ന്യൂഡൽഹി: വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ നിർണായക ഘട്ടത്തിൽ ‘പരിഷ്കാരം, പ്രകടനം, പരിവർത്തനം’ എന്നിവയിലാണ് സർക്കാരിന്റെ ശ്രദ്ധയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണു പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽ ഭാഗം ഇന്ത്യ പൂർത്തിയാക്കി. രണ്ടാം പാദം ആരംഭിക്കുന്പോൾ രാജ്യം നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ്. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക കാലഘട്ടമാണിത്. ഈ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലെ ആദ്യബജറ്റാണിത്.
ഞായറാഴ്ച രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്പായാണു പ്രധാനമന്ത്രിയുടെ പരാമർശം. തുടർച്ചയായി ഒന്പതാം തവണ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വനിതാ ധനമന്ത്രിയാണ് നിർമലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘പരിഷ്കരണ എക്സ്പ്രസ്’ വേഗത്തിൽ ഏറ്റെടുത്തിരിക്കുന്നു. ഇതിലേക്ക് എല്ലാ എംപിമാരുടെയും സംഭാവനകൾക്കു നന്ദി പറയുന്നു. ലോകത്തിന് പ്രതീക്ഷയുടെ ദീപസ്തംഭമായും ആഗോള ആകർഷണകേന്ദ്രമായും ആത്മവിശ്വാസമുള്ള ഇന്ത്യ മാറിയെന്നും പാർലമെന്റിനു പുറത്ത് മോദി മാധ്യമപ്രവർത്തകരോടു പറഞ്ഞു.