ലണ്ടൻ: മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയായ മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുണൈറ്റഡ് കിംഗ്ഡത്തിന്റെ (എംടിഡിയുകെ) നാലാമത് വാർഷിക സമ്മേളനം ഫെബ്രുവരി ആറ് മുതൽ എട്ട് വരെ നടക്കും.
ഡർബിഷെയറിലെ ലെ മാറ്റ്ലോക് ലീ ഗ്രീൻ ഔട്ട്ഡോർസിൽ നടക്കുന്ന കൂട്ടായ്മയ്ക്ക് അനിൽ അബ്രാഹം, റോയ് തോമസ്, ജെയ്ൻ ജോസഫ്, അമൽ പയസ്, ജിബിൻ ജോസഫ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
യുകെയുടെ വടക്ക് ജോൺ ഓ ഗ്രോട്സ് മുതൽ തെക്ക് ലാൻഡസ് എൻട് വരെയുള്ള മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മ 2021ൽ ബിജു തോമസ്, റോയ് തോമസ്, റിജു ജോണി, റജി ജോണി, അരുൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്.
കൂട്ടായ്മയുടെ പ്രഥമ സമ്മേളനം 2022 ഫെബ്രുവരിയിൽ പീക്ക് ഡിസ്ട്രകറ്റിൽ വച്ച് കോശി വർഗീസിന്റെ നേതൃത്തിൽ വിജയകരമായി നടത്തിയിരുന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ സൗഹൃദ കൂട്ടായ്മ കൂടുതല്‍ മനോഹരമായി വാർഷികം ആഘോഷിച്ച് വരുന്നു.
മലയാളി ട്രക്കിംഗ് ഡ്രൈവിംഗ് കൂട്ടായ്മ രൂപം കൊണ്ടത് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ പങ്കുവയ്ക്കുവാനും സുരക്ഷിത ഡ്രൈവിംഗിനുള്ള പരിശീലനങ്ങളും അടിയന്തര സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ഒരു കൈത്താങ്ങും ആകുകയെന്ന ലക്ഷ്യത്തോടെയാണ്.