മലപ്പുറം: നിലന്പൂർ റെയിൽവേ സ്റ്റേഷൻ അടിപ്പാതയുടെ നിർമാണ പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഒരു മാസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കേരള സ്റ്റേറ്റ് റെയിൽവേ ഡവലപ്മെന്റ് കോർപറേഷന് നിർദേശം നൽകി.
കോർപറേഷൻ എംഡി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അടിപ്പാതയുടെ നിർമാണം പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞതായി കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. എന്നാൽ ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കാമെന്ന് കോർപറേഷൻ നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. നിർമാണം കാരണം നിലന്പൂർ താലൂക്കിലെ ജനജീവിതം ദുസഹമായെന്നും പരാതിയിൽ പറയുന്നു.
റെയിൽവേയും കേരള സർക്കാരും 50 :50 അനുപാതത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു ദിവസം 16 തവണയാണ് നിലന്പൂർ റെയിൽവേ ക്രോസ് അടയ്ക്കുന്നത്. ഇതൊഴിവാക്കാനാണ് അടിപ്പാത നിർമിക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
2024 മാർച്ച് ഒന്നിനാണ് അടിപ്പാതയുടെ ഡിസൈൻ റെയിൽവേ അംഗീകരിച്ചത്. 2024 ഏപ്രിൽ 27 ന് നിർമാണം തുടങ്ങി. 2025 മേയിലാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും നിർമാണത്തിന് തടസം നേരിട്ടു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ നടപടികൾ കോർപറേഷൻ സ്വീകരിച്ചുവരുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. കെ.ആർ. അഭിഷേക് സമർപ്പിച്ച പരാതിയിലാണ് നടപടി.