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്താൽ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ക്രൈസ്തവരുടെ ആശങ്ക അകറ്റാനും കഴിയും.
രാജ്യം നിയമവാഴ്ചയാലാണ് ഭരിക്കപ്പെടുന്നതെന്നും ഇതിനു വിരുദ്ധമായ അക്രമവും വിദ്വേഷവും കുറ്റകൃത്യങ്ങളും ആരും പ്രോത്സാഹിപ്പിക്കില്ലെന്നുമുള്ള സന്ദേശമാണ് ആഗോളതലത്തിൽ കുതിച്ചുയരുന്ന ഇന്ത്യക്കു നല്ലത്.
(അവസാനിച്ചു)
National
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള വൻതാരയ്ക്കെതിരെ (ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ) അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി.
അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ(എസ്ഐടി) രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ സംഘത്തിന്റെ അധ്യക്ഷനായി ജസ്റ്റീസ് ജെ. ചെലമേശ്വറെ നിയമിച്ചു. പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് നടപടി.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും, മൃഗങ്ങളെ ഏറ്റെടുക്കുന്നതിൽ വന്യജീവി സംരക്ഷണ നിയമത്തിലെയും മറ്റ് നിയമങ്ങളിലെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് എസ്ഐടി അന്വേഷിക്കേണ്ടതുണ്ട്.
ജസ്റ്റീസ് രാഘവേന്ദ്ര ചൗഹാൻ (മുൻ ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ്), ഹേമന്ത് നഗ്രാലെ ഐപിഎസ് (മുൻ മുംബൈ പോലീസ് കമ്മീഷണർ), അനീഷ് ഗുപ്ത ഐആർഎസ് (അഡീഷണൽ കമ്മീഷണർ കസ്റ്റംസ്) എന്നിവരാണ് എസ്ഐടിയിലെ മറ്റ് അംഗങ്ങൾ.
Leader Page
തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് ‘മുല്ലപ്പെരിയാർ 50 അടി ടണൽ അപകടകരം’ എന്ന തലക്കെട്ടിൽ ദീപികയിൽ എഴുതിയ ലേഖനത്തിൽ ഉന്നയിക്കുന്ന വിഷയം കൂടുതൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇവിടെ പ്രശ്നം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടോ അതോ ടണലോ എന്നതാണ്. കേരളത്തിലെ സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും പുതിയ ഡാമിനുവേണ്ടി മുറവിളി കൂട്ടുന്പോഴാണ് കേരളത്തിന്റെ ദീർഘകാല ഭാവിക്കു ഡാം ആണോ നല്ലത് എന്ന ചോദ്യമുയരുന്നത്. പുതിയ അണക്കെട്ട് നല്ലതല്ലെന്നാണ് പി.സി. സിറിയക് ലേഖനത്തിൽ വ്യക്തമാക്കുന്നത്.
അപ്പോൾ പിന്നെ എന്ത് എന്ന ചോദ്യം പ്രസക്തമാണ്. അതിന് അദ്ദേഹം നിർദേശിക്കുന്നത് നിലവിൽ തമിഴ്നാട്ടിലേക്കു വെള്ളമെടുക്കുന്ന ടണലിന്റെ വലിപ്പം കൂട്ടണം എന്നാണ്. ഒരു വിദഗ്ധ ഏജൻസിയും ഇന്നുവരെ അങ്ങനെയൊരു നിർദേശം മുന്നോട്ടു വച്ചിട്ടില്ല. കേരളത്തിൽ അധികമഴ ലഭിക്കുന്ന സന്ദർഭങ്ങളിൽ നിലവിലുള്ള ടണലി
ലൂടെ എത്തുന്ന വെള്ളം മുഴുവൻ പെൻസ്റ്റോക് പൈപ്പിലൂടെ കൊണ്ടുപോകാൻ കഴിയാതെ വരുന്പോൾ ഫോർബെ ഡാമിലെ ഷട്ടർ തുറന്നുവിടാറുണ്ട്. അങ്ങനെ ഷട്ടർ തുറന്നുവിടുന്പോൾ കന്പം-കുമളി റോഡിലെ ഇറച്ചിപ്പാലം (ഇരൈച്ചിൽ പാലം) ഭാഗത്തു റോഡ് തകരുന്നതു പതിവാണ്. അപ്പോൾ പിന്നെ നിലവിലെ ടണലിന്റെ വലിപ്പം കൂട്ടിയാൽ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിലവിലുള്ള ടണലിന്റെ വലിപ്പം കൂട്ടി വെള്ളം കൊണ്ടുപോയാൽ ചിലപ്പോൾ കന്പം, ഗൂഡല്ലൂർ തുടങ്ങിയ ടൗണുകൾകൂടി ഒലിച്ചുപോയേക്കാം.
പിന്നീട് അദ്ദേഹം പറയുന്നത് “ഇപ്പോൾ ചിലർ പറയുന്നതുപോലെ 50 അടി വരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല, അങ്ങനെ വന്നാൽ തമിഴ്നാട് കൂടുതൽ ജലം എടുക്കും” എന്നാണ്. ഇവിടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളത്തിന്റെ യഥാർഥ പ്രശ്നം എന്താണെന്നു ചിന്തിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്പോഴാണ് പെരിയാർ തീരത്തെ ജനങ്ങളുടെ ആശങ്ക വർധിക്കുന്നത്. 2025ലെ കാര്യം തന്നെയെടുക്കാം. ഈ വർഷം വേനൽക്കാലത്ത് ഡാമിലെ ജലനിരപ്പ് 106 അടി വരെ താഴ്ന്നുനിൽക്കുന്ന സമയത്താണ് ജൂണ്‍ ആദ്യ ആഴ്ചയിൽ കാലവർഷം ആരംഭിച്ചത്. വെറും 20 ദിവസംകൊണ്ട്, ജൂണ്‍ 29ന് ഡാം തുറന്നുവിടേണ്ട സ്ഥിതിയുണ്ടായി.
അതായത്, കർക്കടകമാസം തുടങ്ങുന്നതിനു 15 ദിവസം മുന്‍പ് ഡാം തുറക്കേണ്ട സാഹചര്യമുണ്ടായി. അതുകൊണ്ടാണ് 2014ലെ സുപ്രീംകോടതി വിധിയിൽ പറയുന്നത് താഴ്ന്ന വിതാനത്തിൽ പുതിയ ടണൽ നിർമിച്ച് ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്ന്.
നിലവിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഡെഡ് സ്റ്റോറേജ് 106 അടിയാണ്. കാലവർഷം തുടങ്ങുന്നതോടുകൂടി ജലനിരപ്പ് ഉയരാൻ തുടങ്ങുന്നത് 106 അടിയിൽനിന്നാണ്. കാലവർഷം അവസാനിക്കാറാകുന്പോൾ ഡാം ഏതാണ്ട് നിറയും. പിന്നീട് തുലാവർഷംകൂടി എത്തുന്നതോടെ പെരിയാർ തീരം ആശങ്കയിലാകും. അതുകൊണ്ടാണ് 50 അടി ടണൽ എന്ന നിർദേശം 2011ൽ ഈ ലേഖകൻ മുന്നോട്ടു വച്ചത്. ഇന്ത്യയുടെ പരമോന്നത നീതിപീഠവും ഈ ടണലിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.
2014ലെ വിധിയിൽ സുപ്രീംകോടതി അർഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞിരിക്കുന്നു 50 അടി ഉയരത്തിൽ പുതിയ ടണൽ വേണമെന്ന് (പേജ് 151). ഈ ടണൽ നിർമിക്കേണ്ടത് തമിഴ്നാടാണ് (പേജ് 151). ഒരു പുതിയ ഡാം നിർമിക്കുന്നതിനേക്കാൾ എത്രയോ തുച്ഛമായ ചെലവു മാത്രമേ വരൂ ഒരു പുതിയ ടണൽ നിർമിക്കാൻ (പേജ് 151). കോടതി പറയുന്നു, തമിഴ്നാടിന് മുല്ലപ്പെരിയാർ ഡാമിൽനിന്നു കൂടുതൽ ജലം എടുക്കാം (പേജ് 151). ഇതിലെല്ലാമുപരി കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകൾ അവസാനിക്കുമല്ലോയെന്നും സുപ്രീംകോടതി നിരീക്ഷിക്കുന്നു (പേജ് 151).
ചീഫ് ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഇങ്ങനെയൊരു വിധി വന്നിട്ടുണ്ട്. ഇത്തരമൊരു വിധി വന്നത് സെൻട്രൽ വാട്ടർ കമ്മീഷൻ (സിഡബ്ല്യുസി), സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷൻ (സിഎസ്എംആർഎസ്), സെൻട്രൽ വാട്ടർ പവർ കോർപറേഷൻ (സിഡബ്ല്യുപിസി), ഇന്ത്യൻ റെയർ എർത്ത് (ഐആർഇ), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് സുപ്രധാന ഏജൻസികൾ നടത്തിയ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. സുപ്രീംകോടതി ഇത്രയും ഏജൻസികളുടെ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 50 അടിക്ക് ടണലാകാം എന്നു പറയുന്പോൾ, 50 അടിക്ക് ടണൽ അപകടകരം എന്ന് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നത്.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പു താഴ്ന്നാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഭൂഗർഭജലം താഴ്ന്നുപോകും എന്ന വാദവും കൂടുതൽ പഠനവിഷയമാക്കണം. ഒരു നദിയുടെ സ്വാഭാവിക ഒഴുക്ക് ഡാം കെട്ടി തടസപ്പെടുത്തുന്പോൾ എത്ര കിലോമീറ്ററിലാണ് ഭൂഗർഭ ജലം താഴ്ന്നുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ കണക്കുണ്ടോ? ഒരു പ്രദേശത്തെ ഭൂഗർഭജലത്തിന്റെ അളവ് അവിടെ ലഭിക്കുന്ന മഴയുടെ തോതനുസരിച്ചാണ്.
ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂഗർഭജലം ഉണ്ടാകുന്നത് മുല്ലപ്പെരിയാർ ഡാം ഉള്ളതുകൊണ്ടാണ് എന്ന് പറയുന്നതിൽ എത്രമാത്രം ശരിയുണ്ട് എന്നത് പഠിക്കേണ്ടതുതന്നെയാണ്. എന്തായാലും മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടാണോ പുതിയ ടണലാണോ അഭികാമ്യം എന്ന ചർച്ചയാണു നടക്കേണ്ടത്. മറ്റു വഴിക്കു ചർച്ച തിരിച്ചുവിടാൻ ശ്രമിക്കുന്നത് ഒട്ടും ഗുണകരമല്ല.
(ലേഖകൻ മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർപേഴ്സണും ഡാം 999 + 999 എന്ന
ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.)