തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.
ആന്റണി രാജുവിന്റെ ഹര്ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല.
അതേസമയം, ആന്റണി രാജുവിന്റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് പറയുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്റണി രാജു അയോഗ്യനായി.
കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.