മുംബൈ: കഴിഞ്ഞയാഴ്ചയിലെ തുടർച്ചയായ അഞ്ചു വ്യാപാര ദിനവും തകർച്ചയിലായിരുന്ന ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നേട്ടത്തിലേക്കു തിരിച്ചുവന്നു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയാണ് ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ വലിയ ഇടിവിലായിരുന്ന സെൻസെക്സ്, നിഫ്റ്റി സൂചികകളെ ലാഭത്തിലേക്കു തിരിച്ചെത്തിച്ചത്.
തുടക്കത്തിലെ വ്യാപാരത്തിൽ സെൻസെക്സ് 715.15 പോയിന്റ് ഇടിഞ്ഞ് 82,861ലേക്കും നിഫ്റ്റി 25,500 പോയിന്റിൽനിന്ന് 25,473.40ലേക്കും വീണു.
വിപണി തകർച്ചയിലേക്ക് എന്നു കരുതിയിരിക്കേയാണു വ്യാപാര ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന ഗോറിന്റെ പ്രസ്താവന വന്നത്. ഇതോടെ വിപണിയിൽ ഉണർവുണ്ടായി. തകർച്ചയിൽനിന്ന് 1000 പോയിന്റ് തിരിച്ചുപിടിച്ച സെൻസെക്സ് 302 പോയിന്റ് (0.36%) ലാഭത്തിൽ 83,878.17ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 107 പോയിന്റ് (0.42%) നേട്ടത്തിൽ 25,790ൽ വ്യാപാരം പൂർത്തിയാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇന്ത്യ സന്ദർശിക്കുമെന്നും ഗോർ പറഞ്ഞു.
വിപണിയുടെ പെട്ടെന്നുള്ള തിരിച്ചുവരവിനു പിന്നിൽ
1) ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ പ്രതീക്ഷകൾ: വാഷിംഗ്ടണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയെപ്പോലെ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്നും വ്യാപാരക്കരാർ ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും സജീവമായി ഇടപെടുന്നുണ്ടെന്നും സെർജിയോ ഗോർ പറഞ്ഞു.
യഥാർഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം, എന്നാൽ, അവസാനം അവർ അവ പരിഹരിക്കുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തെ പരാമർശിച്ച് അദ്ദേഹം തന്റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കി.
നിർണായക ധാതുക്കളുടെ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യമായ പാക്സ് സിലിക്കയിൽ ചേരാൻ ഇന്ത്യയെ അടുത്ത മാസം ഒൗദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും സുസ്ഥിരവുമായ വിതരണ ശൃംഖല ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് സംരംഭമായ പാക് സിലിക്കയിലേക്ക് ഗോർ ഇന്ത്യയെയും ക്ഷണിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, ഇസ്രയേൽ, സിംഗപ്പുർ, യുഎഇ, ഓസ്ട്രേലിയ എന്നിവ നിലവിൽ ഇതിൽ അംഗങ്ങളാണ്. കൂടാതെ തായ്വാൻ, യൂറോപ്യൻ യൂണിയൻ, കാനഡ, ഒഇസിഡി എന്നിവ അതിഥികളാണ്.
2) കുറഞ്ഞ വിലയിൽ വാങ്ങാൻ ആവേശം: കഴിഞ്ഞ ആഴ്ചയിലെ തുടർച്ചയായ അഞ്ച് വ്യാപാര സെഷനുകളിലുണ്ടായ ഇടിവിനു ശേഷം, ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങാൻ നിക്ഷേപകർ താത്പര്യം കാണിച്ചതും വിപണിയുടെ തിരിച്ചുവരവിന് കരുത്തായി.
ലാഭമെടുപ്പ്, വിദേശ ഫണ്ട് പുറത്തേക്കൊഴുകുന്നത്, ഇന്ത്യൻ കയറ്റുമതിക്ക് മേൽ യുഎസ് കൂടുതൽ നികുതികൾ ചുമത്തിയേക്കാമെന്ന ആശങ്ക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ വലിയ സമ്മർദം ചെലുത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങളിലായി ബിഎസ്ഇ സെൻസെക്സ് 2,185.77 പോയിന്റ് (2.54 ശതമാനം) ഇടിഞ്ഞു. നിഫ്റ്റി 645.25 പോയിന്റ് (2.45 ശതമാനം) നഷ്ടവും രേഖപ്പെടുത്തിയത്.
3) ബാങ്കിംഗ് ഓഹരികൾ വാങ്ങൽ: തുടക്കത്തിൽ തകർച്ചയിലായിരുന്ന നിഫ്റ്റി ബാങ്ക് സൂചിക ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെക്കുറിച്ചുള്ള യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയ്ക്കുശേഷം മുന്നേറ്റം നടത്തി. വ്യാപാരത്തിനിടെ സൂചിക 677 പോയിന്റ് ഉയർന്ന് ദിവസത്തെ ഉയർന്ന നിലയായ 59541 പോയിന്റിലെത്തി. അവസാനം 199 പോയിന്റ്് ലാഭത്തിൽ 59,450.50ൽ വ്യാപാരം പൂർത്തിയാക്കി.