ആലപ്പുഴ: ഹരിപ്പാട്ട് പാപ്പാനെ കുത്തിക്കൊന്ന ആനയുടെ സമീപം ആറുമാസം പ്രായമുള്ള കുഞ്ഞുമായി പാപ്പാന്റെ സാഹസം. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ആനയുടെ താത്കാലിക പാപ്പാൻ അഭിലാഷിന്റെ കുട്ടിയാണിത്. ഇതിനിടെ കുട്ടി അഭിലാഷിന്റെ കൈയിൽ നിന്നും ആനയുടെ കാൽ ചുവട്ടിലേക്ക് വീഴുകയും ചെയ്തു.
ചോറൂണിന് വേണ്ടിയാണ് കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ആനയുടെ തുമ്പി കൈയുടെ അടിയിലൂടെ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോയി. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് അഭിലാഷിന്റെ കൈയില്‍ നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല് ചുവട്ടിലേക്ക് വീണത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിപ്പാട് സ്കന്ദന് എന്ന ഈ ആന പുറത്തിരുന്ന രണ്ട് പേരെ വലിച്ച് താഴെയിടുകയും ഒന്നാം പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയ്ക്കാന്‍ ശ്രമിച്ചു. ഇയാളെയും ആന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
സംഭവം പുറത്തുവന്നതോടെ താത്കാലിക പാപ്പാൻ അഭിലാഷിനെ ജോലിയിൽ നിന്നും മാറ്റി നിര്‍ത്തി. കുട്ടിയുടെ പേടി മാറാനാണ് ആനയുടെ അടിയിലൂടെ പോയതെന്ന് ഇയാൾ ക്ഷേത്രം ഭാരവാഹികളോടു പറഞ്ഞു.