കോഴിക്കോട്: വാഹന മോഷണക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽനിന്നും ചാടിപ്പോയി. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് വാഹനം നിർത്തിയപ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ട് കടന്നുകളഞ്ഞത്. വയനാട്ടിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതി സുഹാസ് (അപ്പു - 33) ചാടിപ്പോയത്.
ബത്തേരി പോലീസ് തൃശൂരിൽനിന്ന് പിടികൂടിയ പ്രതിയെ വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്. കോഴിക്കോട് ചേവായൂരിന് സമീപത്തുവച്ചായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചു.
നിരവധി കേസുകളിൽ പ്രതിയാണ് തൃശൂർ ചന്ദ്രാപിന്നി സ്വദേശിയായ സുഹാസ്. ഈ മാസം നാലിന് രാത്രി പത്തോടെ ബത്തേരി കല്ലൂരിന് സമീപം ദേശീയപാത 766ൽ കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി സന്തോഷ്കുമാർ (53), ഡ്രൈവർ ബാലുശേരി സ്വദേശി ജിനേഷ് (48) എന്നിവരെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലാണ് സുഹാസിനെ പിടികൂടിയത്. എട്ടുപേരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്.
കാർ ഭാഗികമായി കുത്തിപ്പൊളിച്ച് കേടുപാടുകൾ വരുത്തി ഉപേക്ഷിച്ച നിലയിൽ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ സംസ്ഥാന അതിർത്തിക്കടുത്ത് അഞ്ചിന് പുലർച്ചെ കണ്ടെത്തിയിരുന്നു. വാഹനം കവർച്ച ചെയ്യാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് പുൽപള്ളി സീതാമൗണ്ട്, പുതുച്ചിറ വീട്ടിൽ രാജനെ (61) വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കാറിന്റെ ഡാഷ് ബോർഡ് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പോലീസ് രാജനെ പിടികൂടിയത്.